അബുദാബി നഗരത്തിലെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ബൈക്കുകൾക്കും സ്കൂട്ടറുകൾക്കും കർശന നിയന്ത്രണങ്ങളുമായി സംയോജിത ഗതാഗത കേന്ദ്രം (ITC). ഇനി മുതൽ നഗരത്തിലൂടെ ചീറിപ്പായാമെന്ന് മോഹിക്കേണ്ട; നിയമം തെറ്റിച്ചാൽ 500 ദിർഹം പിഴ മാത്രമല്ല, വണ്ടി കസ്റ്റഡിയിൽ എടുക്കാനും സാധ്യതയുണ്ട്.
പുതിയ നിയമങ്ങൾ ഒറ്റനോട്ടത്തിൽ:
വേഗപരിധി: ഇ-ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും പരമാവധി വേഗത 20 കിലോമീറ്ററായി നിജപ്പെടുത്തി.
യാത്ര എവിടെ?: സൈക്കിൾ പാതകളിലൂടെയോ സംയുക്ത പാതകളിലൂടെയോ മാത്രം യാത്ര ചെയ്യുക. പാതകളില്ലാത്ത ഇടങ്ങളിൽ മണിക്കൂറിൽ 60 കി.മീ വേഗപരിധിയുള്ള റോഡുകളുടെ വലതുവശം ചേർന്ന് പോകാം.
നിരോധനം: ഹൈവേകളിലും തിരക്കേറിയ പ്രധാന റോഡുകളിലും ഇ-ബൈക്കുകൾ ഇറക്കുന്നത് പൂർണ്ണമായും നിരോധിച്ചു.
പ്രായപരിധി: 16 വയസ്സിൽ താഴെയുള്ളവർക്ക് ഇ-ബൈക്ക് ഓടിക്കാൻ അനുമതിയില്ല.
സുരക്ഷാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക:
ഒരാൾക്ക് മാത്രം: ഇ-ബൈക്കിൽ ഒരാൾ മാത്രമേ യാത്ര ചെയ്യാവൂ.
ഹെൽമറ്റ് നിർബന്ധം: സുരക്ഷയ്ക്കായി ഹെൽമറ്റ് ധരിക്കണം. രാത്രികാലങ്ങളിൽ റിഫ്ലക്ടീവ് ജാക്കറ്റുകൾ ധരിക്കുന്നത് നിർബന്ധമാണ്.
ഫോൺ ഉപയോഗം വേണ്ട: യാത്രയ്ക്കിടെ മൊബൈലോ ഹെഡ് ഫോണോ ഉപയോഗിക്കാൻ പാടില്ല.
ലൈറ്റും ബ്രേക്കും: മുന്നിൽ വെള്ള ലൈറ്റും പിന്നിൽ ചുവന്ന ലൈറ്റും (അല്ലെങ്കിൽ റിഫ്ലക്ടർ) വേണം. പ്രവർത്തനക്ഷമമായ ബ്രേക്കും ബെല്ലും നിർബന്ധമാണ്.
സീബ്രാ ക്രോസിങ്: സീബ്രാ ക്രോസിംഗിലൂടെ വാഹനം ഓടിക്കരുത്.
ജിപിഎസ് ട്രാക്കിങ്: വാടകയ്ക്ക് നൽകുന്ന ഇ-ബൈക്കുകളിൽ നിർബന്ധമായും ജിപിഎസ് സൗകര്യം ഉണ്ടായിരിക്കണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുദ്ധഭീതി ശക്തം! ഇറാനെ ലക്ഷ്യമിട്ട് ട്രംപിന്റെ കപ്പൽപ്പട അറബിക്കടലിൽ; പശ്ചിമേഷ്യയിൽ ആശങ്ക
ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക ഉടൻ സൈനിക നടപടി ആരംഭിച്ചേക്കുമെന്ന സൂചനകളാണ് രാജ്യാന്തര മാധ്യമങ്ങൾ നൽകുന്നത്. പേര്ഷ്യൻ ഗൾഫ് മേഖലയിലൂടെയോ അറബിക്കടൽ വഴിയോ ആയിരിക്കും അമേരിക്കയുടെ സൈനിക നീക്കമെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി യു.എസ്. നാവിക സേനയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ ഇതിനകം മേഖലയിൽ സജ്ജമായതായി വിവരം പുറത്തുവന്നു. ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളടക്കമുള്ള യുദ്ധക്കപ്പലുകളും സൈനിക സന്നാഹങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ദക്ഷിണ ചൈനാ കടൽ വഴി ഇന്ത്യൻ മഹാസമുദ്രത്തിലെത്തിയ വിമാനവാഹിനിക്കപ്പൽ അടുത്ത ദിവസങ്ങളിൽ അറബിക്കടലിൽ നങ്കൂരമിടുമെന്നാണ് വിലയിരുത്തൽ. പശ്ചിമേഷ്യയിൽ, പ്രത്യേകിച്ച് ഇസ്രയേൽ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ യുഎസ് കൂടുതൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചതായും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസിന്റെ എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനങ്ങൾ ഇതിനകം മേഖലയിൽ എത്തിയതായും യു.എസ്. സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സൈനിക വിമാനത്താവളത്തിൽ യുദ്ധവിമാനം ഇറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഇറാനിലെ ആഭ്യന്തര കലാപവുമായി ബന്ധപ്പെട്ട മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ ഇതുവരെ ഇറാൻ പുറത്തുവിട്ടിട്ടില്ല. പ്രതിഷേധങ്ങൾ ആരംഭിച്ചതിനുശേഷം ഏകദേശം 2,000 പേർ കൊല്ലപ്പെട്ടതായി പേര് വെളിപ്പെടുത്താത്ത ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ യഥാർത്ഥ മരണസംഖ്യ 12,000 മുതൽ 20,000 വരെ ആയിരിക്കാമെന്ന വിലയിരുത്തലുകളും രാജ്യാന്തര മാധ്യമങ്ങൾ മുന്നോട്ടുവയ്ക്കുന്നു. അതേസമയം, വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ചെലവേറിയ യുദ്ധത്തിൽ അമേരിക്കക്ക് താൽപര്യമില്ലെന്ന സൂചനകളും ശക്തമാണ്. അതിനാൽ നേരിട്ടുള്ള യുദ്ധത്തിന് പകരം വെനസ്വേലയിലെ മാതൃകയിൽ ഭരണമാറ്റം ലക്ഷ്യമിട്ട നീക്കങ്ങളിലേക്ക് ട്രംപ് ഭരണകൂടം കടക്കുമെന്നാണു വിലയിരുത്തൽ. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ മാറ്റി റെസ പഹ്ലവിയെ അധികാരത്തിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികളും പരിഗണനയിലുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply