Posted By christymariya Posted On

ആയുഷ്മാൻ ഭാരത്; പ്രായമായവരുടെ സൗജന്യ ചികിത്സക്കായി രജിസ്റ്റർ ചെയ്യാം, അറിയാം

പ്രാധനമന്ത്രി ആയുഷ്മാൻ ഭാരത് യോജനക്ക് കീഴിൽ 70 വയസിന് മുകളിലുള്ള മുതിർന്ന പൗരൻമാർക്ക് സൗജന്യ ചികിത്സ ലഭിക്കുന്നതിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. നിലവിൽ പദ്ധതിക്ക് കീഴിൽ അംഗമായവർക്ക് ഈ പദ്ധതിയിലെ അംഗത്വം തുടരാം. കുടുംബാംഗങ്ങൾക്ക് ലഭിക്കുന്ന മൊത്തം ഇൻഷുറൻസ് തുക കൂടാതെ തന്നെ അഞ്ചുലക്ഷം രൂപയുടെ മുഴുവൻ ഇൻഷുറൻസും 70 വയസിന് മുകളിൽ പ്രായമായവർക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്കുള്ള ഇൻഷുറൻസിൻ്റെ അധിക ചെലവ്‌ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പങ്കിടും. പദ്ധതി നടപ്പാക്കുന്നതിന് 70 വയസിന് മുകളിലുള്ള അർഹരായ എല്ലാ മുതിർന്ന പൗരന്മാരും പദ്ധതിക്ക് കീഴിൽ എൻറോൾ ചെയ്യണമെന്ന് കേന്ദ്രം അറിയിച്ചു.എംപാനൽ ചെയ്ത ആശുപത്രികൾ മുഖേനയും ഓൺലൈൻ സംവിധാനം ഉപയോഗിച്ചും മാത്രമല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയും ഇനി പദ്ധതിയുടെ വിശദാംശങ്ങൾ ലഭിക്കും. ആവശ്യമെങ്കിൽ ഹെൽത്ത് കെയർ പ്രൊവൈഡർമാരുടെ സഹായവും തേടാം. ‌ ഒഡീഷ, ഡൽഹി, പശ്ചിമ ബംഗാൾ എന്നീ മൂന്ന് സംസ്ഥാനങ്ങൾ ഇതുവരെ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി – ജൻ ആരോഗ്യ യോജന നടപ്പാക്കിയിട്ടില്ലെങ്കിലും കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ സൗജന്യ ചികിത്സ ലഭ്യമാണ്.

സ്കീമിന് കീഴിൽ മുതിർന്ന പൗരൻമാർക്ക് ആനുകൂല്യം ലഭിക്കുന്നതിനുള്ള ഏക യോഗ്യതാ മാനദണ്ഡം 70 വയസോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം എന്നതാണ്. ആധാറിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രായത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും സൗജന്യ ചികിത്സ. എൻറോൾമെൻ്റിന് ആവശ്യമായ ഏക രേഖ ആധാർ ആണ്. അതുകൊണ്ട് തന്നെ ആധാറിലെ ജനനതീയതിൽ പിഴവില്ലെന്ന് ഉറപ്പാക്കാം. ആയുഷ്മാൻ കാർഡുകൾ നൽകുന്നതിന് ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി നിർബന്ധമാക്കും.
മറ്റ് സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ കൈവശമുള്ളവർക്കും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീമിൻ്റെ ഗുണഭോക്താക്കും സൗജന്യ ചികിത്സക്ക് അർഹതയുണ്ട്.

രജിസ്ട്രേഷൻ നിർബന്ധം

ആയുഷ്മാൻ ആപ്പിലൂടെയും വെബ് പോർട്ടലിലൂടെയും എളുപ്പത്തിൽ ആയുഷ്മാൻ കാർഡുകൾക്ക് അപേക്ഷ നൽകി കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ ആകും. . നിലവിൽ പദ്ധതിയുടെ ഭാഗമായ കുടുംബങ്ങളിലെ 70 വയസിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കും പ്രത്യേക ആയുഷ്മാൻ കാർഡ് നൽകും.

പ്രായമായവർക്ക് ലഭിക്കുന്ന സൗജന്യ ചികിത്സ പൂർണമായും രജിസ്ട്രേഷൻ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. എൻറോൾമെൻ്റ് തുടർച്ചയായ നടപടിയായിരിക്കും. വർഷം മുഴുവൻ രജിസ്ട്രേഷൻ ലഭ്യമാണ്. വരുമാന പരിധി ഇല്ലാതെ തന്നെ ഇപ്പോൾ എല്ലാ മുതിർന്ന പൗരന്മാർക്കും അഞ്ചു ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും എന്നതാണ് പദ്ധതിയുടെ ആകർഷണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *