ഹോർമുസ് കടലിടുക്കിൽ യുദ്ധഭീതി; ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം; 21 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം അതിരൂക്ഷമാകുന്നു. ഹോർമുസ് കടലിടുക്കിനു സമീപം അമേരിക്കൻ സൈന്യത്തിന്റെ അത്യാധുനിക അപ്പാച്ചെ ഹെലികോപ്റ്റർ വെടിവച്ചിട്ടതിന് പിന്നാലെ മേഖലയിൽ സൈനിക നടപടികൾ ശക്തമാക്കി യുഎസ്. ഹെലികോപ്റ്റർ തകർത്തതിന് ശക്തമായ തിരിച്ചടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്കിനു സമീപം യുഎസിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ വെടിവച്ചിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. സംഭവത്തിൽ ഇറാനാണ് ഉത്തരവാദികളെന്ന് പ്രസിഡന്റ് ആരോപിച്ചുവെങ്കിലും ഇറാൻ ഈ വാദങ്ങൾ ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്. ഹെലികോപ്റ്റർ തകർത്തതിന് മറുപടിയായി ഇറാൻ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക വ്യോമാക്രമണം ആരംഭിച്ചു. ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ ദ്വീപിൽ സ്ഫോടനങ്ങൾ നടന്നതായും ജോർദാനിലെ യുഎസ് താവളമായ അൽ-അസ്റഖിനു നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
ഇതിനിടയിൽ ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ മിസൈൽ ആക്രമണം ഉണ്ടായി. ‘സെറ്റബെല്ലോ’ എന്ന എണ്ണക്കപ്പലിന്റെ എൻജിൻ റൂമിലേക്ക് മിസൈൽ തുളച്ചുകയറി തീപിടിച്ചു. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യക്കാരിൽ 21 പേരെ രക്ഷപ്പെടുത്തിയെങ്കിലും മൂന്നുപേരെ കണ്ടെത്താനായി തിരച്ചിൽ തുടരുന്നു. വിദേശകാര്യ മന്ത്രാലയം സംഭവത്തെ ശക്തമായി അപലപിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള ശത്രുത പരസ്യമായ യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ഭീതിയിലാണ് ലോകരാജ്യങ്ങൾ. മേഖലയിലെ സംഘർഷം അടിയന്തരമായി ലഘൂകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും കടുത്ത നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്. കപ്പലുകൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ അതീവ ഗൗരവകരമാണെന്നും നയതന്ത്രപരമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു.
Comments (0)