
കേട്ടുകൊണ്ടിരിക്കാൻ സമയമില്ലേ? എങ്കിൽ ഇനി വാട്സ്ആപ്പ് വോയിസ് മെസ്സേജ് ടെക്‌സ്റ്റ് ആക്കാം
പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഉപയോക്താക്ക് കാര്യങ്ങൾ ഏറ്റവും വേഗത്തിലാക്കുകയാണ് വാട്സ്ആപ്പ്. വോയിസ് മെസേജ് വായിക്കാവുന്ന തരത്തിൽ ടെക്സ്റ്റ് രൂപത്തിലാക്കി ഉപഭോക്താക്കളുടെ മനസിൽ കൂടുതൽ ഇടംപിടിക്കുകയാണ് ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. വോയിസ് മെസേജ് കേൾക്കാൻ കഴിയാതെ വരുന്ന സാഹചര്യങ്ങൾ കണക്കിലെടുത്താണ് പുതിയ അപ്‌ഡേഷൻ വാട്സ്ആപ്പ് കൊണ്ടു വന്നിരിക്കുന്നത്. ഇനി നിങ്ങൾ തിരക്കേറിയ സ്ഥലത്തോ മീറ്റിങ്ങിലോ ആയ സന്ദർഭങ്ങളിലാണെങ്കിൽ വോയിസ് മെസേജ് കേൾക്കാൻ കഴിയാതെ വരുമ്പോൾ ഇനി നിങ്ങൾക്ക് വോയിസ് സന്ദേശത്തെ ടെക്സ്റ്റ് രൂപത്തിലേക്ക് മാറ്റി വായിക്കാനാകും. വോയ്‌സ് മെസേജുകളെ വായിക്കാവുന്ന തരത്തിൽ ടെക്സ്റ്റ് മെസേജുകളുടെ രൂപത്തിലാക്കുന്നതാണ് വോയ്‌സ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് ഫീച്ചർ.
ശബ്ദ രൂപത്തിലുള്ള മെസേജ് അക്ഷര രൂപത്തിലേക്ക് മാറുന്നത് ഡിവൈസിനുള്ളിൽ വെച്ച് തന്നെയായിരിക്കും. ഇത് പൂർണമായും സുരക്ഷിതമായിരിക്കുമെന്നുമാണ് മെറ്റയുടെ അഭിപ്രായം. വോയിസ് മെസേജിലെ ഉള്ളടക്കം വാട്‌സ്ആപ്പ് അധികൃതർക്ക് പോലും മനസിലാക്കാനാകില്ലെന്നും മെറ്റ ഉറപ്പു നൽകുന്നുണ്ട്. നിലവിൽ വാട്‌സ്ആപ്പ് പുറത്തിറക്കിയ ഫീച്ചറുകളിൽ മികച്ചതാവാൻ ഇത് സാധ്യതയുണ്ട്.
ഇതോടെ കേൾക്കാനായില്ലെങ്കിലും മെസേജ് എന്തെന്ന് വായിക്കാം. വോയിസ് മെസേജിന് തൊട്ടുതാഴെ തന്നെയാണ് ഇത്തരത്തിൽ വാട്‌സ്ആപ്പ് വോയിസ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് വായിക്കാനായി പ്രത്യക്ഷപ്പെടുന്നതും. ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, റഷ്യൻ എന്നെ ഭാഷകളിലാണ് നിലവിൽ ട്രാൻസ്‌ക്രിപ്റ്റ് സംവിധാനമുള്ളത്. ഹിന്ദിയോ മറ്റ് ഇന്ത്യൻ പ്രാദേശിക ഭാഷകളോ നിലവിൽ ലഭ്യമല്ല. വോയ്‌സ് ടെക്സ്റ്റാക്കി മാറ്റാൻ വാട്‌സ്ആപ്പിലെ സെറ്റിങ്‌സിൽ മാറ്റം വരുത്തണം. ഇതിനായി വാട്സ്ആപ്പ് സെറ്റിംഗ്സ് തുറന്ന് ചാറ്റ്‌സിൽ ടാപ്പ് ചെയ്യുക. തുടർന്ന് താഴേക്ക് സ്‌ക്രോൾ ചെയ്ത് വോയ്‌സ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് എന്ന ഓപ്ഷൻ ടാഗിൾ ചെയ്യുക. ഇപ്പോൾ കാണിക്കുന്ന ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കാം.
