
ലക്ഷങ്ങൾ ശമ്പളം ലഭിച്ചിട്ടും മാസം അവസാനിക്കുമ്പോൾ സമ്പാദ്യമൊന്നുമില്ലാത്ത അവസ്ഥ പലർക്കുമുണ്ട്. വരുമാനം കുറവായതല്ല, പണം എവിടെയാണ് ചോർന്നുപോകുന്നതെന്ന് കൃത്യമായി മനസ്സിലാകാത്തതാണ് പലപ്പോഴും പ്രശ്നം. ഈ സ്ഥിതി മാറ്റാൻ 20 മിനിറ്റിൽ ചെയ്യാവുന്ന അഞ്ച് ഘട്ടങ്ങളുള്ള ഫിനാൻഷ്യൽ ഓഡിറ്റ് നിർദേശിക്കുകയാണ് സെബിയിൽ രജിസ്റ്റർ ചെയ്ത ഇൻവെസ്റ്റ്മെന്റ് അഡ്വൈസറായ അഭിജിത് കുമാർ. പ്രതിമാസം 2.1 ലക്ഷം രൂപ ശമ്പളം ലഭിച്ചിട്ടും 40,000 രൂപ പോലും അടിയന്തര ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കാൻ കഴിയാത്ത ഒരാളെയാണ് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക ഓഡിറ്റ് നടത്തിയപ്പോഴാണ് പണം എവിടെയൊക്കെയാണ് പോകുന്നതെന്ന് വ്യക്തമായത്.
1. ഇഎംഐകൾ ആദ്യം പരിശോധിക്കാം
കഴിഞ്ഞ മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പരിശോധിച്ച് എല്ലാ ഇഎംഐകളും കണക്കാക്കുക. നോ-കോസ്റ്റ് ഇഎംഐകളും ഇതിൽ ഉൾപ്പെടുത്തണം.
ആകെ ഇഎംഐ വരുമാനത്തിന്റെ 40 ശതമാനത്തിൽ താഴെയാക്കുന്നതാണ് നിർദേശം. ഭവനവായ്പയുടെ ഇഎംഐ മാത്രം ശമ്പളത്തിന്റെ 30 ശതമാനത്തിൽ കൂടാതിരിക്കുന്നതും ശ്രദ്ധിക്കണം.
2. അറിയാതെ പോകുന്ന ചെലവുകൾ കണ്ടെത്തുക
ഉപയോഗിക്കാത്ത ജിം മെമ്പർഷിപ്പ്, വിവിധ ആപ്പുകളുടെ സബ്സ്ക്രിപ്ഷൻ, ഡെലിവറി ചാർജുകൾ തുടങ്ങിയ ചെറിയ ചെലവുകൾ ചേർന്നാൽ വലിയ തുകയാകാം. ഇത്തരം ചെലവുകളിലൂടെ പ്രതിമാസം 4,000 മുതൽ 9,000 രൂപ വരെ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകാമെന്നാണ് വിദഗ്ധന്റെ വിലയിരുത്തൽ. ആവശ്യമില്ലാത്ത സേവനങ്ങൾ പിന്നീട് റദ്ദാക്കാമെന്ന് കരുതി നീട്ടാതെ ഉടൻ തന്നെ ഒഴിവാക്കുകയാണ് നല്ലത്.
3. ശമ്പളം വന്ന ഉടൻ സമ്പാദിക്കുക
മാസാവസാനം ബാക്കിയാകുന്ന തുക നിക്ഷേപിക്കാമെന്ന് കരുതിയാൽ പലപ്പോഴും ഒന്നും ബാക്കിയുണ്ടാകില്ല. അതിനാൽ ശമ്പളം ലഭിക്കുന്ന ഒന്നാം തീയതിയോ രണ്ടാം തീയതിയോ തന്നെ എസ്ഐപിയുടെ ഓട്ടോ-ഡെബിറ്റ് ക്രമീകരിക്കുന്നത് സമ്പാദ്യശീലം വളർത്താൻ സഹായിക്കും.
4. ആറ് മാസത്തെ എമർജൻസി ഫണ്ട്
കുറഞ്ഞത് ആറ് മാസത്തെ ചെലവുകൾക്കുള്ള തുക എമർജൻസി ഫണ്ടായി മാറ്റിവയ്ക്കണം. അടിയന്തരമായി ആവശ്യമുണ്ടാകുമ്പോൾ എളുപ്പത്തിൽ പിൻവലിക്കാൻ കഴിയുന്ന രീതിയിൽ ഇത് സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.
5. നിങ്ങളുടെ യഥാർഥ സമ്പാദ്യ നിരക്ക് കണക്കാക്കുക
ശമ്പളത്തിന്റെ എത്ര ശതമാനമാണ് ഓരോ മാസവും യഥാർഥത്തിൽ സമ്പാദിക്കുന്നതെന്ന് പരിശോധിക്കുക.
- 10 ശതമാനത്തിൽ താഴെ: പണം വലിയ തോതിൽ ചോർന്നുപോകുന്നുണ്ടാകാം.
- 10–20 ശതമാനം: തൃപ്തികരമായ നില.
- 25 ശതമാനത്തിന് മുകളിൽ: മികച്ച സമ്പാദ്യശീലം.
അതിനാൽ ശമ്പളം എത്രയാണെന്നതിലുപരി അതിൽ എത്രമാത്രം കൈവശം വയ്ക്കാനും നിക്ഷേപിക്കാനും കഴിയുന്നു എന്നതാണ് സാമ്പത്തിക ആരോഗ്യം നിർണയിക്കുന്നത്.