സമാധാന കരാറിലേക്ക് അമേരിക്ക; യുദ്ധഭീതിയും വ്യോമാക്രമണങ്ങളും തുടർക്കഥയായി മിഡിൽ ഈസ്റ്റ്!
ബെയ്റൂട്ട്/ദുബായ്: മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനുള്ള നിർണായക കരാറിന്റെ അവസാന ഘട്ടത്തിലാണ് തങ്ങളെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കുമ്പോഴും മേഖലയിൽ ആക്രമണങ്ങൾക്ക് ശമനമില്ല. വെടിനിർത്തൽ പ്രഖ്യാപിച്ച് 63 ദിവസങ്ങൾ പിന്നിട്ടിട്ടും ഇസ്രായേലും ലബനനും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായി തുടരുകയാണ്. ദക്ഷിണ ലബനനിലെ പുരാതന നഗരമായ ടൈറിലുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. ജനങ്ങളോട് പ്രദേശം ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകുന്നതിന് തൊട്ടുമുൻപാണ് ഈ ആക്രമണം നടന്നതെന്നാണ് ലബനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതിനിടെ, ഇസ്രായേൽ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഇറാനും ഔദ്യോഗികമായി സ്ഥിരീകരിച്ചു. എന്നാൽ ഡൊണാൾഡ് ട്രംപിന്റെ അഭ്യർത്ഥന മാനിച്ചുകൊണ്ട് താൽക്കാലികമായി ആക്രമണങ്ങൾ നിർത്താൻ ഇസ്രായേലും ഇറാനും നിലവിൽ സമ്മതിച്ചിട്ടുണ്ടെന്നാണ് സൂചന. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇറാനുമായി പുതിയൊരു കരാറിനെക്കുറിച്ച് വ്യക്തമായ ധാരണയിലെത്താൻ സാധിക്കുമെന്നും ട്രംപ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. യെമനിൽ നിന്നും ഇസ്രായേലിലേക്ക് ലക്ഷ്യമിട്ട് വന്ന ഡ്രോൺ ആക്രമണം വിജയകരമായി തടഞ്ഞതായി ഇസ്രായേൽ സൈന്യം അറിയിച്ചിട്ടുണ്ട്.
യുദ്ധഭീതി പൂർണ്ണമായും ഒഴിഞ്ഞിട്ടില്ലെങ്കിലും താൽക്കാലികമായി അടച്ചിട്ടിരുന്ന തെഹ്റാൻ അന്താരാഷ്ട്ര വിമാനത്താവളം ഇറാൻ വീണ്ടും തുറന്നുനൽകിയിട്ടുണ്ട്. സൗദി അറേബ്യയിൽ നിന്നും ഹജ്ജ് തീർത്ഥാടനം കഴിഞ്ഞ മടങ്ങിയെത്തിയ യാത്രികർ ഇറാനിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. സമാധാന ചർച്ചകൾ സജീവമായി പുരോഗമിക്കുമ്പോഴും അതിർത്തികളിൽ ആക്രമണങ്ങൾ ആവർത്തിക്കുന്നത് പ്രവാസികൾ ഉൾപ്പെടെയുള്ള ജനങ്ങളെ വലിയ രീതിയിൽ ആശങ്കപ്പെടുത്തുന്നുണ്ട്.
Comments (0)