2024 നവംബറിലാണ് വാട്സ്ആപ്പ് വോയിസ് മെസ്സേജ് ട്രാൻസ്‌ക്രിപ്ഷൻ പുറത്തിറക്കുന്നതായി അറിയിച്ചത്. യാത്രകൾക്കിടയിലും ബഹളങ്ങൾക്കിടയിലും വോയിസ് മെസ്സേജ് കേൾക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഈ ഫീച്ചർ ഉപകാരപ്രദമാകും. ഓൺ ഡിവൈസ് പ്രോസസിങ്ങിലൂടെയാണ് വോയിസ് മെസേജുകളെ ടെക്സ്റ്റ് മെസേജുകളാക്കുന്നത്. ഈ വിവരങ്ങളെല്ലാം സുരക്ഷിതമായിരിക്കുമെന്നും, യാതൊരു വിവരവും തങ്ങൾ ശേഖരിക്കില്ലെന്നും വാട്സ്ആപ്പ് തന്നെ പറയുന്നുണ്ട്. വോയ്സ് മെസ്സേജ് ട്രാൻസ്‌ക്രിപ്ഷൻ ഫീച്ചർ ആൻഡ്രോയിഡ് ഫോണുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ഉടൻ തന്നെ ഐഒഎസ് ഫോണുകളിലും ഫീച്ചർ ലഭ്യമാകുന്നും വാട്സാപ്പ് അറിയിച്ചിട്ടുണ്ട്. ടൈപ്പ് ചെയ്തതും എന്നാൽ അയക്കാൻ വിട്ടുപോയതോ സെന്റ് ആവാത്തതോ ആയ മെസേജുകൾ ലിസ്റ്റ് ചെയ്യുന്ന ‘ഡ്രാഫ്റ്റ്’ ഫീച്ചർ വാട്‌സ്ആപ്പിൽ ഉടൻ വരുമെന്ന് മെറ്റ അടുത്തിടെ അറിയിച്ചിരുന്നു. ഇതിന് പുറമെ വാട്‌സ്ആപ്പ് വഴിയുള്ള ചിത്രങ്ങൾ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി യാഥാർഥ്യം ബോധ്യപ്പെടുത്തുന്ന ഫീച്ചറും വാട്‌സ്ആപ്പിൽ ഉടൻ വരുന്നുണ്ടെന്നാണ് പുറത്തു വരുന്ന പുതിയ വിവരങ്ങൾ.
2025 ജനുവരിയിലാണ് ചാറ്റ് അനുഭവം കൂടുതൽ സംവേദനാത്മകവും രസകരവും സൗകര്യപ്രദവുമാക്കുന്നതിനായി നിരവധി ബീറ്റ സവിശേഷതകൾ മെറ്റ പുറത്തിറക്കിയത്. ഉപയോക്താക്കൾക്ക് എഐ പവർ ചെയ്ത കഥാപാത്രങ്ങളുമായി സംവദിക്കാൻ കഴിയുന്ന എഐ സ്റ്റുഡിയോ ഫീച്ചർ വാട്‌സ്ആപ്പ് ഈയടുത്ത് അവതരിപ്പിച്ചിരുന്നു. കൂടാതെ ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ് എത്തിയിരുന്നു. പങ്കുവെക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും ഉപയോക്താക്കൾക്ക് മ്യൂസിക് ചേർക്കാനുള്ള ഫീച്ചർ അവതരിപ്പിച്ചിരുന്നു.
Comments (0)