
Houthi attack Saudi Arabia; സൗദി അറേബ്യയിലെ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. ദമാം കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിലും അരാംകോയുടെ ഷൈബ എണ്ണപ്പാടത്തുമാണ് ആക്രമണമുണ്ടായത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇന്ത്യൻ എംബസി അതീവ ജാഗ്രതാ നിർദേശം നൽകി. ബുധനാഴ്ച രാത്രി ദമാം കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ഗ്രൗണ്ട് സപ്പോർട്ട് സ്റ്റാഫായ ഉത്തർപ്രദേശ് ഗോരഖ്പുർ സ്വദേശി കമലേഷ് പാണ്ഡെ (37), ഒരു സൗദി പൗരൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ 8 പേർക്ക് പരുക്കേറ്റു. വിമാനത്താവളത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും അറ്റകുറ്റപ്പണികൾക്ക് ശേഷം സർവീസുകൾ പുനരാരംഭിച്ചു. ഇതേ വിമാനത്താവളത്തിന് നേരെ ഈ മാസം 11-നും ആക്രമണം നടന്നിരുന്നു. സൗദി ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ ഷൈബ എണ്ണപ്പാടത്തിനു നേരെ നടന്ന ആക്രമണത്തിൽ ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളായ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. ഇവിടെ ഒരു ഇന്ത്യക്കാരനും പാക്കിസ്ഥാൻ സ്വദേശിക്കും പരുക്കേറ്റിട്ടുണ്ട്. ഈ മാസം ആദ്യം റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിലും ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടിരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ അരാംകോയുടെ ദഹ്റാനിലുള്ള ആസ്ഥാന മന്ദിരം ചരിത്രത്തിലാദ്യമായി പൂർണമായും ഒഴിപ്പിച്ചു. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ മാനേജ്മെന്റ് നിർദേശിച്ചു. അതേസമയം, റിയാദിലെ പ്രതിരോധ മന്ത്രാലയത്തിനും യാൻബുവിലെ അരാംകോ കയറ്റുമതി കേന്ദ്രത്തിനും നേരെ ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടെങ്കിലും സൗദി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. റിയാദിലും മദീനയിലും എത്തിയ ഡ്രോണുകൾ സൗദി സൈനികസഖ്യം ആകാശത്തുവെച്ചുതന്നെ തകർത്തു. വിമാനത്താവളങ്ങൾക്കും ഊർജകേന്ദ്രങ്ങൾക്കും നേരെയുണ്ടാകുന്ന ഇത്തരം ഭീകരാക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സൗദിയിലുള്ള മുഴുവൻ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി നിർദേശിച്ചു. ആക്രമണങ്ങളുടെയോ നാശനഷ്ടങ്ങളുടെയോ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കരുതെന്നും എംബസി കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.