
Saudi road accident; ഷോപ്പിങ്ങിന് പോവുകയാണ്, തിരികെ വന്നിട്ട് വിളിക്കാം അമ്മേ… എന്ന് പറഞ്ഞ് ഫോൺ വെച്ച മകൾ ഇനി ഒരിക്കലും വിളിക്കില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാനാവാതെ വിതുമ്പുകയാണ് ഏലിയാമ്മ. സൗദിയിലെ തായിഫ്–റാനിയ റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മലയാളി നഴ്സ് പാലാ കിടങ്ങൂർ സ്വദേശിനി ജെയ്സിമോൾ മാത്യുവിന്റെ (46) വിയോഗം നാടിനാകെ തീരാനോവായി മാറി. കോട്ടയം സ്വദേശിനിയായ മറ്റൊരു നഴ്സ് ജോബിന ജോണി (27) ഉൾപ്പെടെ അഞ്ചുപേരുടെ ജീവനാണ് അപകടം കവർന്നത്. പതിവുപോലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഏലിയാമ്മ സൗദിയിലുള്ള മകളെ ഫോണിൽ വിളിച്ചത്. കൂട്ടുകാരികൾക്കൊപ്പം ഷോപ്പിങ്ങിന് പോകാൻ ഒരുങ്ങുകയാണെന്നും ഡ്രൈവർ കാത്തുനിൽക്കുന്നുണ്ടെന്നും ജെയ്സിമോൾ അമ്മയോട് പറഞ്ഞു. തിരിച്ചെത്തിയിട്ട് സാവകാശം വിളിക്കാമെന്ന് പറഞ്ഞ് വെച്ചതായിരുന്നു ആ ഫോൺ കോൾ. എന്നാൽ, മണിക്കൂറുകൾക്കകം വീട്ടിലെത്തിയത് മകളുടെ ദാരുണമരണ വാർത്ത അറിയിച്ചുകൊണ്ടുള്ള കൂട്ടുകാരിയുടെ ഫോൺ കോളായിരുന്നു. കഴിഞ്ഞ 18 വർഷമായി സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിസ്പെൻസറിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു ജെയ്സിമോൾ. കൊണ്ടൂർ പരേതനായ മത്തായിയുടെയും ഏലിയാമ്മയുടെയും മകളാണ് ജെയ്സി. ബെംഗളൂരുവിലെ പഠനത്തിന് ശേഷമാണ് സൗദിയിലേക്ക് പോയത്. ഭർതൃപിതാവിന്റെ വിയോഗത്തെത്തുടർന്ന് നാലുമാസം മുൻപ് നാട്ടിലെത്തി മടങ്ങിയ ജെയ്സിമോൾ, അടുത്ത ഡിസംബർ 26-ന് വീണ്ടും കുടുംബത്തോടൊപ്പം ചേരാൻ കാത്തിരിക്കുകയായിരുന്നു. ജസ്റ്റീന (17), ജൂഡിത്ത് (13), എട്ടുവയസ്സുകാരനായ ജോഷ്വ എന്നിവരാണ് മക്കൾ.
ജീവിത സ്വപ്നങ്ങൾക്ക് തുടക്കം കുറിക്കാൻ ഒന്നര വർഷം മുൻപ് മാത്രം സൗദിയിലെത്തിയതാണ് അപകടത്തിൽ മരിച്ച കോട്ടയം വേദഗിരി സ്വദേശിനി ജോബിന ജോണി. അവിവാഹിതയായ ജോബിനയുടെ വിയോഗം കുടുംബത്തെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ജോണി-ജോബിന ദമ്പതികളുടെ മകളായ ജോബിനയ്ക്ക് ജോഷ്വ എന്നൊരു സഹോദരനുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് മറ്റൊരു വാഹനം വന്നിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് പലതവണ കരണം മറിയുകയായിരുന്നു. വാഹനം പൂർണമായും തകർന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ അഞ്ചുപേരും മരണപ്പെട്ടു. നഴ്സുമാരായ തമിഴ്‌നാട് സ്വദേശിനികൾ വിജയലക്ഷ്മി ജഗദീഷ് (37), ഹെപ്‌സിബ ദേവമണി (33), സൗദി പൗരനായ ഡ്രൈവർ ഖാലിദ് എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റുള്ളവർ. റാനിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും നോർക്കയുടെയും കെ.എം.സി.സിയുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.