പ്രതിശ്രുത വരൻ ഓണസമ്മാനമായി നൽകിയ സ്വർണവളത്തിലൂടെ ദുബായിലെ മലയാളി യുവതിക്ക് ലഭിച്ചത് ഏകദേശം രണ്ടരക്കോടി രൂപ (10 ലക്ഷം ദിർഹം). ദുബായ് സമ്മർ സർപ്രൈസസ് (ഡിഎസ്എസ്) നറുക്കെടുപ്പിലാണ് ദുബായ് കരാമയിൽ ജ്വല്ലറി ജീവനക്കാരിയായ സ്വീറ്റി സ്റ്റാൻലി (23) ഈ ഭാഗ്യം നേടിയത്.
സ്വീറ്റി ജോലി ചെയ്യുന്ന ജ്വല്ലറിയിൽനിന്നുതന്നെയാണ് പ്രതിശ്രുത വരൻ കെ.എം. അഭിൽ ഈ വള സമ്മാനമായി വാങ്ങിയത്. വള വാങ്ങുമ്പോൾ ലഭിച്ച ഡിഎസ്എസ് റാഫിൾ കൂപ്പൺ പൂരിപ്പിക്കാൻ സഹപ്രവർത്തകർ നിർബന്ധിച്ചു. തിരക്കിനിടെ ഫോൺ നമ്പർ തെറ്റായി നൽകിയെങ്കിലും തിരുത്താൻ ശ്രമിക്കാതെ സ്വീറ്റി അത് അവഗണിച്ചു.
സമ്മാനം അടിച്ചെന്ന് അറിയിച്ചുകൊണ്ട് ഡിഎസ്എസ് അധികൃതർ വിളിച്ചപ്പോൾ, ഒരു തട്ടിപ്പ് കോളാണെന്ന് കരുതി സ്വീറ്റി ഫോൺ കട്ട് ചെയ്തു. അടുത്തിടെ തട്ടിപ്പ് കോളുകൾ വന്നിരുന്നതിനാൽ ഇത് മറ്റൊരു തട്ടിപ്പായിരിക്കുമെന്ന് അവൾ കരുതി. എന്നാൽ, ഡിഎസ്എസ് അധികൃതർ സ്വീറ്റിയുടെ ജ്വല്ലറിയിലെ മാനേജരെ വിളിച്ചപ്പോൾ മാത്രമാണ് അവർക്ക് ഇത് തട്ടിപ്പല്ലെന്ന് മനസ്സിലായത്.
ഏകദേശം ഒരു വർഷം മുൻപാണ് നാട്ടിൽവെച്ച് സ്വീറ്റിയുടെയും അഭിലിന്റെയും വിവാഹനിശ്ചയം നടന്നത്. ആദ്യം ദുബായിലേക്ക് വരാൻ ഇരുവർക്കും താല്പര്യമില്ലായിരുന്നെങ്കിലും ബന്ധുക്കളുടെ നിർബന്ധം കാരണം അവർ ദുബായിലെത്തി. അബുദാബിയിൽ അഭിലിന് ജോലി ലഭിച്ചു. സ്വീറ്റിക്ക് കരാമയിലെ ജ്വല്ലറിയിൽ കസ്റ്റമർ റിലേഷൻ മാനേജറായും ജോലി ലഭിച്ചു.
“ഇത്ര വലിയൊരു സമ്മാനം ദുബായ് ഞങ്ങൾക്കുവേണ്ടി ഒരുക്കിവെച്ചിട്ടുണ്ടെന്ന് ഞങ്ങൾ അറിഞ്ഞില്ല,” സ്വീറ്റി സന്തോഷത്തോടെ പറഞ്ഞു. സമ്മാനത്തുക എന്ത് ചെയ്യണമെന്ന് ഇവർ ഇതുവരെ തീരുമാനിച്ചിട്ടില്ല. എങ്കിലും അടുത്ത വർഷം നടക്കാനിരിക്കുന്ന വിവാഹത്തിനും വീട് പുതുക്കിപ്പണിയുന്നതിനും ഈ പണം ഉപയോഗിക്കാനാണ് ഇരുവരുടെയും തീരുമാനം. “നന്ദി ദുബായ്… ഹൃദയം നിറഞ്ഞ നന്ദി,” ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t