Posted By shahana Posted On

Qatar Explosion; ഖത്തറിനെ നടുക്കിയ വൻ സ്ഫോടനം: 54 പേർക്ക് പരിക്കേറ്റു, 18 പേരെ കാണാനില്ല

Qatar Explosion; ഖത്തറിലെ പ്രധാന പ്രകൃതിവാതക കയറ്റുമതി കേന്ദ്രമായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ ഏരിയയിൽ ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ സ്ഫോടനത്തിൽ 54 പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിന് പിന്നാലെ ഉണ്ടായ തീപിടുത്തത്തിൽ 18 ഓളം തൊഴിലാളികളെ കാണാതായതായാണ് പുറത്തുവരുന്ന വിവരം. കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. യുദ്ധകാലത്ത് ഇറാന്റെ ബോംബാക്രമണത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. ഖത്തറിലെ പ്രമുഖ ഗ്യാസ് വിതരണ കേന്ദ്രമായ ‘ബർസാൻ’ ഫെസിലിറ്റിയിലാണ് അപകടം നടന്നതെന്ന് ഔദ്യോഗിക എണ്ണക്കമ്പനിയായ ഖത്തർ എനർജി അറിയിച്ചു.
ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ഖത്തറിന് തങ്ങളുടെ പ്രകൃതിവാതക കയറ്റുമതി താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നിരുന്നു. എന്നാൽ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെയാണ് കയറ്റുമതി പുനരാരംഭിക്കാൻ ഖത്തർ നടപടികൾ തുടങ്ങിയത്. ഈ നീക്കത്തിനിടയിലാണ് അപ്രതീക്ഷിത സ്ഫോടനം ഉണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ഉത്പാദക രാജ്യങ്ങളിലൊന്നാണ് ഖത്തർ. റാസ് ലഫാനിലുണ്ടായ സ്ഫോടനം ആഗോള ഊർജ്ജ വിപണിയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയേക്കാം. ഗ്യാസ് വിതരണം തടസ്സപ്പെടുന്നത് ലോകമെമ്പാടുമുള്ള ഇന്ധനവിലയെയും വാതക ലഭ്യതയെയും ബാധിക്കുമെന്ന ആശങ്കയിലാണ് മറ്റ് രാജ്യങ്ങൾ.

ആദ്യഘട്ടത്തിൽ ചുരുക്കം ചിലർക്ക് മാത്രമേ പരിക്കേറ്റുള്ളൂ എന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ മണിക്കൂറുകൾക്ക് ശേഷം ഖത്തർ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം പരിക്കേറ്റവരുടെ എണ്ണം 54 ആയി ഉയർന്നു. സ്ഫോടനത്തിൽ പ്ലാന്റിന് എത്രത്തോളം നാശനഷ്ടങ്ങൾ സംഭവിച്ചു എന്നതിനെക്കുറിച്ച് നിലവിൽ വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. കാണാതായ 18 പേർക്കായി പ്രദേശത്ത് അഗ്നിശമന സേനയും സുരക്ഷാ ഉദ്യോഗസ്ഥരും സംയുക്തമായി തിരച്ചിൽ ന‌‌ടത്തി വരികയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *