
India passport rules;കുട്ടികളുടെ പാസ്‌പോർട്ട് കാലാവധിയും അപേക്ഷാ ഫീസുകളും പരിഷ്‌കരിച്ചുകൊണ്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ‘പാസ്‌പോർട്ട് (ഭേദഗതി) ചട്ടങ്ങൾ, 2026’ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തു. ജോയിന്റ് സെക്രട്ടറിയും ചീഫ് പാസ്‌പോർട്ട് ഓഫീസറുമായ ബി.എസ്. മുബാറക് ഒപ്പുവെച്ച പുതിയ ചട്ടങ്ങൾ ഔദ്യോഗിക ഗെസറ്റിൽ പ്രസിദ്ധീകരിച്ചതോടെ നിലവിൽ വന്നു.പുതിയ ചട്ടപ്രകാരം 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അനുവദിക്കുന്ന 36 പേജുള്ള സാധാരണ പാസ്‌പോർട്ടിന്റെ കാലാവധി ഇനി മുതൽ 5 വർഷമായിരിക്കുകയോ അല്ലെങ്കിൽ കുട്ടിക്ക് 18 വയസ്സ് തികയുകയോ ചെയ്യുക ഇതിൽ ഏതാണോ ആദ്യം വരുന്നത് അതായിരിക്കും. മുൻപ് ഇത് 5 വർഷമോ അല്ലെങ്കിൽ 15 വയസ്സ് തികയുന്നത് വരെയോ ആയിരുന്നു.ഇതോടൊപ്പം പാസ്‌പോർട്ട് സേവനങ്ങളുടെ ഫീസ് ഘടനയിലും വലിയ വർദ്ധനവുകൾ വരുത്തിയിട്ടുണ്ട്. പുതിയ നിരക്കുകൾ പ്രകാരം മുതിർന്നവരുടെ സാധാരണ പാസ്‌പോർട്ട് ഫീസ് 1,500 രൂപയിൽ നിന്ന് 2,500 രൂപയായും, 60 പേജ് ബുക്ക്‌ലെറ്റിന്റേത് 3,500 രൂപയായും ഉയർന്നു. കുട്ടികളുടെ 36 പേജ് സാധാരണ പാസ്‌പോർട്ടിന് 1,750 രൂപയും തത്കാൽ സേവനത്തിന് 3,000 രൂപയുമാണ് പുതിയ നിരക്ക്. പുതിയ പാസ്‌പോർട്ട്, പുതുക്കൽ, തത്കാൽ, നഷ്ടപ്പെട്ടവയ്ക്ക് പകരം നൽകുന്നവ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയ എല്ലാ വിഭാഗങ്ങൾക്കും ഈ വർദ്ധനവ് ബാധകമാണ്. അതേസമയം, 8 വയസ്സിന് താഴെയുള്ള കുട്ടികൾക്കും 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും പുതിയ പാസ്‌പോർട്ട് അപേക്ഷകളിൽ നൽകിവരുന്ന 10 ശതമാനം ഇളവ് തുടരുമെന്നും, എന്നാൽ ഈ ആനുകൂല്യം പാസ്‌പോർട്ട് പുതുക്കുന്നതിന് ബാധകമല്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.