Qatar Ministry of Justice; ഖത്തറിലെ നിയമ-നയതന്ത്ര മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ പ്രൊഫഷണൽ മികവ് വർദ്ധിപ്പിക്കുന്നതിനായി നീതി മന്ത്രാലയവും വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്ലോമാറ്റിക് ഇൻസ്റ്റിറ്റ്യൂട്ടും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. പരിശീലനം, ഉദ്യോഗസ്ഥ വികസനം, ശാസ്ത്രീയ ഗവേഷണം എന്നീ മേഖലകളിൽ പരസ്പര സഹകരണം ഉറപ്പാക്കുകയാണ് ഈ കരാറിന്റെ പ്രധാന ലക്ഷ്യം. നീതി മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഖാലിദ് മുഹമ്മദ് അഹമ്മദ് അൽ ഉബൈദ്ലിയും ഡിപ്ലോമാറ്റിക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. അബ്ദുൽ അസീസ് മുഹമ്മദ് അൽ ഹോറും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. നീതി മന്ത്രാലയ മന്ത്രിയും ക്യാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിൻ അലി അൽ മൊഹന്നദിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഇരു സ്ഥാപനങ്ങളിലെയും വിദഗ്ധരെയും പരിശീലകരെയും പരസ്പരം കൈമാറുന്നതിലൂടെ അറിവുകൾ പങ്കുവെക്കാൻ ഈ കരാർ വഴിയൊരുക്കും. നിയമ-നയതന്ത്ര വിഷയങ്ങളിൽ സംയുക്തമായി സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, കോൺഫറൻസുകൾ എന്നിവ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. കൂടാതെ, രാജ്യത്തെ പ്രൊഫഷണലുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക ഗവേഷണ പഠനങ്ങളും കൺസൾട്ടൻസി സേവനങ്ങളും ഈ സഹകരണത്തിന്റെ ഭാഗമായി നടപ്പിലാക്കും. ദേശീയ തലത്തിൽ മികച്ച പ്രൊഫഷണലുകളെ വാർത്തെടുക്കാനുള്ള നീതി മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ കരാറെന്ന് ഖാലിദ് മുഹമ്മദ് അഹമ്മദ് അൽ ഉബൈദ്ലി പറഞ്ഞു. മാറുന്ന കാലത്തെ വെല്ലുവിളികളെ നേരിടാൻ ഉദ്യോഗസ്ഥരെ സജ്ജരാക്കാൻ ഈ പങ്കാളിത്തം സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/DYPO80C5nNo3Qv0FLcH5EY?mode=gi_t ഖത്തറിലെ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ മികവുറ്റതാക്കാനും സ്വദേശി ഉദ്യോഗസ്ഥർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം ഉറപ്പാക്കാനും ഈ കരാർ സഹായകമാകുമെന്ന് ഡോ. അൽ ഹോർ പറഞ്ഞു. ഇത് ഇരു സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധത്തിലെ പുതിയൊരു നാഴികക്കല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.