
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്കിടെ ഒമാൻ തീരത്ത് വൻ പരിസ്ഥിതി ദുരന്തത്തിന് വഴിയൊരുക്കി എണ്ണച്ചോർച്ച. റഷ്യൻ ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്ക് പുറപ്പെട്ട കരോളിൻ ബെസെംഗി എന്ന കപ്പൽ ഒമാൻ തീരത്തിന് സമീപം മണ്ണിലുറച്ചതിനെ തുടർന്ന് എണ്ണ കടലിലേക്ക് ചോർന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. ജൂൺ 30ന് യെമൻ തീരത്ത് സ്‌ഫോടനത്തിൽ തകർന്ന കപ്പലിലാണ് പിന്നീട് എണ്ണച്ചോർച്ചയുണ്ടായത്. ഏകദേശം 8 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ കപ്പലിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. സാറ്റലൈറ്റ് ചിത്രങ്ങൾ പ്രകാരം എണ്ണപ്പാട 2,000 ചതുരശ്ര കിലോമീറ്ററിലധികം പ്രദേശത്തേക്ക് വ്യാപിച്ചിട്ടുണ്ട്. ഒമാനിലെ പ്രധാന സമുദ്ര സംരക്ഷിത മേഖലയായ അൽ ഹല്ലാനിയാത്തിലേക്കും എണ്ണ മലിനീകരണം എത്തിയതായി റിപ്പോർട്ടുണ്ട്.
റാസ് മദ്‌റക്ക മേഖലയിലെ ഏകദേശം 40 കിലോമീറ്റർ തീരപ്രദേശത്തെ മലിനീകരണം ബാധിക്കാൻ സാധ്യതയുണ്ട്. അപൂർവ കടലാമകളുടെയും മറ്റ് സമുദ്രജീവികളുടെയും ആവാസകേന്ദ്രമായ മസീറ ദ്വീപിന്റെ തെക്കൻ തീരവും അപകടഭീഷണിയിലാണ്. എണ്ണച്ചോർച്ച തുടർന്നാൽ കടൽജീവജാലങ്ങൾക്കും മത്സ്യബന്ധന മേഖലയ്ക്കും തീരദേശ സമൂഹങ്ങൾക്കും വലിയ തിരിച്ചടിയാകുമെന്നാണ് ആശങ്ക.
ഇറാൻ തീരത്തും എണ്ണച്ചോർച്ച
ഒമാനിലെ ദുരന്തത്തിന് പിന്നാലെ ഇറാന്റെ തീരപ്രദേശങ്ങളിലും പുതിയ എണ്ണപ്പാടകൾ കണ്ടെത്തിയത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ക്വാഷ്ം ദ്വീപ്, ഹെംഗാം ദ്വീപുകൾ എന്നിവിടങ്ങളിലാണ് എണ്ണ മലിനീകരണത്തിന്റെ സൂചനകൾ ലഭിച്ചത്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച ലൈബീരിയൻ പതാകയുള്ള മിനോവൻ പയനിയർ എന്ന കപ്പലിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടാണ് ഈ ചോർച്ചയെന്ന് ടാങ്കർ ട്രാക്കിങ് ഏജൻസികളെ ഉദ്ധരിച്ച് റിപ്പോർട്ടുണ്ട്. സിറി ദ്വീപിന് സമീപവും മറ്റൊരു എണ്ണപ്പാട കണ്ടെത്തിയതായി റിപ്പോർട്ട് പറയുന്നു.
കടൽ പരിസ്ഥിതിക്ക് വൻ ഭീഷണി
എണ്ണച്ചോർച്ച പവിഴപ്പുറ്റുകൾ, കടലാമകൾ, മത്സ്യങ്ങൾ, കണ്ടൽക്കാടുകൾ തുടങ്ങിയ സമുദ്ര ആവാസവ്യവസ്ഥകളെ ഗുരുതരമായി ബാധിക്കാം. അതേസമയം മേഖലയിലെ സംഘർഷാവസ്ഥ കാരണം രക്ഷാപ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും സങ്കീർണമാകാനുള്ള സാധ്യതയുമുണ്ട്. അടിയന്തരമായി അന്താരാഷ്ട്ര തലത്തിൽ ഇടപെടുകയും എണ്ണച്ചോർച്ച നിയന്ത്രിക്കുകയും തീരപ്രദേശങ്ങളെ സംരക്ഷിക്കുകയും വേണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം.