സുരക്ഷിത നിക്ഷേപം, ഉറപ്പായ ലാഭം: മികച്ച വരുമാനവും നികുതി ഇളവുകളും നൽകുന്ന പോസ്റ്റ് ഓഫീസ് പദ്ധതികൾ
പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികൾ കേന്ദ്ര സർക്കാരിന്റെ പൂർണ്ണ സുരക്ഷിതത്വവും നികുതി ഇളവുകളും ഒപ്പം മികച്ച ലാഭവും ഉറപ്പുനൽകുന്ന മികച്ച നിക്ഷേപ മാർഗ്ഗങ്ങളാണ്. സാധാരണക്കാർ മുതൽ മുതിർന്ന പൗരന്മാർക്ക് വരെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്.
സാധാരണ ബാങ്ക് അക്കൗണ്ടുകൾ പോലെ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടിൽ 500 രൂപ മാത്രം മിനിമം ബാലൻസ് നിലനിർത്തിക്കൊണ്ട് നാല് ശതമാനം പലിശ നേടാൻ സാധിക്കും. ചെറിയ തുകകൾ കൃത്യമായി മാസംതോറും മാറ്റിവെക്കാൻ ആഗ്രഹിക്കുന്നവർക്ക് അഞ്ച് വർഷത്തെ റെക്കറിങ് ഡെപ്പോസിറ്റ് അഥവാ ആർ ഡി തെരഞ്ഞെടുക്കാം. ഇതിൽ വെറും 100 രൂപ മുതൽ മാസംതോറും നിക്ഷേപിക്കാനും 6.7 ശതമാനം വരെ പലിശ സ്വന്തമാക്കാനും സാധിക്കും. ഇതുകൂടാതെ ഒന്നുമുതൽ അഞ്ചുവർഷം വരെയുള്ള സമയപരിധിയിൽ നിശ്ചിത തുക നിക്ഷേപിക്കാവുന്ന ടൈം ഡെപ്പോസിറ്റുകളും ലഭ്യമാണ്. ഇതിൽ അഞ്ചുവർഷത്തെ ടൈം ഡെപ്പോസിറ്റുകൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവുകൾ ലഭിക്കും.
പെൺകുട്ടികളുടെ ഭാവി ഭദ്രമാക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്ക് ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. നിലവിൽ 8.2 ശതമാനമെന്ന ഏറ്റവും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതിക്ക് പൂർണ്ണമായ നികുതിയിളവുമുണ്ട്. ഇതിലേക്ക് വർഷത്തിൽ ഒന്നര ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. ദീർഘകാല സമ്പാദ്യവും ഒപ്പം വിരമിക്കൽ കാലത്തേക്കുള്ള കരുതലും ലക്ഷ്യമിടുന്നവർക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പി പി എഫ് തെരഞ്ഞെടുക്കാം. പതിനഞ്ചു വർഷത്തെ കാലാവധിയുള്ള ഈ പദ്ധതിക്ക് 7.1 ശതമാനം പലിശ ലഭിക്കുന്നതിനൊപ്പം സുകന്യ സമൃദ്ധി പദ്ധതിയിലേതുപോലെ നിക്ഷേപിക്കുന്ന തുകയ്ക്കും പലിശയ്ക്കും കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുകയ്ക്കും ആദായനികുതി നൽകേണ്ടതില്ല.
മുതിർന്ന പൗരന്മാർക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കുന്ന സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീമിൽ മുപ്പത് ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. മൂന്ന് മാസത്തിലൊരിക്കൽ പലിശ വരുമാനം ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന ഈ പദ്ധതിക്ക് 8.2 ശതമാനം പലിശയും സെക്ഷൻ 80 സി പ്രകാരമുള്ള നികുതി ഇളവുകളും ലഭിക്കും. പ്രായപരിധിയില്ലാതെ മാസംതോറും സ്ഥിരവരുമാനം ആഗ്രഹിക്കുന്നവർക്ക് മന്ത്ലി ഇൻകം സ്കീം തെരഞ്ഞെടുക്കാവുന്നതാണ്. അഞ്ചുവർഷ കാലാവധിയുള്ള ഈ പദ്ധതി 7.4 ശതമാനം പലിശയാണ് ഉറപ്പുനൽകുന്നത്. ഇടത്തരം നിക്ഷേപങ്ങൾക്ക് ഏറ്റവും അനുയോജ്യമായ നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് അഥവാ എൻ എസ് സി അഞ്ചുവർഷത്തേക്ക് 7.7 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഇതിൽ വർഷംതോറും കൂട്ടിച്ചേർക്കപ്പെടുന്ന പലിശ തുകയ്ക്ക് ആദായനികുതി നിയമപ്രകാരം ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
Comments (0)