ആകാശമായവനേ…:…ചോരയിൽ കുളിച്ചിട്ടും കോക്പിറ്റ് വിട്ടില്ല; 174 പേരെ രക്ഷിച്ച സ്മിത് മച്ഛാറിന് ലോകത്തിന്റെ കൈയടി!

സഹപൈലറ്റിന്റെ ആക്രമണത്തിനിടയിലും പതറാതെ ഇടപെട്ട് വിമാനത്തിലുണ്ടായിരുന്ന 174 പേരുടെ ജീവൻ രക്ഷിക്കാൻ നിർണായക പങ്കുവഹിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദനപ്രവാഹം. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തുടങ്ങിയവർ അദ്ദേഹത്തിന്റെ ധൈര്യത്തെ പ്രശംസിച്ചു. ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിനുള്ളിലാണ് സഹപൈലറ്റ് സ്മിത് മച്ഛാറിനെ ആക്രമിച്ചത്. കത്തിക്കുത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടും അദ്ദേഹം കോക്പിറ്റ് വാതിൽ തുറക്കാൻ കഴിഞ്ഞതോടെ യാത്രക്കാർക്കും ക്രൂ അംഗങ്ങൾക്കും അകത്തേക്ക് പ്രവേശിച്ച് അക്രമിയെ കീഴടക്കാനായി. തുടർന്ന് അധികമായി വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ നിയന്ത്രണം ഏറ്റെടുത്തതോടെ വിമാനം സൗദിയിലെ തബൂക്കിൽ സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തി.

സംഭവത്തിനിടെ വിമാനം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആയിരക്കണക്കിന് അടി താഴേക്ക് പതിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. നിർണായക നിമിഷത്തിലെ മച്ഛാറിന്റെ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കുന്നതിൽ സഹായിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. തബൂക്കിൽ ചികിത്സയിലായിരുന്ന മച്ഛാറിനെ തുടർചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി. അടിയന്തര ശസ്ത്രക്രിയ പൂർത്തിയായതായും ആരോഗ്യനില തൃപ്തികരമാണെന്നും യുഎഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു. കുടുംബാംഗങ്ങളും അദ്ദേഹത്തോടൊപ്പമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വീഡിയോ കോളിൽ സംസാരിച്ച മച്ഛാർ ആക്രമണത്തിനിടയിലെ അനുഭവങ്ങളും പങ്കുവച്ചു. ഗുരുതരമായി പരുക്കേറ്റിരുന്നെങ്കിലും എഴുന്നേറ്റ് പ്രവർത്തിച്ചില്ലെങ്കിൽ വലിയ ദുരന്തമുണ്ടാകുമെന്ന് മനസ്സിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണസമയത്ത് ഹനുമാൻ ചാലിസ ചൊല്ലുകയായിരുന്നെന്നും ധൈര്യം ലഭിച്ചതായും മച്ഛാർ മോദിയോട് വ്യക്തമാക്കി.
അതേസമയം, സംഭവത്തിന് പിന്നിലെ സാഹചര്യങ്ങളെക്കുറിച്ച് യുഎഇയിലും ഇസ്രയേലിലും അന്വേഷണം തുടരുകയാണ്. ആക്രമണത്തിന് പിന്നിലെ കാരണം ഉൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy