‘ഭർത്താവിന് അപകടം’ എന്ന് പറഞ്ഞ് ഭാര്യയെ വിശ്വസിപ്പിച്ചു; പണവും സ്വർണവും മോഹിച്ച് കൊലപാതകം, കുട്ടികളെ പോലും വെറുതെ വിടാത്ത ക്രൂരത…

ഈജിപ്തിലെ ന്യൂ കയ്റോയിലെ ഫിഫ്ത് സെറ്റിൽമെന്റിൽ നാലംഗ കുടുംബത്തെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സുഹൃത്തിന്റെ പണവും സ്വർണവും കവർന്നെടുക്കാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് പ്രതി മൊഴി നൽകിയതായി ഈജിപ്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൊല്ലപ്പെട്ടത് പ്രിന്റിങ് പ്രസിന്റെ ഉടമയായ യുവാവും ഭാര്യയും അവരുടെ രണ്ട് പെൺമക്കളുമാണ്. കുടുംബനാഥനെ കാണാനില്ലെന്ന് സഹോദരൻ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിനും വാഹനത്തിനും സമീപത്തുനിന്ന് നിർണായക തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു.

ആദ്യം സുഹൃത്തിനെ കൊലപ്പെടുത്തി

കൊല്ലപ്പെട്ട കുടുംബനാഥന്റെ അടുത്ത സുഹൃത്തായിരുന്നു കേസിലെ പ്രതി. കുടുംബത്തിന്റെ വീട്ടിൽ പണവും സ്വർണക്കട്ടികളും സൂക്ഷിച്ചിട്ടുണ്ടെന്ന് ഇയാൾക്ക് അറിയാമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന പ്രതി ഇവ കൈക്കലാക്കാൻ സുഹൃത്തിനെ കൊലപ്പെടുത്താൻ തീരുമാനിച്ചെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. കാറിൽ യാത്ര പോകാമെന്ന് പറഞ്ഞ് സുഹൃത്തിനെ ഒപ്പം കൂട്ടിയ പ്രതി യാത്രയ്ക്കിടെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വീട്ടിന്റെ താക്കോൽ കൈക്കലാക്കി മൃതദേഹം ഐൻ സുഖ്ന റോഡിന് സമീപം ഉപേക്ഷിച്ചു. വീട്ടിലെത്തിയെങ്കിലും സുരക്ഷാ ജീവനക്കാരനെ കണ്ടതോടെ കവർച്ച നടത്താനുള്ള ശ്രമം പരാജയപ്പെട്ടു. രാത്രിയിൽ തിരിച്ചെത്തി കവർച്ച പൂർത്തിയാക്കാനായിരുന്നു പ്രതിയുടെ പദ്ധതി.

‘ഭർത്താവിന് അപകടം’; ഭാര്യയെയും മക്കളെയും വിളിച്ചുവരുത്തി

പിന്നീട് കൊല്ലപ്പെട്ടയാളുടെ ഭാര്യയെ ഫോണിൽ വിളിച്ച് ഭർത്താവിന് വാഹനാപകടമുണ്ടായെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും പ്രതി വിശ്വസിപ്പിച്ചു. ഇതോടെ ഭാര്യ രണ്ട് പെൺമക്കളെയും കൂട്ടി പ്രതിക്കൊപ്പം കാറിൽ കയറി. എന്നാൽ വഴിമധ്യേ പ്രതി മൂന്നുപേരെയും വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹങ്ങൾ കാറിനുള്ളിൽ തന്നെ ഉപേക്ഷിച്ച് വാഹനം വീടിന് സമീപം നിർത്തി. വാഹനം പുറത്തുനിന്ന് ശ്രദ്ധയിൽപ്പെടാതിരിക്കാനും പ്രതി ശ്രമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

ഫൊറൻസിക് തെളിവുകൾ നിർണായകമായി

മൃതശരീരങ്ങളിൽ നടത്തിയ ഫൊറൻസിക് പരിശോധനയും സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച തെളിവുകളുമാണ് അന്വേഷണസംഘത്തെ പ്രതിയിലേക്ക് എത്തിച്ചത്. വിരലടയാളങ്ങൾ, ജൈവസാംപിളുകൾ, വെടിയുണ്ടകളുമായി ബന്ധപ്പെട്ട തെളിവുകൾ എന്നിവ ശേഖരിച്ചു.
പ്രദേശത്തെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന തോക്കും പൊലീസ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. കുടുംബാംഗങ്ങളുടെ കൊലപാതകത്തിന്റെയും കവർച്ചാ ശ്രമത്തിന്റെയും മുഴുവൻ വിശദാംശങ്ങളും പുറത്തുകൊണ്ടുവരാൻ അന്വേഷണം തുടരുകയാണ്. കേസിൽ പബ്ലിക് പ്രോസിക്യൂഷനും തുടർനടപടികൾ ആരംഭിച്ചു. കുടുംബത്തിലെ രണ്ട് പെൺമക്കളുടെ മരണത്തിൽ അവർ പഠിച്ചിരുന്ന സ്കൂളും അനുശോചനം രേഖപ്പെടുത്തി. എട്ടാം ക്ലാസിൽ പഠിച്ചിരുന്ന ഹെലനും ഒൻപതാം ക്ലാസുകാരിയായ ലിലിയനും കുടുംബത്തോടൊപ്പമാണ് കൊല്ലപ്പെട്ടത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy