പ്രവാസികൾക്ക് സന്തോഷവാർത്ത; കേരളത്തിൻ്റെ സ്വന്തം വിമാനക്കമ്പനി ‘കോ-കേരളം’ വരുന്നു, കുറഞ്ഞ നിരക്കിൽ ഇനി യാത്ര ചെയ്യാം

കേരളത്തിന്റെ ആകാശസ്വപ്നങ്ങൾക്ക് വീണ്ടും ചിറകു മുളയ്ക്കുന്നു. പ്രവാസികൾക്കും സാധാരണക്കാർക്കും ഒരുപോലെ ആശ്വാസമേകുന്ന രീതിയിൽ സഹകരണ മേഖലയുടെ കരുത്തിൽ ‘കോ-കേരളം’ എന്ന പേരിൽ പുതിയ റീജണൽ എയർലൈൻ പദ്ധതി അണിയറയിൽ ഒരുങ്ങുകയാണ്. വിമാനയാത്രയ്ക്ക് ട്രെയിൻ ടിക്കറ്റ് നിരക്കിന് തുല്യമായ തുക മാത്രം ഈടാക്കിക്കൊണ്ട് സാധാരണക്കാർക്ക് ആഭ്യന്തര വിമാനയാത്ര സാധ്യമാക്കുകയാണ് ഈ വിപ്ലവകരമായ പദ്ധതിയുടെ ലക്ഷ്യം. കോഴിക്കോട് നടന്ന ചടങ്ങിൽ എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ. വിജയകൃഷ്ണനാണ് പദ്ധതിയുടെ പ്രാഥമിക വിവരങ്ങൾ പുറത്തുവിട്ടത്. ലോകത്തിന്റെ വിവിധ കോണുകളിലുള്ള ലക്ഷക്കണക്കിന് പ്രവാസികൾക്ക് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ സർവീസ് വലിയ ഉപകാരപ്പെടുമെന്നാണ് കരുതപ്പെടുന്നത്. കേരളത്തിന് പുറത്ത് ചെന്നൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ വന്നിറങ്ങുന്ന പ്രവാസികൾക്ക് പലപ്പോഴും തങ്ങളുടെ നാട്ടിലെ വിമാനത്താവളങ്ങളിലേക്ക് എത്താൻ വലിയ തുക നൽകേണ്ടി വരാറുണ്ട്. ‘കോ-കേരളം’ സർവീസ് ആരംഭിക്കുന്നതോടെ ബെംഗളൂരു, ചെന്നൈ, മംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നിന്ന് കുറഞ്ഞ നിരക്കിൽ കണ്ണൂർ, കരിപ്പൂർ, കൊച്ചി വിമാനത്താവളങ്ങളിലേക്ക് പ്രവാസികൾക്ക് എത്താൻ സാധിക്കും. കൂടാതെ, അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിലേക്ക് വരേണ്ടി വരുന്ന പ്രവാസികൾക്കായി വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് വരെ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിൽ വളരെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാവുന്ന പ്രത്യേക പാക്കേജും കമ്പനി വിഭാവനം ചെയ്യുന്നുണ്ട്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) മാതൃകയിൽ സഹകരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും നിക്ഷേപം സമാഹരിച്ചാകും കമ്പനി രൂപീകരിക്കുക. മുഖ്യമന്ത്രി ചെയർമാനും സഹകരണ മന്ത്രി വൈസ് ചെയർമാനുമായിട്ടുള്ള ഭരണസംവിധാനമാകും കമ്പനിക്കായി ഒരുക്കുക. പ്രാരംഭ ഘട്ടത്തിൽ കേരളത്തിലെ 200 പ്രമുഖ സഹകരണ സംഘങ്ങൾ രണ്ട് കോടി രൂപ വീതം നിക്ഷേപം നടത്തും. ഇതുവഴി സമാഹരിക്കുന്ന 400 കോടി രൂപയുടെ മൂലധനമുപയോഗിച്ചാകും പ്രവർത്തനങ്ങൾ ആരംഭിക്കുക.

കൊച്ചി ആസ്ഥാനമാക്കി ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളെ പരസ്പരം ബന്ധിപ്പിച്ചാകും ആദ്യഘട്ടത്തിൽ വിമാനങ്ങൾ പറന്നുയരുക.

പ്രധാന റൂട്ടുകൾ: കണ്ണൂർ, കരിപ്പൂർ, മംഗളൂരു, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, മധുര.‌

ടിക്കറ്റ് നിരക്ക്: 3,500 രൂപ മുതൽ 7,000 രൂപ വരെയായിരിക്കും നിരക്ക്.

സ്പെഷ്യൽ ഓഫർ: വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് വരെ സീറ്റുകൾ ഒഴിവുണ്ടെങ്കിൽ അവ വളരെ കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് നൽകുന്ന തന്ത്രവും കമ്പനി ആവിഷ്കരിക്കുന്നുണ്ട്. ഇത് അടിയന്തര യാത്രക്കാർക്കും പ്രവാസികൾക്കും വലിയ ഗുണകരമാകും

തുടക്കത്തിൽ വിമാനങ്ങൾ സ്വന്തമായി വാങ്ങുന്നതിന് പകരം പാട്ടത്തിന് (Lease) എടുക്കാനാണ് തീരുമാനം. 72 സീറ്റുകളുള്ള രണ്ട് എടിആർ (ATR) വിമാനങ്ങളാകും ആദ്യഘട്ടത്തിൽ വാടകയ്‌ക്കെടുക്കുക. പദ്ധതി വിജയിക്കുന്നതനുസരിച്ച് വിമാനങ്ങളുടെ എണ്ണം നാലായും പിന്നീട് ആറായും വർദ്ധിപ്പിക്കും. ഈ പദ്ധതി വഴി നേരിട്ട് 200 ഓളം പേർക്ക് തൊഴിൽ നൽകാനും ഇതിനൊപ്പം ഒരു ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്. സ്വകാര്യ മേഖലയിൽ പ്രഖ്യാപിക്കപ്പെട്ട ‘എയർ കേരള’യും അൽഹിന്ദ് എയറും നിലവിൽ വിമാനങ്ങൾ പാട്ടത്തിന് കിട്ടാതെ കടുത്ത പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് കോ-കേരളത്തിന്റെ വരവ്. വിദേശ ലീസിങ് കമ്പനികളുടെ കർശന നിലപാടുകളാണ് പലർക്കും തിരിച്ചടിയായത്. മുൻപ് ഇന്ത്യയിലെ ചില കമ്പനികൾ തകർന്നത് മൂലം ഉണ്ടായ നഷ്ടം കണക്കിലെടുത്ത്, ഇപ്പോൾ ഒരു വർഷത്തെ വാടക മുൻകൂറായി നൽകുകയോ 200 കോടി രൂപ ബാങ്ക് ബാലൻസ് കാണിക്കുകയോ വേണമെന്നാണ് പാട്ടക്കമ്പനികളുടെ ആവശ്യം. എന്നാൽ സർക്കാർ പിന്തുണയുള്ള സഹകരണ മേഖലയ്ക്ക് ഈ പ്രതിസന്ധി എളുപ്പത്തിൽ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ. ഒരു എയർലൈനിന്റെ മൊത്തം ചെലവിന്റെ 40 ശതമാനത്തോളം വരുന്ന ഇന്ധനച്ചെലവും വമ്പൻ കമ്പനികളുമായുള്ള മത്സരവുമാണ് പ്രധാന വെല്ലുവിളികൾ. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ എൻഒസിയും ഡിജിസിഎയുടെ അനുമതിയും പദ്ധതിക്ക് അനിവാര്യമാണ്. എങ്കിലും കേരളത്തിലെ 35 ലക്ഷത്തിലധികം വരുന്ന പ്രവാസികൾക്കും ടൂറിസം മേഖലയ്ക്കും ഈ പദ്ധതി വലിയൊരു മുതൽക്കൂട്ടാകും. ഒരു വർഷം വിമാനത്തിൽ ആരും കയറിയില്ലെങ്കിൽ പോലും പരമാവധി 32 കോടി രൂപ മാത്രമായിരിക്കും നഷ്ടം വരികയെന്നാണ് പ്രാഥമിക വിലയിരുത്തൽ. ആദ്യ രണ്ട് വർഷത്തെ പ്രവർത്തനത്തിന് ശേഷം കമ്പനി ലാഭത്തിലേക്ക് മാറുമെന്നും സി.എൻ. വിജയകൃഷ്ണൻ പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള പിന്തുണ കൂടി ലഭിക്കുന്നതോടെ കേരളത്തിന്റെ ഈ ആകാശസ്വപ്നം ഉടൻ യാഥാർത്ഥ്യമാകും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy