Hamad International Airport; ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (HIA) എത്തുന്ന യാത്രക്കാർക്കും സന്ദർശകർക്കുമായി വിപുലമായ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായി അധികൃതർ അറിയിച്ചു. ഹ്രസ്വകാല – ദീർഘകാല പാർക്കിംഗുകൾ മുതൽ വാലെറ്റ് പാർക്കിംഗ് വരെ നീളുന്ന വൈവിധ്യമാർന്ന സേവനങ്ങളാണ് വിമാനത്താവളത്തിൽ ലഭ്യമാക്കിയിരിക്കുന്നത്.
സാധാരണ പാർക്കിംഗ് നിരക്കുകൾ
ഹ്രസ്വകാല പാർക്കിംഗ് ഏരിയകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് മണിക്കൂറിന് 15 ഖത്തർ റിയാലാണ് നിരക്ക്. ഒരു മുഴുവൻ ദിവസത്തേക്ക് (24 മണിക്കൂർ) 145 റിയാൽ നൽകണം. ടിക്കറ്റ് കൗണ്ടറുകൾ വഴി നേരിട്ടോ ക്രെഡിറ്റ് കാർഡ് വഴിയോ തുക അടയ്ക്കാവുന്നതാണ്.
ദീർഘകാല പാർക്കിംഗ് പാക്കേജുകൾ
യാത്ര പോകുന്നവർക്ക് തങ്ങളുടെ വാഹനങ്ങൾ സുരക്ഷിതമായി വിമാനത്താവളത്തിൽ പാർക്ക് ചെയ്യാൻ ദീർഘകാല പാക്കേജുകൾ തിരഞ്ഞെടുക്കാം.
4 മുതൽ 7 ദിവസം വരെ: 350 റിയാൽ.
8 മുതൽ 14 ദിവസം വരെ: 450 റിയാൽ.
വാരാന്ത്യ പാക്കേജ് (1 മുതൽ 3 ദിവസം വരെ): 250 റിയാൽ.
പ്രീമിയം പാർക്കിംഗും വാലെറ്റ് സേവനവും
ഖത്തർ എയർവേയ്‌സ് യാത്രക്കാർക്കായി ടെർമിനലിന് തൊട്ടടുത്തായി പ്രീമിയം പാർക്കിംഗ് സൗകര്യമുണ്ട്. ആദ്യ മണിക്കൂറിന് 30 റിയാലും, രണ്ടാമത്തെ മണിക്കൂറിന് 20 റിയാലും, മൂന്നാം മണിക്കൂറിന് 10 റിയാലുമാണ് നിരക്ക്. അതായത് ആദ്യ മൂന്ന് മണിക്കൂറിന് ആകെ 60 റിയാൽ നൽകണം. നാലാം മണിക്കൂർ മുതൽ പ്രതിദിനം 200 റിയാലാണ് ഈടാക്കുക. രണ്ട് മണിക്കൂർ വരെയുള്ള ഹ്രസ്വകാല വാലെറ്റ് സേവനത്തിന് 100 റിയാലാണ് നിരക്ക്. ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/DYPO80C5nNo3Qv0FLcH5EY?mode=gi_t പ്രീമിയം വാലെറ്റ് സേവനം തിരഞ്ഞെടുക്കുന്നവർക്ക് പ്രതിദിനം 275 റിയാൽ നൽകണം. ഇവർക്ക് വാഹനത്തിന്റെ പുറംഭാഗം സൗജന്യമായി കഴുകി നൽകുന്നതിനൊപ്പം ബാഗേജ് കൈകാര്യം ചെയ്യാൻ പ്രത്യേക സഹായവും ലഭിക്കും.
ബുക്കിംഗിലെ ഇളവുകൾ
പാർക്കിംഗ് സൗകര്യങ്ങൾ ഓൺലൈൻ വഴി മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 20 ശതമാനം വരെ കിഴിവ് ലഭിക്കും. ഇതിനുപുറമെ, ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കായി ഈസ്റ്റ് പാർക്കിംഗ് ഏരിയയുടെ താഴത്തെ നിലയിൽ ചാർജിംഗ് സ്റ്റേഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യാർത്ഥം പാസഞ്ചർ ടെർമിനലിന്റെ ഇരുവശങ്ങളിലുമായാണ് പാർക്കിംഗ് ക്രമീകരിച്ചിരിക്കുന്നത്.