
road accident expat malayali dies; സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു. ആലപ്പുഴ കാർത്തികപ്പള്ളി പുതുക്കുണ്ടം സുനിത് ഭവനത്തിൽ സുനിത്ത് സുധാകരൻ (39) ആണ് മരിച്ചത്. മൂന്ന് വർഷത്തെ പ്രവാസജീവിതത്തിന് ഒടുവിലാണ് സുനിത്തിന്റെ ആകസ്മിക വിയോഗം. സെപ്റ്റംബർ 19-ന് ഹായിലിൽ നിന്ന് ബുറൈദയിലേക്ക് മടങ്ങുന്നതിനിടെ ഐനുൽ ജുവയിൽ വെച്ചായിരുന്നു സുനിത്ത് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ ബുറൈദ സെൻട്രൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുറൈദയിലെ ‘ബ്രിട്ടീഷ് ഷെഫ്’ എന്ന കമ്പനിയിൽ കഴിഞ്ഞ മൂന്ന് വർഷമായി സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. സുനിത്തിനൊപ്പം സൗദിയിലുണ്ടായിരുന്ന ഭാര്യ അഞ്ചു സജീന്ദ്രൻ, അഞ്ചു വയസ്സുകാരനായ മകൻ ശിവാംശ് സുനിത്ത് എന്നിവരെ അപകടവിവരമറിഞ്ഞയുടൻ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നിയമ, യാത്രാ രേഖകൾ പൂർത്തിയാക്കി നേരത്തെ നാട്ടിലേക്ക് അയച്ചിരുന്നു. ഭർത്താവിനൊപ്പം നാട്ടിലേക്ക് സന്തോഷത്തോടെ മടങ്ങേണ്ടിയിരുന്ന കുടുംബം കണ്ണീരോടെയാണ് മടങ്ങിയത്. റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥനായ സുധാകരനാണ് സുനിത്തിന്റെ പിതാവ്, മാതാവ്: രോഹിണി. സഹോദരി: ഡോ. സുനിത. ബുറൈദയിലെ പ്രമുഖ ജീവകാരുണ്യ-സാമൂഹിക പ്രവർത്തകരായ ഫൈസൽ ആലത്തൂർ, പർവേസ് തലശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് മരണാനന്തര നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കിയത്. നാട്ടിലെത്തിച്ച മൃതദേഹം മുതുകാട്ടുകരയിലെ കുടുംബ വസതിയിൽ സംസ്കരിക്കും.