സേവിങ്സ് അക്കൗണ്ടിൽ എത്ര പണം സൂക്ഷിക്കണം? ബാക്കി തുക എവിടെ നിക്ഷേപിക്കണം? പ്രവാസികളെ ഇങ്ങനെ പ്ലാൻ ചെയ്ത് നോക്കൂ

നമ്മുടെ ദീർഘകാല സാമ്പത്തിക സുരക്ഷിതത്വത്തിനും സ്ഥിരതയ്ക്കും പണം കൃത്യമായി കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാൽ, ഇന്നും ഭൂരിഭാഗം ആളുകളും ചെയ്യുന്ന ഒരു വലിയ തെറ്റുണ്ട്—തങ്ങളുടെ സമ്പാദ്യം മുഴുവൻ ഒരു സാധാരണ സേവിങ്സ് അക്കൗണ്ടിൽ തന്നെ ഇട്ടു വെയ്ക്കുക എന്നത്. ആവശ്യങ്ങൾക്കും അപ്പുറം പണം സേവിങ്സ് അക്കൗണ്ടിൽ കിടക്കുന്നത് വഴി വലിയൊരു ലാഭം നേടാനുള്ള അവസരമാണ് നിങ്ങൾ നഷ്ടപ്പെടുത്തുന്നത്. സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഒരു മാസത്തെ ചെലവുകൾക്ക് ആവശ്യമായ തുക മാത്രമേ സേവിങ്സ് അക്കൗണ്ടിൽ സൂക്ഷിക്കേണ്ടതുള്ളൂ.
50/30/20 നിയമം പാലിക്കുക
സാമ്പത്തിക അച്ചടക്കം വളർത്താൻ ഏറ്റവും ലളിതവും ഫലപ്രദവുമായ ഒരു ഫോർമുലയാണ് 50/30/20 റൂൾ. ഇതിലൂടെ നിങ്ങളുടെ വരുമാനത്തെ മൂന്നായി തിരിക്കാം. വരുമാനത്തിന്റെ 50 ശതമാനം ഭാഗം വീട്ടുവാടക, ലോണുകൾ, ബില്ലുകൾ, പലചരക്ക് സാധനങ്ങൾ, കുട്ടികളുടെ പഠനച്ചെലവ് തുടങ്ങിയ ഒഴിവാക്കാനാവാത്ത അത്യാവശ്യ കാര്യങ്ങൾക്കായി മാറ്റിവെയ്ക്കുക. അടുത്ത 30 ശതമാനം നിങ്ങളുടെ ജീവിതശൈലി ചെലവുകൾക്കായാണ്, അതായത് യാത്രകൾ, ഷോപ്പിങ്, വിനോദങ്ങൾ തുടങ്ങിയ ആഗ്രഹങ്ങൾക്കായി ഈ തുക വിനിയോഗിക്കാം. ബാക്കി വരുന്ന 20 ശതമാനം നിങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. അടിയന്തിര ഘട്ടങ്ങളിലേക്കുള്ള ഫണ്ട്, റിട്ടയർമെന്റ് കാലത്തേക്കുള്ള നിക്ഷേപം എന്നിവയ്ക്കായി ഈ തുക നിർബന്ധമായും മാറ്റി നിക്ഷേപിക്കണം. ഉദാഹരണത്തിന് നിങ്ങളുടെ മാസശമ്പളം 30,000 രൂപയാണെങ്കിൽ കുറഞ്ഞത് 6,000 രൂപയെങ്കിലും ഈ രീതിയിൽ മാറ്റി നിക്ഷേപിക്കേണ്ടതുണ്ട്.
എന്തുകൊണ്ട് സേവിങ്സ് അക്കൗണ്ടിൽ അമിതമായി പണം നിക്ഷേപിക്കരുത്?
സേവിങ്സ് അക്കൗണ്ടുകൾ ആവശ്യത്തിന് പണലഭ്യത നൽകുമെങ്കിലും, അവയിൽ നിന്ന് ലഭിക്കുന്ന പലിശ നിരക്ക് വളരെ കുറവാണ്. അമിതമായി പണം അക്കൗണ്ടിൽ കിടക്കുന്നത് ബാങ്കുകൾക്ക് ലാഭമാണെങ്കിലും, പണപ്പെരുപ്പത്തെ മറികടക്കാൻ ആ പലിശ നിരക്ക് ഒട്ടും പര്യാപ്തമല്ല. അതിനാൽ ദൈനംദിന ആവശ്യത്തിനുള്ള പണം മാത്രം അക്കൗണ്ടിൽ നിലനിർത്തുക.
ബാക്കി പണം എവിടെ നിക്ഷേപിക്കാം?
അക്കൗണ്ടിൽ അധികമുള്ള തുക മികച്ച റിട്ടേൺസ് നൽകുന്ന മറ്റ് സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറ്റുകയാണ് ബുദ്ധി. ഇതിനായി ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകൾ (FD), പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികൾ, കേന്ദ്ര-സംസ്ഥാന സർക്കാർ സുരക്ഷയുള്ള നിക്ഷേപങ്ങൾ എന്നിവയോടൊപ്പം മ്യൂച്വൽ ഫണ്ടുകളും ഓഹരി വിപണിയും തിരഞ്ഞെടുക്കാവുന്നതാണ്.
നിങ്ങളുടെ പ്രായവും റിസ്ക് എടുക്കാനുള്ള ശേഷിയും പരിഗണിച്ചു വേണം എപ്പോഴും നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാൻ. കരിയർ തുടങ്ങിയ ഒരു ചെറുപ്പക്കാരൻ വെറും എഫ്.ഡിയിൽ മാത്രം ഒതുങ്ങാതെ മ്യൂച്വൽ ഫണ്ടുകൾ പോലുള്ള മേഖലകൾ നോക്കുന്നതാണ് നല്ലത്. അതേസമയം, റിട്ടയർമെന്റിനോട് അടുത്ത മുതിർന്ന പൗരന്മാർ സുരക്ഷിതമായ സർക്കാർ പദ്ധതികൾ തിരഞ്ഞെടുക്കണം. സംശയങ്ങളുണ്ടെങ്കിൽ ഒരു അംഗീകൃത സാമ്പത്തിക ഉപദേശകന്റെ സഹായം തേടാവുന്നതാണ്.
Comments (0)