Posted By christymariya Posted On

ഫോണിലെ ബാറ്ററി അതിവേഗം കുറയുന്നതായി വ്യാപക പരാതി; കാരണം ആ ജനപ്രിയ ആപ്പ്

ഇന്നത്തെ കാലത്ത് സ്മാർട്ഫോൺ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം എന്നതിൽ സംശയമില്ല. ലോകമെമ്പാടുമായി ഒരു ബില്യണിലധികം ആളുകളാണ് മെറ്റാ ഉടമസ്ഥതയിലുള്ള ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നത്. ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുന്നതിനൊപ്പം രസകരമായ റീൽ വീഡിയോകൾ കാണാനും മണിക്കൂറുകളാണ് പലരും ദിനംപ്രതി ഇൻസ്റ്റഗ്രാമിൽ ചെലവഴിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, നിരവധി ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ ഇൻസ്റ്റാഗ്രാം വലിയ അളവിൽ ബാറ്ററി ചാർജ് കുറയ്ക്കുന്നതായി പരാതിപ്പെട്ടിരുന്നു. ഉപയോഗിക്കാത്ത സമയങ്ങളിൽ പോലും ആപ്പിന്റെ ബാറ്ററി ഉപയോഗം കൂടുതലാണെന്നും കണ്ടെത്തിയിരുന്നു.

സംഭവത്തിൽ ഇതുവരെ ഇൻസ്റ്റഗ്രാം ഡെവലപ്പർമാർ പ്രതികരിച്ചിട്ടില്ല. അതേസമയം, ബാറ്ററി ചോർച്ച തടയാൻ ഉപദേശവുമായെത്തിയിരിക്കുകയാണ് ടെക് ഭീമന്മാരായ ഗൂഗിൾ. ഇൻസ്റ്റഗ്രാമിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാനാണ് ഗൂഗിളിന്റെ നിർദേശം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇൻസ്റ്റാഗ്രാം ബിൽഡ് 382.0.0.49.84 ഇൻസ്റ്റാൾ ചെയ്യാനും ഗൂഗിൾ ഉപയോക്താക്കളെ ഉപദേശിക്കുന്നുണ്ട്.ആൻഡ്രോയിഡ് ഫോണുകളിൽ ബാറ്ററി ചാർജ് കുറയുന്നത് പരിഹരിക്കുന്നതിനായി ഇൻസ്റ്റഗ്രാം പുതിയ അപ്‌ഡേറ്റ് പുറത്തിറക്കുമെന്ന് ഗൂഗിൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രശ്നം ഏതൊക്കെ ഫോണുകളെയാണ് ബാധിച്ചതെന്നോ, ഏതെല്ലാം ആൻഡ്രോയിഡ് പതിപ്പുകളെ ബാധിച്ചിട്ടുണ്ടെന്നോ ഗൂഗിൾ വ്യക്തമാക്കിയിട്ടില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *