
വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ഖത്തറിൽ നഴ്സിങ് ജോലി നേടിയ 27 പേരെ രാജ്യത്തുനിന്ന് പുറത്താക്കി. ഇവർക്ക് ഖത്തറിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നതിന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഉദ്യോഗാർഥികളുടെ രജിസ്ട്രേഷൻ, പ്രൊഫഷണൽ ലൈസൻസ് നടപടികൾ എന്നിവയ്ക്കിടെയാണ് ഇവർ സമർപ്പിച്ച പ്രവൃത്തിപരിചയ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ആറുമാസത്തിനിടെയാണ് 27 പേരെ പിടികൂടിയത്.
രേഖകളുടെ പ്രാഥമിക പരിശോധനയിൽ തന്നെ സർട്ടിഫിക്കറ്റുകളിൽ ക്രമക്കേടുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനകൾക്ക് ശേഷമാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. ആരോഗ്യ മേഖലയിലെ പ്രൊഫഷണൽ ലൈസൻസിങ് നടപടികളിൽ രേഖകളുടെ ആധികാരികത ഉറപ്പാക്കുന്നതിനുള്ള പരിശോധനകൾ ശക്തമാക്കിയതിന്റെ ഭാഗമായാണ് നടപടി.