യുഎഇയിലെ ഇൻഫ്ലുവൻസേഴ്സിനും ക്രിയേറ്റർമാർക്കും ഇനി മുതൽ നിയമങ്ങൾ കൂടുതൽ കർശനമാവുകയാണ്. സോഷ്യൽ മീഡിയയിലൂടെ പണം വാങ്ങിയോ അല്ലാതെയോ നടത്തുന്ന ഏത് തരത്തിലുള്ള പരസ്യങ്ങൾക്കും യുഎഇ മീഡിയ കൗൺസിലിന്റെ പ്രത്യേക പെർമിറ്റ് നിർബന്ധമാക്കി. 2026 ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന ഈ പുതിയ നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് 5,000 ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെയുള്ള കനത്ത പിഴയാണ്.
യുഎഇയിൽ താമസിക്കുന്നവർക്കും സന്ദർശകരായി എത്തുന്ന ക്രിയേറ്റർമാർക്കും ഈ നിയമം ഒരുപോലെ ബാധകമാണ്. ഇൻസ്റ്റാഗ്രാം, ടിക് ടോക്, ബ്ലോഗുകൾ തുടങ്ങി എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ഉൽപ്പന്നങ്ങളോ സേവനങ്ങളോ പ്രമോട്ട് ചെയ്യുന്നവർ ഉടൻ തന്നെ പെർമിറ്റ് എടുക്കേണ്ടതുണ്ട്. യുഎഇ താമസക്കാർക്ക് നൽകുന്ന പെർമിറ്റിന് ഒരു വർഷത്തെ കാലാവധിയാണുള്ളത്. ആദ്യത്തെ മൂന്ന് വർഷത്തേക്ക് ഇതിന് ഫീസ് ഈടാക്കില്ല എന്നത് ക്രിയേറ്റർമാർക്ക് ആശ്വാസകരമായ കാര്യമാണ്. എന്നാൽ സന്ദർശകർക്ക് മൂന്ന് മാസത്തേക്കുള്ള പെർമിറ്റാണ് ലഭിക്കുക. ഇത് ലൈസൻസുള്ള യുഎഇ ഏജൻസികൾ വഴി മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.
പുതിയ നിയമം അനുസരിച്ച് ക്രിയേറ്റർമാർ അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ പെർമിറ്റ് നമ്പർ വ്യക്തമായി പ്രദർശിപ്പിക്കണം. രജിസ്റ്റർ ചെയ്ത അക്കൗണ്ടുകൾ വഴി മാത്രമേ പരസ്യങ്ങൾ നൽകാവൂ എന്നും വ്യാജ അക്കൗണ്ടുകൾ വഴി വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്. പരസ്യങ്ങളിലെ സുതാര്യത ഉറപ്പാക്കാനും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് തടയാനും ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. കമ്പനികൾ തങ്ങളുമായി സഹകരിക്കുന്ന ഇൻഫ്ലുവൻസേഴ്സിന് കൃത്യമായ പെർമിറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മീഡിയ കൗൺസിൽ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
പ്രവാസികൾക്ക് ആശ്വാസം: കേരളത്തിലേക്കുള്ള വിമാന സർവീസുകൾ കൂട്ടാൻ ഇന്ത്യ-യുഎഇ ധാരണ
യുഎഇയിൽ നിന്നും കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള നിർണായക ചർച്ചകൾ പൂർത്തിയായി. ഹൈദരാബാദിൽ നടന്ന ‘വിങ്സ് ഓഫ് ഇന്ത്യ 2026’ സമ്മേളനത്തിനിടെ കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡുവും യുഎഇ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയുമാണ് പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്ന ഈ കൂടിക്കാഴ്ച നടത്തിയത്.
നിലവിലുള്ള വിമാന സീറ്റ് ക്വോട്ട കരാർ പൂർണ്ണമായും വിനിയോഗിക്കപ്പെട്ട സാഹചര്യത്തിൽ, യാത്രക്കാരുടെ വർധനവ് കണക്കിലെടുത്ത് കരാർ പുതുക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇത് നിലവിൽ വരുന്നതോടെ കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ എത്തും. 2014-ന് ശേഷം കരാർ പുതുക്കാത്തത് സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് തടസ്സമായിരുന്നു. പുതിയ കരാർ പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ സീറ്റുകൾ ലഭ്യമാകുകയും വിമാന കമ്പനികൾ തമ്മിലുള്ള മത്സരം കാരണം ടിക്കറ്റ് നിരക്ക് കുറയാൻ സാധ്യത തെളിയുകയും ചെയ്യും.
കൊച്ചി ആസ്ഥാനമായുള്ള അൽ ഹിന്ദ് എയർ ഉൾപ്പെടെയുള്ള പുതിയ വിമാന കമ്പനികൾ ഈ വർഷം പ്രവർത്തനം തുടങ്ങുന്നതും പ്രവാസികൾക്ക് വലിയ ഗുണകരമാകും. ഉഭയകക്ഷി വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യോമയാന മേഖലയിൽ വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിൽ ടെന്റ് സ്ഥാപിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ; കൂടുതൽ അറിയാം
റമസാൻ മാസത്തെ സമൂഹ നോമ്പുതുറകൾക്കായി സ്ഥാപിക്കുന്ന കൂടാരങ്ങൾക്കായി യുഎഇ അധികൃതർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുജന സുരക്ഷ മുൻനിർത്തിയാണ് ഇത്തവണ കർശന നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ എമിറേറ്റിലെയും മുനിസിപ്പാലിറ്റിയുടെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും മുൻകൂർ അനുമതി നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
ചന്ദ്രദർശനത്തെ ആശ്രയിച്ച് ഫെബ്രുവരി 17 അല്ലെങ്കിൽ 18 നാണ് റമസാൻ വ്രതം ആരംഭിക്കാനിടയുള്ളത്. ഇതോടെ വിവിധ സംഘടനകളും വ്യക്തികളും ഒരുക്കുന്ന സമൂഹ നോമ്പുതുറകൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ സജീവമായിരിക്കുകയാണ്.
പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, കൂടാര നിർമാണത്തിന് തീപിടിക്കാത്തതും ഉയർന്ന നിലവാരമുള്ളതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. കൂടാരങ്ങളുടെ വലുപ്പത്തിന് അനുസരിച്ച് ആവശ്യമായ അഗ്നിശമന ഉപകരണങ്ങൾ നിർബന്ധമായി ഒരുക്കണം. ടെന്റിനകത്തെ ഇലക്ട്രിക്കൽ വയറിങ് അംഗീകൃത സാങ്കേതിക വിദഗ്ധർ മുഖേന മാത്രമേ നടത്താവൂ. കൂടാരത്തിനകത്തെ താപനില നിയന്ത്രിക്കുന്നതിനായി എയർകണ്ടീഷനുകൾ സുരക്ഷിത അകലത്തിൽ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. സുരക്ഷാ കാരണങ്ങളാൽ ടെന്റിനകത്ത് പാചകം പൂർണമായും നിരോധിച്ചിട്ടുണ്ട്. ഭക്ഷണം അംഗീകൃത കേറ്ററിങ് കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ എത്തിക്കാവൂ.
കൂടാരങ്ങൾ സ്ഥാപിക്കുമ്പോൾ റോഡുകൾക്കും കാൽനട യാത്രക്കാർക്കും ഗതാഗതത്തിനും തടസ്സമുണ്ടാകരുതെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി വാഹനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന വിധത്തിലായിരിക്കണം ടെന്റ് ക്രമീകരണമെന്നും നിർദേശങ്ങളിൽ പറയുന്നു. നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകൾ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply