വാട്സാപ്പിൽ ‘NO’ പറഞ്ഞതേയുള്ളൂ… പക്ഷേ അക്കൗണ്ടിലെ പണം പോയി! ഒടിപിയില്ല, ലിങ്കിൽ ക്ലിക്കുമില്ല; എന്നിട്ടും പണം ചോരുന്ന പുതിയ സൈബർ തട്ടിപ്പിനെതിരെ ജാഗ്രതാ മുന്നറിയിപ്പ്

‘നിങ്ങൾ പണം പിൻവലിച്ചോ? YES/NO’ — ഇത്തരമൊരു വാട്സാപ്പ് സന്ദേശം വന്നാൽ മറുപടി നൽകുന്നതിന് മുമ്പ് സൂക്ഷിക്കുക. ഒടിപി ചോദിക്കാതെയും ലിങ്കിൽ ക്ലിക്ക് ചെയ്യിപ്പിക്കാതെയും ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയെടുക്കുന്ന പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പിനെക്കുറിച്ച് ഹൈദരാബാദ് പോലീസ് കമ്മീഷണർ വി.സി. സജ്ജനാർ മുന്നറിയിപ്പ് നൽകി. ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചെന്ന വ്യാജ അറിയിപ്പാണ് ആദ്യം വാട്സാപ്പിൽ എത്തുക. സാധാരണയായി വിദേശ നമ്പറിൽനിന്നായിരിക്കും സന്ദേശം ലഭിക്കുക. ഇടപാട് നടത്തിയത് താനല്ലെങ്കിൽ ‘NO’ എന്നും നടത്തിയതാണെങ്കിൽ ‘YES’ എന്നും മറുപടി നൽകാൻ ആവശ്യപ്പെടും. സന്ദേശം വ്യാജമാണെന്ന് മനസ്സിലാക്കുന്നവർ സ്വാഭാവികമായി ‘NO’ എന്ന് പ്രതികരിക്കാനാണ് സാധ്യത. എന്നാൽ, ഇത്തരത്തിൽ മറുപടി നൽകുന്നത് പോലും ചില പ്രത്യേക സാഹചര്യങ്ങളിൽ അപകടകരമാകാമെന്നാണ് പോലീസ് മുന്നറിയിപ്പ്. വി.സി. സജ്ജനാർ ഇതിനെ ‘ഓട്ടോ എക്സിക്യൂഷൻ ഫയൽ അറ്റാക്ക്’ എന്നാണ് വിശേഷിപ്പിച്ചത്.

അദ്ദേഹം പങ്കുവെച്ച സംഭവത്തിൽ, ഇരയായ വ്യക്തി ബാങ്ക് വിവരങ്ങളോ ഒടിപിയോ കൈമാറിയിരുന്നില്ലെന്നും ലിങ്കുകളൊന്നും തുറന്നിരുന്നില്ലെന്നും പറയുന്നു. വാട്സാപ്പിൽ ലഭിച്ച സന്ദേശത്തിന് ‘NO’ എന്ന് മറുപടി നൽകിയതിന് പിന്നാലെയാണ് അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ടത്. സൈബർ കുറ്റവാളികൾ ഇത്തരം സന്ദേശങ്ങളിലൂടെ ഫോണിലേക്കോ ഉപകരണത്തിലേക്കോ പ്രവേശനം നേടാനും രഹസ്യ വിവരങ്ങൾ ദുരുപയോഗം ചെയ്യാനും ശ്രമിക്കാമെന്നാണ് മുന്നറിയിപ്പ്. അതിനാൽ പരിചയമില്ലാത്ത നമ്പറുകളിൽനിന്ന് ലഭിക്കുന്ന ബാങ്കിങ് സംബന്ധമായ സന്ദേശങ്ങൾക്ക് YES/NO ഉൾപ്പെടെ യാതൊരു മറുപടിയും നൽകാതിരിക്കുന്നതാണ് സുരക്ഷിതം.

സംശയകരമായ നമ്പർ ഉടൻ ബ്ലോക്ക് ചെയ്യുകയും ചാറ്റ് നീക്കം ചെയ്യുകയും വേണം. ബാങ്ക് ഇടപാടുകൾ പരിശോധിക്കുമ്പോൾ വാട്സാപ്പ് സന്ദേശങ്ങളെ ആശ്രയിക്കാതെ ബാങ്കിന്റെ ഔദ്യോഗിക ആപ്പ്, വെബ്സൈറ്റ്, കസ്റ്റമർ കെയർ സംവിധാനങ്ങൾ എന്നിവ മാത്രം ഉപയോഗിക്കാനും നിർദേശമുണ്ട്. അനൗദ്യോഗിക വാട്സാപ്പ് നമ്പറുകളിൽനിന്ന് വരുന്ന പണമിടപാട് അലേർട്ടുകൾ അവഗണിക്കണം. സൈബർ തട്ടിപ്പിന് ഇരയായാൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നതിനായി ഉടൻ 1930 എന്ന സൈബർ ഹെൽപ്ലൈനിൽ ബന്ധപ്പെടുകയോ cybercrime.gov.in വഴി പരാതി നൽകുകയോ ചെയ്യണമെന്നും അധികൃതർ നിർദേശിക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy