
UAE flexible working hours; ജോലിയും കുടുംബജീവിതവും ഒത്തുപോകാന്‍ ജീവനക്കാർക്ക് കൂടുതൽ ആശ്വാസകരമായ അന്തരീക്ഷമൊരുക്കാൻ യുഎഇ ഒരുങ്ങുന്നു. ഫ്ലെക്സിബിൾ തൊഴിൽ സമയം, വർക്ക് ഫ്രം ഹോം സൗകര്യം, കുട്ടികളുടെ സ്കൂൾ ആവശ്യങ്ങൾക്കായുള്ള സമയക്രമീകരണം തുടങ്ങിയ വിപ്ലവകരമായ മാറ്റങ്ങളാണ് രാജ്യം പരിഗണിക്കുന്നത്. അബുദാബിയിൽ ചേർന്ന അഞ്ചാമത് ലേബർ മാർക്കറ്റ് കോഓർഡിനേഷൻ കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച സുപ്രധാന ചർച്ചകൾ നടന്നത്. രാജ്യത്തെ ‘കുടുംബ വർഷാചരണത്തിന്റെ’ ഭാഗമായി സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഒരുപോലെ ഗുണകരമാകുന്ന രീതിയിലാണ് ഈ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.
പ്രധാന മാറ്റങ്ങൾ ഇവയാണ്
- വർക്ക് ഫ്രം ഹോം: ആഴ്ചയിൽ ചില ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കും.
- ഫ്ലെക്‌സിബിൾ സമയം: നിശ്ചിത ഷിഫ്റ്റുകൾക്ക് പകരം ജോലി കൃത്യമായി പൂർത്തിയാക്കാൻ സഹായിക്കുന്ന സൗകര്യപ്രദമായ സമയക്രമം.
- സ്കൂൾ ആവശ്യങ്ങൾക്കുള്ള ഇളവ്: കുട്ടികളെ സ്കൂളുകളിൽ കൊണ്ടുപോകാനും തിരികെ വിളിക്കാനും, പി.ടി.എ മീറ്റിങ്ങുകളിൽ പങ്കെടുക്കാനും സാധിക്കുന്ന തരത്തിൽ ജോലി സമയത്തിൽ ആവശ്യമായ ക്രമീകരണം.
ജീവനക്കാരുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കാനും കുടുംബപരമായ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാനും പ്രാപ്തരാക്കുകയാണ് പുതിയ നയത്തിന്റെ മുഖ്യ ലക്ഷ്യം. അതേസമയം, സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് യാതൊരു തടസ്സവും ഉണ്ടാകാത്ത രീതിയിലാകും നിയമങ്ങൾ നടപ്പിലാക്കുക. തൊഴിലുടമകളുടെയും ജീവനക്കാരുടെയും ആവശ്യങ്ങൾ കൃത്യമായി വിലയിരുത്തിക്കൊണ്ട് നയങ്ങൾ കാലോചിതമായി പരിഷ്കരിക്കുമെന്ന് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രി ഡോ. അബ്ദുൽറഹ്മാൻ അൽ അവാർ വ്യക്തമാക്കി.