യുഎഇയിൽ കുട്ടികൾക്ക് വേനലവധി; രക്ഷിതാക്കൾ അറിയിപ്പുകൾ ശ്രദ്ധിക്കണം
അഡ്മിനിസ്ട്രേറ്റീവ്, ടീച്ചിങ് സ്റ്റാഫുകൾക്ക് വേനലവധി തുടങ്ങിയതിനാൽ യു.എ.ഇയിലുടനീളമുള്ള സ്കൂളുകളുടെ ഔദ്യോഗിക ആശയവിനിമയ ചാനലുകൾ നിരീക്ഷിക്കണമെന്ന് മാതാപിതാക്കൾക്ക് നിർദേശം നൽകി അധികൃതർ. സ്കൂൾ അധികൃതരോ വിദ്യാഭ്യാസ മന്ത്രാലയമോ അവധിക്കാലത്ത് പുറപ്പെടുവിക്കുന്ന അറിയിപ്പുകൾ മാതാപിതാക്കൾ അറിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൻറെ ഭാഗമായാണ് നടപടി. സ്കൂളുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങളോ മറ്റ് അറിയിപ്പുകളോ ഉണ്ടായാൽ അവ പ്രധാനമായും നൽകുന്നത് ഔദ്യോഗിക ആശയവിനിമയ മാർഗങ്ങളിലൂടെയാവുമെന്നും അധികൃതർ ഓർമിപ്പിച്ചു.
കുട്ടികളുടെ പരീക്ഷാഫലങ്ങൾ പ്രത്യേകിച്ച് പുനപ്പരീക്ഷ എഴുതിയവരുടെ ഫലം വിദ്യാഭ്യാസ മന്ത്രാലയത്തിൻറെ ഇലക്ട്രോണിക് പോർട്ടലിലെ കുട്ടികളുടെ അക്കൗണ്ട് മുഖേന മാതാപിതാക്കൾക്ക് പരിശോധിക്കാം. ഔദ്യോഗികമായി ഫലം അംഗീകരിക്കുന്നതിനു പിന്നാലെ ഇവ പ്രസിദ്ധീകരിക്കുമെന്നും സ്കൂളുകൾ മാതാപിതാക്കളെ ഓർമിപ്പിച്ചു. പരമാവധി നേരത്തേ തന്നെ വരുന്ന അക്കാദമിക് വർഷത്തേക്കുള്ള വിദ്യാർഥികളുടെ യൂണിഫോമുകൾ വാങ്ങണമെന്ന് സ്കൂൾ അധികൃതർ മാതാപിതാക്കളോട് പറഞ്ഞു. ഔദ്യോഗിക ഔട്ട്ലെറ്റുകളിൽ എല്ലാ വലിപ്പങ്ങളിലുമുള്ള യൂണിഫോമുകളുടെ ശേഖരം വിദ്യാഭ്യാസ മന്ത്രാലയം ഉറപ്പുവരുത്തിയിട്ടുണ്ട്. മന്ത്രാലയം നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനായി അംഗീകൃത വിതരണക്കാരിൽ നിന്നാവണം യൂണിഫോമുകൾ വാങ്ങേണ്ടത്. അതേസമയം അബൂദബിയിലെ സ്വകാര്യ സ്കൂളുകളിലെ അധ്യാപകരോട് തങ്ങളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ ഉള്ള വിദ്യാർഥികളെയും രക്ഷിതാക്കളെയും നീക്കം ചെയ്യുകയോ അല്ലെങ്കിൽ ഇവരെ ഫോളോ അല്ലെങ്കിൽ കോൺടാക്ട് റിക്വസ്റ്റുകൾ സ്വീകരിക്കുന്നതിൽ നിന്നു വിട്ടുനിൽക്കാനും മെസേജിങ് ആപ്പുകളിലൂടെ ആശയവിനിമയം നടത്തുന്നത് ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്.
സ്വകാര്യ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ ജോലി ചെയ്യുന്ന സ്ഥാപനം വെളിപ്പെടുത്തുന്നതിനും സ്വകാര്യ ഇമെയിൽ വിലാസത്തിലൂടെ വിദ്യാർഥികളോടോ മാതാപിതാക്കളോടോ ആശയവിനിമയം ചെയ്യുന്നതിനും വിലക്കുണ്ട്. സ്കൂളുകൾ അനുവദിച്ചു നൽകുന്ന ഇമെയിൽ വിലാസങ്ങൾ ഉപയോഗിച്ച് സാമൂഹിക മാധ്യമ അക്കൗണ്ടുകൾ സൃഷ്ടിക്കരുത്, സാധ്യമാവുന്ന ഉയർന്ന പ്രൈവസി സെറ്റിങ്ങുകൾ ഉപയോഗിക്കണം, പ്രൊഫഷനൽ പ്ലാറ്റ് ഫോമായ ലിങ്കഡിൻ പോലുള്ളവ ഒഴികെയുള്ള സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ സ്കൂളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന വിവരം നൽകരുത്, നിലവിലുള്ള വിദ്യാർഥികളുടെയോ 18 വയസ്സിൽ താഴെയുള്ള പൂർവ വിദ്യാർഥികളുടെയും ഫോളോ, കോൺടാക്ട് അപേക്ഷകൾ സ്വീകരിക്കുകയോ അവർക്ക് അത്തരം കാര്യങ്ങൾ അയയ്ക്കുകയോ ചെയ്യരുത്, നിലവിലെ വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്നുള്ള ഫോളോ/കോൺടാക്ട് റിക്വസ്റ്റുകൾ സ്വീകരിക്കരുത്, നിലവിലെ വിദ്യാർഥികൾ അവരുടെ മാതാപിതാക്കൾ, 18 വയസ്സിൽ താഴെയുള്ള പൂർവ വിദ്യാർഥികൾ എന്നിവരോട് വ്യക്തിഗത അക്കൗണ്ടുകൾ ഉപയോഗിച്ച് ആശയവിനിമയം നടത്തരുത് തുടങ്ങിയ പത്തോളം നിബന്ധനകളും അധികൃതർ അധ്യാപകർക്ക് നൽകിയിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)