Smoke Mother Daughter Death Saudi: ഉറക്കത്തിൽ വില്ലനായി ചന്ദനത്തിരിയിലെ തീപ്പൊരി, സന്ദർശക വിസയിലെത്തി അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

Smoke Mother Daughter Death Saudi ബുറൈദ: സൗദി അറേബ്യയിലെ ബുറൈദയിൽ താമസസ്ഥലത്തുണ്ടായ അപകടത്തിൽ വിഷപ്പുക ശ്വസിച്ച് മരിച്ച തമിഴ്‌നാട് സ്വദേശികളായ അമ്മയുടെയും രണ്ടു വയസ്സുകാരി മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. ചെന്നൈ സ്വദേശികളായ ജയഭാരതി (37), മകൾ കാർത്തിക ശ്രീ (2) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. സൗദിയിലെ ബുറൈദയിൽ ജോലി ചെയ്യുന്ന ഭർത്താവ് ഗോകുൽ രാജിന്റെ അടുത്തേക്ക് വിസിറ്റ് വീസയിൽ എത്തി ഒരാഴ്ച തികയും മുൻപായിരുന്നു ഏവരെയും നൊമ്പരപ്പെടുത്തിയ ദുരന്തം നടന്നത്. ബുറൈദ സഫറക്കടുത്തുള്ള താമസസ്ഥലത്ത് രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു ദുരന്തം സംഭവിച്ചത്. മുറിയിൽ കത്തിച്ചുവെച്ച ചന്ദനത്തിരിയിൽ നിന്ന് തീപ്പൊരി വീണ് താഴെയുണ്ടായിരുന്ന കാർപെറ്റിൽ ഭാഗികമായി തീപിടിക്കുകയായിരുന്നു. തീ ആളിപ്പടർന്നില്ലെങ്കിലും മുറിയിലാകെ കട്ടിയിൽ വിഷപ്പുക നിറഞ്ഞു. ഉറക്കത്തിലായിരുന്ന അമ്മയും കുഞ്ഞും ഈ പുക ശ്വസിച്ചാണ് ദാരുണമായി മരണപ്പെട്ടത്. അപകടസമയത്ത് തൊട്ടടുത്ത മുറിയിൽ ഗോകുൽ രാജ് ജോലി കഴിഞ്ഞ് ഉറങ്ങുകയായിരുന്നു. പുകയുടെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ട് ഉണർന്നുനോക്കിയപ്പോഴാണ് ഭാര്യയെയും മകളെയും നിർജ്ജീവ അവസ്ഥയിൽ കണ്ടെത്തിയത്. ഇന്ത്യൻ എംബസിയുടെയും ബുറൈദ ‘കനിവ്’ ജീവകാരുണ്യ വിഭാഗത്തിന്റെയും സജീവ ഇടപെടലിലൂടെയാണ് എംബാം ഉൾപ്പെടെയുള്ള നിയമപരമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിച്ചത്. റിയാദിൽ നിന്ന് എയർ ഇന്ത്യ വിമാന മാർഗ്ഗം ചെന്നൈ എയർപോർട്ടിലെത്തിച്ച മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. പ്രവാസി താമസയിടങ്ങളിലും വീടുകളിലും അശ്രദ്ധയും ജാഗ്രതക്കുറവും മൂലം ഇത്തരം ദാരുണമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജീവകാരുണ്യ പ്രവർത്തകർ ഓർമ്മിപ്പിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy