ദുബായ്: ദുബായ് വെസ്റ്റിലെ റെംറാം കമ്യൂണിറ്റിയിൽ കെട്ടിടങ്ങൾക്കുള്ളിലും പരിസരത്തും പാമ്പുകളെ കണ്ടെത്തിയതിനെത്തുടർന്ന് താമസക്കാർ കനത്ത ജാഗ്രതയിൽ. കുട്ടികളടക്കമുള്ളവർക്ക് രക്ഷിതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടെ പാമ്പുകളെ കണ്ടതായി താമസക്കാർ പറയുന്നു.
അൽ റംത്ത് ക്ലസ്റ്ററിലെ ചില താമസക്കാർ വാതിൽപ്പടിയിലും ബാൽക്കണിയിലുമായി പാമ്പുകളെ കണ്ടതായി പറയുന്നു. ഇവയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ദുബായ് മുനിസിപ്പാലിറ്റി അടിയന്തരമായി ഇടപെട്ടു. പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ഉടൻ നടപടികൾ സ്വീകരിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു.
ഒരു പാമ്പിനെ പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും പാമ്പ് കെണികളും പ്രതിരോധ മാർഗങ്ങളും സ്ഥാപിച്ചതായും അധികൃതർ വ്യക്തമാക്കി. സമീപത്തുള്ള നിർമാണ പ്രവർത്തനങ്ങളാണ് പാമ്പുകൾ ഇവിടെയെത്താൻ കാരണമെന്ന് താമസക്കാർ പലരും വിശ്വസിക്കുന്നു. നിർമാണ സ്ഥലങ്ങളുടെ സമീപം സാധനങ്ങൾ കൂട്ടിയിടുന്നതിനാൽ പാമ്പുകളെത്താൻ സാധ്യതയുണ്ടെന്ന് ദുബായ് മുനിസിപ്പാലിറ്റിയും സമ്മതിച്ചു.
മുനിസിപ്പാലിറ്റിയും ഡെവലപർമാരും ചേർന്ന് അധിക കെണികൾ സ്ഥാപിക്കുക, മാലിന്യങ്ങൾ നീക്കം ചെയ്യുക, നിരന്തരമായ നിരീക്ഷണം നടത്തുക തുടങ്ങിയ പ്രതിവിധികൾ സ്വീകരിക്കുന്നുണ്ട്. പൊതുജനാരോഗ്യം, സുരക്ഷ എന്നിവ ഉറപ്പുവരുത്താൻ മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്നും താമസക്കാർക്കും ഡെവലപർമാർക്കും ഒപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t
തിരുമ്പി വന്തിട്ടേൻ! ഫോബ്സ് റിയൽ ടൈം പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി എം.എ. യൂസഫലി, ആസ്തി എത്രയെന്ന് അറിയേണ്ടേ?
ദുബായ് ∙ ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ ഫോബ്സ് റിയൽ ടൈം പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വീണ്ടും ഒന്നാമതെത്തി. 61,600 കോടി രൂപ (7 ബില്യൺ ഡോളർ) ആസ്തിയുള്ള യൂസഫലി ആഗോള പട്ടികയിൽ 547–ാം സ്ഥാനത്താണ്. കഴിഞ്ഞയാഴ്ച ജോയ് ആലുക്കാസിനു പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് ശേഷമുള്ള ശക്തമായ തിരിച്ചുവരവാണിത്.
കഴിഞ്ഞ വാരം ഫോബ്സ് പട്ടികയിൽ ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് ആയിരുന്നു ഏറ്റവും സമ്പന്നനായ മലയാളി. അന്ന് 6.7 ബില്യൺ ഡോളർ (ഏകദേശം 59,000 കോടി രൂപ) ആസ്തിയോടെ അദ്ദേഹം പട്ടികയിൽ ഇടം നേടിയിരുന്നു. അതേസമയം, യൂസഫലിയുടെ ആസ്തി 5.4 ബില്യൺ ഡോളർ (ഏകദേശം 47,500 കോടി രൂപ) ആയിരുന്നു. എന്നാൽ, ഒരാഴ്ചയ്ക്കിപ്പുറം യൂസഫലി വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
ലോകത്തിലെയും ഇന്ത്യയിലെയും അതിസമ്പന്നർ
ആഗോള തലത്തിൽ ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌ക് ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കാരിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഒന്നാമത്. അദ്ദേഹത്തിന്റെ ആസ്തി 106.1 ബില്യൺ ഡോളറാണ്. ഗൗതം അദാനി 64.1 ബില്യൺ ഡോളറുമായി രണ്ടാം സ്ഥാനത്തുണ്ട്.
കേരളത്തിലെ ലുലു ഗ്രൂപ്പിന്റെ നിക്ഷേപങ്ങൾ
ലോകമെമ്പാടും ബിസിനസ് ശൃംഖലയുള്ള ലുലു ഗ്രൂപ്പ് കേരളത്തിലും വലിയ നിക്ഷേപങ്ങളാണ് നടത്തിയിട്ടുള്ളത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിൽ ലുലു മാളുകൾ പ്രവർത്തിക്കുന്നു. കൂടാതെ, കൊച്ചി ഇൻഫോപാർക്ക് രണ്ടാം ഘട്ടത്തിൽ 500 കോടി രൂപയുടെ പുതിയ നിക്ഷേപത്തിന് ലുലു ഒരുങ്ങുന്നുണ്ട്. അടുത്തിടെ കൊച്ചിയിൽ ലുലു ഗ്രൂപ്പിന്റെ ട്വിൻ ടവറുകൾ തുറന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐ.ടി ടവറുകളിലൊന്നാണ്.
കൊച്ചിയിൽ ലുലു മാളിന് പുറമെ, ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ, ഗ്രാൻഡ് ഹയാത്, മാരിയറ്റ്, വി.പി.എസ് ലേക് ഷോർ ഹോസ്പിറ്റൽ, ട്രിബ്യൂട്ട് പോർട്ഫോളിയോ ബൈ മാരിയറ്റ്, എമ്മേ ലോജിസ്റ്റിക്സ് പാർക്ക് തുടങ്ങിയ നിരവധി നിക്ഷേപങ്ങളും ലുലു ഗ്രൂപ്പ് നടത്തിയിട്ടുണ്ട്.
മറ്റ് പ്രമുഖ മലയാളികൾ
ഫോബ്സ് പട്ടികയിൽ ഇടം നേടിയ മറ്റ് പ്രമുഖ മലയാളികൾ ഇവരാണ്:
ജോയ് ആലുക്കാസ് (ജോയ് ആലുക്കാസ് ഗ്രൂപ്പ്) – 754-ാം സ്ഥാനം
സണ്ണി വർക്കി (ജെംസ് എജുക്കേഷൻ) – 4 ബില്യൺ ഡോളർ
രവി പിള്ള (ആർ.പി. ഗ്രൂപ്പ്) – 4 ബില്യൺ ഡോളർ
ടി.എസ്. കല്യാണരാമൻ (കല്യാണ ജ്വല്ലേഴ്‌സ്) – 3.6 ബില്യൺ ഡോളർ
പി.എൻ.സി. മേനോൻ (ശോഭ ഗ്രൂപ്പ്) – 3.6 ബില്യൺ ഡോളർ
ക്രിസ് ഗോപാലകൃഷ്ണൻ (ഇൻഫോസിസ്) – 3.5 ബില്യൺ ഡോളർ
രമേശ് കുഞ്ഞിക്കണ്ണൻ (കെയ്ൻസ് ഗ്രൂപ്പ്) – 3 ബില്യൺ ഡോളർ
മുത്തൂറ്റ് ഫിനാൻസ് പ്രൊമോട്ടർമാർ – 2.6 ബില്യൺ ഡോളർ
ഡോ. ഷംഷീർ വയലിൽ (ബുർജീൽ ഹോൾഡിങ്സ്) – 1.9 ബില്യൺ ഡോളർ
എസ്.ഡി. ഷിബുലാൽ (ഇൻഫോസിസ്) – 1.9 ബില്യൺ ഡോളർ
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (വി-ഗാർഡ് ഗ്രൂപ്പ്) – 1.4 ബില്യൺ ഡോളർ
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t
‘തങ്ങളിൽ ആരെ തൊട്ടാലും ഒന്നിച്ച് പ്രതിരോധിക്കും,’ സൗദിയും പാക്കിസ്താനും നിർണായക കരാറിലൊപ്പുവെച്ചു, പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് ഇന്ത്യ
നിർണ്ണയ പ്രതിരോധ കരാറിലൊപ്പുവെച്ചു സൗദിയും പാക്കിസ്താനും. ബുധനാഴ്ചയാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനും ഏതെങ്കിലും വെല്ലുവിളികൾക്കെതിരെ സംയുക്ത പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്ന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. പാകിസ്താൻ വിദേശകാര്യ മന്ത്രാലയവും സൗദി പ്രസ് ഏജൻസിയും പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് വ്യക്തമാക്കിയത്. എന്നാൽ സൗദി അറേബ്യയും പാകിസ്ഥാനും