International Olympic Day; അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് കായികരംഗത്ത് വനിതകളെയും പെൺകുട്ടികളെയും ശാക്തീകരിക്കുന്നതിൽ ഖത്തർ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. കായികരംഗത്തെ സ്ത്രീകളുടെ അവകാശങ്ങൾ, സുരക്ഷ, പങ്കാളിത്തം എന്നിവ മെച്ചപ്പെടുത്തുന്നതിനായി നയരൂപകർത്താക്കളും കായികതാരങ്ങളും വിദഗ്ധരും പങ്കെടുത്ത പ്രത്യേക ചർച്ചാ സംഗമം ദോഹയിൽ നടന്നു. യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘവും ഖത്തർ ഫിനാൻഷ്യൽ സെന്ററിലെ എംപ്ലോയ്‌മെന്റ് സ്റ്റാൻഡേർഡ് ഓഫീസും സംയുക്തമായി ‘3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയത്തിലാണ്’ പരിപാടി സംഘടിപ്പിച്ചത്. ‘കായികരംഗത്തിലൂടെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങളും സുരക്ഷയും പങ്കാളിത്തവും മെച്ചപ്പെടുത്തുക’ എന്നതായിരുന്നു ചർച്ചയുടെ പ്രമേയം. ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/DYPO80C5nNo3Qv0FLcH5EY?mode=gi_t
കായികരംഗത്തെ സ്ത്രീ പങ്കാളിത്തം ഒരു മനുഷ്യാവകാശ പ്രശ്നമായാണ് ഖത്തർ കാണുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ മനുഷ്യാവകാശ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ മഷായേൽ ബിന്ത് മന അൽ ഹജ്രി പറഞ്ഞു. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ അവിഭാജ്യ ഘടകമാണിതെന്നും അവർ വ്യക്തമാക്കി. 2022 ഫിഫ ലോകകപ്പിന്റെ നടത്തിപ്പിൽ 300-ലധികം വനിതകൾ ഉന്നത നേതൃസ്ഥാനങ്ങളിൽ പ്രവർത്തിച്ചുവെന്നത് ഖത്തറിന്റെ പുരോഗതിയുടെ അടയാളമാണെന്ന് അവർ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസത്തിലും നയതന്ത്രത്തിലും സാമ്പത്തിക മേഖലയിലുമെന്നപോലെ കായിക ഭരണത്തിലും ഖത്തരി വനിതകൾ ഇന്ന് മുൻപന്തിയിലുണ്ട്. ലോകകപ്പ് ഖത്തറിലെ കായിക തന്ത്രങ്ങളെയും അടിസ്ഥാന സൗകര്യ വികസനത്തെയും വേഗത്തിലാക്കിയതായി യൂറോപ്യൻ യൂണിയൻ ഡെപ്യൂട്ടി മിഷൻ ഹെഡ് ഏഞ്ചലോസ് ലെനോസ് അഭിപ്രായപ്പെട്ടു. ഖത്തറും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സഹകരണത്തിന് കായികരംഗം വലിയ കരുത്തുപകരുന്നതായും അദ്ദേഹം പറഞ്ഞു. ഖത്തരി ആർച്ചർ നദ സൈദ, ഐറൺമാൻ ചലഞ്ച് പൂർത്തിയാക്കിയ ആദ്യ ഖത്തരി വനിത ലുൽവ അൽ മർറി, ഫെൻസിംഗ് താരം ഷെയ്ഖ മഹ, ബാസ്കറ്റ് ബോൾ താരം അബ്ദുൽറഹീം അബുഇസ എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു. കായികരംഗത്തേക്ക് കടന്നുവന്നപ്പോൾ തങ്ങൾ നേരിട്ട വെല്ലുവിളികളും വരുംതലമുറയ്ക്കായി തുറന്നുനൽകിയ പുതിയ അവസരങ്ങളും അവർ പങ്കുവെച്ചു. വെറും പ്രചോദനം മാത്രം പോരാ, ശക്തമായ അടിസ്ഥാന സൗകര്യങ്ങളും നയങ്ങളും ഉണ്ടെങ്കിൽ മാത്രമേ മാറ്റങ്ങൾ സുസ്ഥിരമാകൂ എന്ന് കായികതാരങ്ങൾ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കായികരംഗത്തെ ദേശീയ വികസനത്തിന്റെ ഭാഗമായി ഖത്തർ മാറ്റിയെന്ന് ഹമദ് ബിൻ ഖലീഫ സർവകലാശാലയിലെ ഡോ. ക്രിസ്റ്റോസ് അനഗ്നോസ്റ്റോപൗലോസ് പറഞ്ഞു. തീരുമാനങ്ങൾ സ്ത്രീകൾക്കായി എടുക്കുന്ന കാലഘട്ടത്തിൽ നിന്ന്, തീരുമാനങ്ങൾ സ്ത്രീകൾ തന്നെ എടുക്കുന്ന പുതിയ കാലത്തേക്ക് കായിക ലോകം മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.