Norka Care Plus; പ്രവാസികൾക്ക് സുരക്ഷയേകി ‘നോർക്ക കെയർ പ്ലസ്‘; അഞ്ചു ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം…

Norka Care Plus; പ്രവാസികേരളീയർക്കായുള്ള സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോർക്ക കെയർ പ്ലസി’ന്റെ രണ്ടാംഘട്ട എന്റോൾമെന്റിൽ വൻ പ്രതികരണം. 2026 ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 18 വരെ നീണ്ട രണ്ടാംഘട്ടത്തിൽ 63,580 പ്രവാസികുടുംബങ്ങളാണ് രജിസ്റ്റർ ചെയ്തത്. മാർച്ച് 11 മുതൽ ഏപ്രിൽ 12 വരെ നടന്ന ആദ്യഘട്ടത്തിലെ 32,000 കുടുംബങ്ങൾ ഉൾപ്പെടെ ആകെ 95,580 പ്രവാസികുടുംബങ്ങളാണ് നിലവിൽ ‘നോർക്ക കെയർ പ്ലസ്സിന്റെ’ ഭാഗമായിട്ടുള്ളത്. നിലവിലുള്ള അംഗങ്ങളുടെ പോളിസി കാലാവധി 2027 ഏപ്രിൽ 14 വരെയാണ്. ഇതിനുപുറമേ, 2025-ൽ നടപ്പാക്കിയ ‘നോർക്ക കെയർ’ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 1,32,034 കുടുംബങ്ങളും രജിസ്റ്റർ ചെയ്തിരുന്നു. ഇതുവരെ വിവിധ പദ്ധതികളിലായി 136-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള 2,27,614 പ്രവാസികുടുംബങ്ങളാണ് ഈ ഇൻഷുറൻസ് സുരക്ഷ നേടിയത്. നോർക്ക കെയർ പ്ലസ് പദ്ധതിയിലൂടെ മാത്രം പത്തു ലക്ഷത്തോളം പേർക്കാണ് ആരോഗ്യ സുരക്ഷ ലഭിക്കുന്നത്. പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും 5 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസുമാണ് പദ്ധതി ഉറപ്പാക്കുന്നത്. 5 ലക്ഷം മുതൽ 1 കോടി രൂപ വരെയുള്ള 7 വിവിധ സ്ലാബുകളിലാണ് നോർക്ക കെയർ പ്ലസ് പരിരക്ഷ നൽകുന്നത്.
18 നും 70 നും ഇടയിൽ പ്രായമുള്ള, സാധുവായ നോർക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി അല്ലെങ്കിൽ എൻ.ആർ.കെ ഐ.ഡി ഉള്ളവർക്കാണ് പദ്ധതിയിൽ ചേരാൻ അവസരമുണ്ടായിരുന്നത്. 10 ലക്ഷം മുതൽ മുകളിലോട്ടുള്ള പോളിസികളിൽ പോളിസി ഉടമയുടെയോ പങ്കാളിയുടെയോ മാതാപിതാക്കളെയും (80 വയസ്സു വരെ) ഉൾപ്പെടുത്താൻ സാധിക്കും. കേരളത്തിലെ 688-ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തുടനീളം 24,000-ത്തോളം ആശുപത്രികളിൽ പദ്ധതിയിലൂടെ ക്യാഷ്‌ലെസ്സ് (പണം രഹിത) ചികിത്സ ലഭ്യമാണ്. പ്രമുഖ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് ‘നോർക്ക കെയർ പ്ലസ്’ നടപ്പാക്കുന്നത്. ‘നോർക്ക കെയർ’ പദ്ധതി ന്യൂ ഇന്ത്യാ അഷുറൻസുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy