ഇറാന്റെ മിസൈൽ ആക്രമണത്തിന് ചൈനീസ് സഹായമോ? ജോർദാനിലെ യുഎസ് താവളത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ കൈമാറിയെന്ന് ആരോപണം

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് ചൈനീസ് സ്ഥാപനങ്ങളിൽനിന്നുള്ള ഉപഗ്രഹ ചിത്രങ്ങൾ സഹായകമായതായി യുഎസ് ഉദ്യോഗസ്ഥർ. ജൂലൈയിൽ നടന്ന ആക്രമണത്തിന് മുന്നോടിയായും ആക്രമണത്തിന് ശേഷവും താവളത്തിന്റെ ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ ഇറാന് ലഭിച്ചെന്നാണ് റിപ്പോർട്ട്. ജോർദാനിലെ മുവാഫഖ് സാൽട്ടി വ്യോമതാവളത്തിന് നേരെയായിരുന്നു ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം. ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെടുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിനായി ഇറാന് ലഭിച്ച ഉപഗ്രഹ ചിത്രങ്ങൾ ലക്ഷ്യം കൂടുതൽ കൃത്യമായി തിരിച്ചറിയാൻ സഹായിച്ചിരിക്കാമെന്നാണ് യുഎസ് വിലയിരുത്തൽ. 

അതേസമയം, ചൈനീസ് സർക്കാർ നേരിട്ട് ഇറാന് വിവരങ്ങൾ കൈമാറിയെന്ന ആരോപണം യുഎസ് ഉന്നയിച്ചിട്ടില്ല. ഉപഗ്രഹ ചിത്രങ്ങൾ നൽകിയതായി പറയുന്ന ചൈനീസ് സ്ഥാപനങ്ങളുടെ പേരുകളും അധികൃതർ പരസ്യപ്പെടുത്തിയിട്ടില്ല. ആരോപണങ്ങൾ ചൈന നിഷേധിക്കുകയും ചെയ്തു. സംഭവം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ യുഎസ്-ചൈന ബന്ധത്തിലും വിഷയം ശ്രദ്ധ നേടിയിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി സെപ്റ്റംബർ 24ന് നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയിൽ വിഷയം ചർച്ചയാകുമോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. 

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy