
സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ഇറാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കിക്ക്ബോക്സിങ് താരം ബെന്യാമിൻ നഘ്ദിയുടെ ജീവൻ രക്ഷിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടപെടൽ തേടി സഹോദരൻ ആറശ് നഘ്ദി. അവസാന നിമിഷത്തിലെങ്കിലും ഇടപെട്ട് സഹോദരന്റെ വധശിക്ഷ തടയണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യർഥന. 2026 ജനുവരിയിൽ ഇറാനിൽ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കിടെയാണ് ബെന്യാമിൻ അറസ്റ്റിലായത്. പ്രതിഷേധത്തിനിടെ സ്വയരക്ഷയ്ക്കായി വീട്ടിൽ നിർമിച്ച ഫ്ലേംത്രോവർ ഉപയോഗിച്ചെന്നാരോപിച്ചാണ് അദ്ദേഹത്തിനെതിരെ കേസ് എടുത്തത്. തുടർന്ന് ഇറാനിയൻ നിയമപ്രകാരം ഗുരുതരമായ കുറ്റം ചുമത്തി വധശിക്ഷ വിധിക്കുകയായിരുന്നു. ഇറാന്റെ സുപ്രീം കോടതി ശിക്ഷ ശരിവെച്ചതായാണ് റിപ്പോർട്ടുകൾ.
26 വയസ്സുകാരനായ ബെന്യാമിൻ നേരത്തെ ദേശീയതലത്തിൽ ശ്രദ്ധ നേടിയ കായികതാരമായിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് കായികജീവിതം ഉപേക്ഷിച്ച് കുടുംബത്തെ സഹായിച്ചിരുന്നുവെന്നും സഹോദരൻ പറയുന്നു. അറസ്റ്റിന് പിന്നാലെ ബെന്യാമിന് തടങ്കലിൽ പീഡനവും ഏകാന്ത തടവും നേരിടേണ്ടിവന്നതായി കുടുംബം ആരോപിച്ചു. ജയിലിൽ അദ്ദേഹം നിരാഹാര സമരം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. രണ്ട് മാസം മുമ്പ് കുടുംബത്തിന് അദ്ദേഹവുമായി അവസാനമായി വിടപറയാനുള്ള അവസരം ലഭിച്ചിരുന്നുവെന്നും സഹോദരൻ പറയുന്നു.
സഹോദരനുവേണ്ടി അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട ആറശ് നഘ്ദി, ട്രംപ് ഇറാൻ ഭരണകൂടത്തിനുമേൽ സമ്മർദം ചെലുത്തി വധശിക്ഷ തടയാൻ ശ്രമിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സഹോദരന്റെ ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമമായാണ് അദ്ദേഹം ഈ അഭ്യർഥന നടത്തുന്നത്. അതേസമയം, ഇറാനിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വധശിക്ഷകൾ വർധിക്കുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളിൽ വധശിക്ഷകൾ ഒഴിവാക്കണമെന്ന് യുഎൻ വിദഗ്ധരും നേരത്തെ ഇറാനോട് ആവശ്യപ്പെട്ടിരുന്നു.