
സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ സോഫ നിർമാണ കേന്ദ്രത്തിലുണ്ടായ വൻ തീപിടിത്തത്തിൽ 16 ബംഗ്ലാദേശി തൊഴിലാളികൾ മരിച്ചു. ഞായറാഴ്ചയാണ് റിയാദിലെ മൂസ സനാഇയ വ്യവസായ മേഖലയിലെ ഫർണിച്ചർ അപ്ഹോൾസ്റ്ററി കേന്ദ്രത്തിൽ തീപിടിത്തമുണ്ടായത്. ബംഗ്ലാദേശ് അധികൃതരാണ് മരണവിവരം സ്ഥിരീകരിച്ചത്. തീപിടിത്തം അതിവേഗം വ്യാപിച്ചതിനെ തുടർന്ന് സ്ഥാപനത്തിനുള്ളിലുണ്ടായിരുന്ന തൊഴിലാളികൾക്ക് പുറത്തേക്ക് രക്ഷപ്പെടാൻ കഴിയാതെ വന്നതായാണ് പ്രാഥമിക വിവരം. സോഫ നിർമാണത്തിന് ഉപയോഗിച്ചിരുന്ന വേഗത്തിൽ തീപിടിക്കുന്ന വസ്തുക്കളിലേക്ക് തീ പടർന്നതോടെ സാഹചര്യം കൂടുതൽ ഗുരുതരമായി. സൗദി സിവിൽ ഡിഫൻസ് സ്ഥലത്തെത്തി തീയണച്ചെങ്കിലും അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
തീപിടിത്തമുണ്ടായ സ്ഥാപനം ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ തീപിടിത്തത്തിന്റെ കാരണം ഉൾപ്പെടെയുള്ള കൂടുതൽ വിശദാംശങ്ങൾ സൗദി അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ കുടുംബങ്ങളുടെ ആവശ്യപ്രകാരം ബംഗ്ലാദേശിലേക്ക് എത്തിക്കുന്നതിനായി റിയാദിലെ ബംഗ്ലാദേശ് എംബസി സൗദി അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
സൗദി അറേബ്യയിൽ വലിയൊരു ബംഗ്ലാദേശി പ്രവാസി സമൂഹം ജോലി ചെയ്യുന്ന സാഹചര്യത്തിൽ ദുരന്തം രാജ്യത്ത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായവും നഷ്ടപരിഹാരവും ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബംഗ്ലാദേശ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.