ഒപ്പുവച്ച പ്രതിരോധ കരാറിന്റെ പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. വിഷയം നേരത്തെ സർക്കാറിന്റെ പരിഗണനയിലുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജെയ്സ്‍വാൾ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാലമായുള്ള നീക്കുപോക്കുകളെ ഔപചാരികമാക്കാനുള്ള നീക്കത്തെ പറ്റി സർക്കാറിന് അറിയാമായിരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷക്കും പ്രാദേശിക, ആഗോള സ്ഥിരതക്കും ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പഠിക്കും. ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമഗ്രമായ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.’ -ജെയ്സ്‍വാൾ പറഞ്ഞു
തങ്ങളിൽ ആർക്കെങ്കിലുമെതിരെ നടക്കുന്ന ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നും കരാറിൽ വ്യവസ്ഥയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പാക് പ്രധാനമന്ത്രി ഷെഹബാസ് ശെരീഫുമാണ് കരാറിലൊപ്പിട്ടത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t
യുഎഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഷ്യന്‍ പ്രവാസിയായ വീട്ടുജോലിക്കാരിക്ക് ഗുരുതര പൊള്ളൽ
റാസൽഖൈമ നഗരത്തിൽ നിന്ന് ഏകദേശം 96 കിലോമീറ്റർ തെക്കുള്ള വാദി എസ്ഫിതയിലെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടുജോലിക്കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. സെപ്തംബര്‍ 12 നാണ് സംഭവം. 40 വയസുകാരിയായ ഏഷ്യൻ വംശജയായ വീട്ടുജോലിക്കാരിയ്ക്കാണ് പരിക്കേറ്റത്. സ്ഫോടനം നടക്കുമ്പോൾ ഇവര്‍ അടുക്കളയിലായിരുന്നു. ശരീരത്തിന്റെ ഭൂരിഭാഗവും പൊള്ളലേറ്റ അവർക്ക് രണ്ടാം, മൂന്നാം ഡിഗ്രി പൊള്ളലേറ്റിട്ടുണ്ട്, നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്, ഏകദേശം 20 ശസ്ത്രക്രിയകൾ ആവശ്യമാണ്. ദൈവത്തിന്‍റെ ദാനമാണ് തന്റെ മക്കളുൾപ്പെടെയുള്ള കുടുംബത്തെ ദുരന്തത്തിൽ നിന്ന് രക്ഷിച്ചതെന്ന് വീട്ടിലെ താമസക്കാരിൽ ഒരാളായ മുസാബ മുഹമ്മദ് അൽ-ലൈലി പറഞ്ഞു. എല്ലാ വെള്ളിയാഴ്ചയും പതിവുപോലെ, മുഴുവൻ വീട്ടുകാരും മരിച്ചുപോയ പിതാവിന്റെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ആ സമയത്താണ് പൊട്ടിത്തെറി ഉണ്ടായത്. “വൈകുന്നേരം പ്രാർഥനാ സമയം, ഞാനും എന്റെ സഹോദരിയും പുറത്തായിരുന്നു, അപ്പോൾ ഒരു വലിയ പൊട്ടിത്തെറി കേട്ടു. ആദ്യം, വാതിൽ കൊട്ടിയടയ്ക്കുന്നതായിരിക്കുമെന്ന് കരുതി, പക്ഷേ നിമിഷങ്ങൾക്കുള്ളിൽ, വീട്ടുജോലിക്കാരികളിൽ ഒരാൾ ‘തീ, തീ!’ എന്ന് വിളിച്ചു പറഞ്ഞു. ഞങ്ങൾ ഓടിയെത്തി നോക്കിയപ്പോൾ വീടിന് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി.” അടുക്കളയിൽ എലി ഗ്യാസ് സിലിണ്ടർ ഹോസ് കടിച്ചുകീറി ചോർന്നതിനെ തുടർന്നാണ് പൊട്ടിത്തെറി ഉണ്ടായത്. തീപിടിത്തമാണ് സ്ഫോടനത്തിന് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. “അടുക്കള വാതിൽ ഏകദേശം 50 മീറ്റർ അകലെ പറന്നുപോയി. പാത്രങ്ങൾ ഉരുകി, എയർ കണ്ടീഷണറും റഫ്രിജറേറ്ററും നശിച്ചു, പ്ലാസ്റ്റിക് സീലിങ് തകർന്നു, ഫാനുകളും മറ്റ് ഉപകരണങ്ങളും തകർന്നു (സ്ഫോടനത്തിന്റെ ആഘാതം കാരണം). തീപിടിത്തം മാത്രമല്ല, മുഴുവൻ സ്ഥലവും തകർന്നതുപോലെയായിരുന്നു അത്”, അൽ-ലൈലി പറഞ്ഞു.
മൂന്ന് ദിർഹത്തിന്‍റെ ‘ഡെലിവറി’ തട്ടിപ്പ്: വ്യാജ സന്ദേശങ്ങളെക്കുറിച്ച് യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ്
വ്യാജ ഫോൺ സന്ദേശങ്ങൾ, ഇമെയിലുകൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിവയിലൂടെ വ്യക്തികളുടെ ബാങ്കിങ് വിവരങ്ങൾ മോഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സങ്കീർണമായ തട്ടിപ്പിനെതിരെ അബുദാബി പോലീസ് യുഎഇ സൈബർ സുരക്ഷാ കൗൺസിലുമായി സഹകരിച്ച് മുന്നറിയിപ്പ് നൽകി. പാക്കേജ് ഡെലിവറിക്ക് ചെറിയൊരു തുക നൽകണമെന്ന് അവകാശപ്പെടുന്ന വഞ്ചനാപരമായ അറിയിപ്പുകളും ഇതിൽ ഉൾപ്പെടുന്നു. അബുദാബി പോലീസിന്റെ കണക്കനുസരിച്ച്, ആവർത്തിച്ചുള്ള ഫിഷിങ് ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന നിരവധി പരാതികൾ താമസക്കാരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. വെറും മൂന്ന് ദിർഹത്തിന്റെ കുടിശ്ശിക കാരണം “ഷിപ്പ്‌മെന്റ് വൈകിയതായി” ആരോപിക്കപ്പെടുന്ന ഇമെയിലുകൾ ലഭിച്ചിട്ടുണ്ട്. തുടർന്ന്, തട്ടിപ്പുകാർ സ്വീകർത്താക്കളോട് തുക അടയ്ക്കാൻ വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്നു, പലപ്പോഴും അറിയപ്പെടുന്ന പ്രാദേശിക, അന്തർദേശീയ കൊറിയർ കമ്പനികളുടെ പേരുകളും ലോഗോകളും വെച്ചാണ് ചൂഷണം ചെയ്യുന്നത്. യുഎഇക്ക് പുറത്തുള്ള വലിയ ക്രിമിനൽ ശൃംഖലകളാണ് ഇത്തരം തട്ടിപ്പുകൾ പലപ്പോഴും നടത്തുന്നതെന്ന് അന്വേഷണങ്ങൾ വെളിപ്പെടുത്തുന്നു. സംശയാസ്പദമായ സന്ദേശങ്ങളുമായി ഇടപഴകരുതെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ച് നിയമ നിർവ്വഹണ ഏജൻസികളും കൊറിയർ കമ്പനികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഈ വഞ്ചനാപരമായ ആശയവിനിമയങ്ങൾ ഐഡന്റിറ്റി മോഷണത്തിലേക്കും സാമ്പത്തിക തട്ടിപ്പിലേക്കും ഉള്ള ഒരു കവാടമാണെന്ന് ഊന്നിപ്പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t
Leave a Reply