
പ്രവാസികൾക്ക് ഗൾഫിലിരുന്നും നാടിന്റെ തനിമയുള്ള ഓണസദ്യ ഒരുക്കാൻ അവസരമൊരുക്കി ലുലു ഗ്രൂപ്പ്. ഓണസദ്യയ്ക്കാവശ്യമായ പഴം, പച്ചക്കറി, വാഴയില തുടങ്ങിയ വിഭവങ്ങളുമായി ലുലുവിന്റെ പ്രത്യേക കാർഗോ വിമാനങ്ങൾ കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് പുറപ്പെട്ടു. നാഷനൽ എയർലൈൻസിന്റെ കാർഗോ വിമാനത്തിൽ 45 ടൺ ഓണവിഭവങ്ങളാണ് ആദ്യഘട്ടത്തിൽ ഗൾഫിലേക്ക് അയച്ചത്. 60 ടൺ സാധനങ്ങളുമായി മറ്റൊരു കാർഗോ വിമാനം കൂടി ഇന്ന് പുറപ്പെടും.
പ്രവാസികൾക്ക് ഓണാഘോഷത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലുലു ഗ്രൂപ്പ് പ്രത്യേക ഒരുക്കങ്ങൾ നടത്തുന്നത്. ലുലു ഫെയർ എക്സ്പോർട്ടിന്റെ നേതൃത്വത്തിൽ മൂന്ന് ലക്ഷത്തിലധികം പഴം-പച്ചക്കറികളാണ് ഗൾഫ് രാജ്യങ്ങളിലെ ലുലു സ്റ്റോറുകളിലേക്ക് എത്തിക്കുന്നത്. ഗൾഫ് മേഖലയിലെ ലുലു സ്റ്റോറുകൾ പ്രവാസികളുടെ ഓണാഘോഷത്തിനായി പൂർണ സജ്ജമാണെന്നും അധികൃതർ അറിയിച്ചു. നാട്ടിൽ നിന്ന് എത്തുന്ന പച്ചക്കറികളും പഴങ്ങളും വാഴയിലയും ഉൾപ്പെടെയുള്ള വിഭവങ്ങൾ ലഭ്യമാകുന്നതോടെ ഗൾഫിലും കേരളത്തിന്റെ തനത് ഓണസദ്യയുടെ രുചി ഒരുക്കാനാകും.