
മഹാരാഷ്ട്രയിൽ യഥാർഥ പാലിന് പകരം രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമ പാൽ നിർമിക്കുന്ന വൻ റാക്കറ്റ് കണ്ടെത്തിയതായി സംസ്ഥാന ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) കമ്മിഷണർ തുക്കാരാം മുണ്ടെ വെളിപ്പെടുത്തി. ‘ഫൂഡ് ഫാർമർ’ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് അദ്ദേഹം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കിയതിന്റെ ഭാഗമായി 1,131 പരിശോധനകൾ നടത്തിയതായും ഇതിലൂടെ ഏകദേശം 49.57 കോടി രൂപയുടെ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തതായും മുണ്ടെ പറഞ്ഞു. കൂടാതെ 1.6 ലക്ഷം ലീറ്റർ മായം ചേർത്ത പാൽ അധികൃതർ പിടികൂടി.
ഷാംപൂ, കാസ്റ്റിക് സോഡ; കൃത്രിമ പാൽ നിർമാണം
യഥാർഥ പാലിന് പകരം രാസവസ്തുക്കൾ ഉപയോഗിച്ച് പാൽ പോലെയുള്ള ദ്രാവകം നിർമിക്കുന്ന സമാന്തര യൂണിറ്റുകൾ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. സ്കിംഡ് മിൽക്ക് പൗഡർ, കാസ്റ്റിക് സോഡ, എമൽസിഫയറുകൾ, ഷാംപൂ തുടങ്ങിയവ പ്രത്യേക രീതിയിൽ കലർത്തിയാണ് കൃത്രിമ പാൽ നിർമിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയതായി മുണ്ടെ വ്യക്തമാക്കി.
യഥാർഥ പാലിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ ഇത് നിർമിക്കാനാകുന്നതാണ് തട്ടിപ്പുകാർക്ക് പ്രേരണയാകുന്നത്. മഹാരാഷ്ട്രയിൽ യഥാർഥ പാലിന്റെ വിപണി വില ലീറ്ററിന് ഏകദേശം 40–50 രൂപ വരുമ്പോൾ, കൃത്രിമ പശുവിൻ പാലിന്റെ നിർമാണച്ചെലവ് ഏകദേശം 15 രൂപയും, എരുമപ്പാലിന്റേത് ഏകദേശം 30 രൂപയും മാത്രമാണെന്നാണ് അധികൃതർ പറയുന്നത്. ഈ കൃത്രിമ പാൽ യഥാർഥ പാലുമായി കലർത്തി വിൽക്കുന്നതിലൂടെ വൻ ലാഭമാണ് ലക്ഷ്യമിടുന്നത്. പാൽ മായം ചേർക്കുന്നത് കർഷകതലത്തിൽ തുടങ്ങി പാൽ ശേഖരണ കേന്ദ്രങ്ങളിലും ശീതീകരണ യൂണിറ്റുകളിലും നടക്കുന്നതായും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
ഓരോ തുള്ളി പാലും ഡിജിറ്റലായി ട്രാക്ക് ചെയ്യാൻ പദ്ധതി
പാൽ മായം ചേർക്കുന്നത് തടയാൻ കർഷകനിൽ നിന്ന് ഉപഭോക്താവിലേക്കുള്ള മുഴുവൻ വിതരണ ശൃംഖലയും ഡിജിറ്റലൈസ് ചെയ്യണമെന്നാണ് തുക്കാരാം മുണ്ടെയുടെ നിലപാട്. ഓരോ ക്ഷീരകർഷകന്റെയും കന്നുകാലികളുടെ എണ്ണവും ഉൽപാദിപ്പിക്കുന്ന പാലിന്റെ അളവും കൃത്യമായി രേഖപ്പെടുത്തും. നാഷനൽ ഡിജിറ്റൽ ലൈവ്സ്റ്റോക്ക് മിഷന്റെ ഭാഗമായി കന്നുകാലികൾക്ക് നൽകുന്ന ഡിജിറ്റൽ ടാഗുകൾ പാൽ ശേഖരണ വിവരങ്ങളുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.
ഒരു ഗ്രാമത്തിൽ രേഖപ്പെടുത്തിയിട്ടുള്ള കന്നുകാലികളുടെ ഉൽപാദനശേഷിയേക്കാൾ അധികമായി പാൽ ശേഖരിക്കുന്നതായി കണ്ടെത്തിയാൽ സംവിധാനത്തിലൂടെ തന്നെ അധികൃതർക്ക് മുന്നറിയിപ്പ് ലഭിക്കുന്ന തരത്തിലാകും സംവിധാനം.
ഭക്ഷ്യസുരക്ഷാ പരിശോധനയും ശക്തമാക്കി
മെയ് 25ന് ചുമതലയേറ്റതിന് ശേഷം സംസ്ഥാനത്ത് പ്രതിദിനം 20ലേറെ പരിശോധനകൾ FDA നടത്തിവരുന്നതായി മുണ്ടെ അറിയിച്ചു. റസ്റ്ററന്റുകൾ, ഹോട്ടലുകൾ, ഭക്ഷ്യനിർമാണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി 1,100ലേറെ പരിശോധനകൾ ഇതിനകം നടന്നു. കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കൾ, കേടായ ഇറച്ചി, വീണ്ടും ഉപയോഗിക്കുന്ന പാചക എണ്ണ, വൃത്തിഹീനമായ സാഹചര്യങ്ങൾ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നൂറോളം സ്ഥാപനങ്ങളുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. പാൽ മായം ചേർക്കൽ ഉൾപ്പെടെയുള്ള ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ തടയാൻ കർശന പരിശോധനകൾ തുടരുന്നതിനൊപ്പം, വിതരണ ശൃംഖല പൂർണമായി ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ ഇത്തരം തട്ടിപ്പുകൾക്ക് സ്ഥിരമായ പരിഹാരം കാണാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.