സാമ്പത്തിക പ്രതിസന്ധിയിലായ പാക്കിസ്ഥാന് കനത്ത ആഘാതം നൽകിക്കൊണ്ട് ഇസ്‌ലാമാബാദ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം ഏറ്റെടുക്കാനുള്ള കരാറിൽ നിന്ന് യുഎഇ പിന്മാറി. 2025 ഓഗസ്റ്റ് മുതൽ ചർച്ചയിലായിരുന്ന നിർണ്ണായകമായ ഈ നീക്കം ഉപേക്ഷിക്കപ്പെട്ടത് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യ സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് എന്നത് ശ്രദ്ധേയമാണ്. വിമാനത്താവള പ്രവർത്തനങ്ങൾക്കായി അനുയോജ്യമായ പ്രാദേശിക പങ്കാളിയെ കണ്ടെത്താൻ കഴിയാത്തതാണ് പിന്മാറ്റത്തിന് കാരണമായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എങ്കിലും സൗദി അറേബ്യയുമായി ചേർന്ന് പാക്കിസ്ഥാൻ രൂപീകരിക്കുന്ന പുതിയ പ്രതിരോധ സഖ്യങ്ങളും മേഖലയിലെ രാഷ്ട്രീയ മാറ്റങ്ങളും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചന.
പാക്കിസ്ഥാനുമായുള്ള ബന്ധത്തിൽ വിള്ളലുകൾ വീഴുമ്പോൾ ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുകയാണ് യുഎഇ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയിൽ പ്രതിവർഷം അഞ്ച് ലക്ഷം ടൺ ദ്രവീകൃത പ്രകൃതി വാതകം (LNG) ഇന്ത്യയ്ക്ക് നൽകാനുള്ള പത്തു വർഷത്തെ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. കൂടാതെ ഇന്ത്യയുമായുള്ള സൗഹൃദത്തിന്റെ അടയാളമായി യുഎഇ ജയിലുകളിൽ കഴിഞ്ഞിരുന്ന 900 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റ് ഉത്തരവിടുകയും ചെയ്തു. ഊർജ്ജ സുരക്ഷയ്ക്കും വ്യാപാരത്തിനും മുൻഗണന നൽകുന്ന പുതിയ കരാറുകളിലൂടെ ഇന്ത്യയുമായുള്ള ബന്ധം ഇരട്ടിയാക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.
സുരക്ഷാ പ്രശ്നങ്ങളും ഭരണപരമായ പാളിച്ചകളും കാരണം പാക്കിസ്ഥാനിൽ നിന്നുള്ള നിക്ഷേപങ്ങൾ പിൻവലിക്കുന്ന യുഎഇ, ഇന്ത്യയെ ഒരു വിശ്വസ്ത പങ്കാളിയായാണ് ഇപ്പോൾ കണക്കാക്കുന്നത്. പാക്കിസ്ഥാൻ സൗദി അറേബ്യയുമായി ചേർന്ന് ‘ഇസ്‌ലാമിക് നാറ്റോ’ എന്ന പേരിൽ പ്രതിരോധ സഖ്യത്തിന് ശ്രമിക്കുന്നത് യുഎഇയെ പ്രകോപിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ചുരുക്കത്തിൽ, പാക്കിസ്ഥാന് വലിയൊരു സാമ്പത്തിക നഷ്ടമുണ്ടാകുമ്പോൾ ഇന്ത്യയുമായുള്ള യുഎഇയുടെ ബന്ധം കൂടുതൽ കരുത്താർജ്ജിക്കുന്ന കാഴ്ചയാണ് നയതന്ത്ര രംഗത്ത് പ്രകടമാകുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുദ്ധഭീതി ശക്തം! ഇറാനെ ലക്ഷ്യമിട്ട് ട്രംപിന്റെ കപ്പൽപ്പട അറബിക്കടലിൽ; പശ്ചിമേഷ്യയിൽ ആശങ്ക
ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക ഉടൻ സൈനിക നടപടി ആരംഭിച്ചേക്കുമെന്ന സൂചനകളാണ് രാജ്യാന്തര മാധ്യമങ്ങൾ നൽകുന്നത്. പേര്‍ഷ്യൻ ഗൾഫ് മേഖലയിലൂടെയോ അറബിക്കടൽ വഴിയോ ആയിരിക്കും അമേരിക്കയുടെ സൈനിക നീക്കമെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി യു.എസ്. നാവിക സേനയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ ഇതിനകം മേഖലയിൽ സജ്ജമായതായി വിവരം പുറത്തുവന്നു. ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളടക്കമുള്ള യുദ്ധക്കപ്പലുകളും സൈനിക സന്നാഹങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ദക്ഷിണ ചൈനാ കടൽ വഴി ഇന്ത്യൻ മഹാസമുദ്രത്തിലെത്തിയ വിമാനവാഹിനിക്കപ്പൽ അടുത്ത ദിവസങ്ങളിൽ അറബിക്കടലിൽ നങ്കൂരമിടുമെന്നാണ് വിലയിരുത്തൽ. പശ്ചിമേഷ്യയിൽ, പ്രത്യേകിച്ച് ഇസ്രയേൽ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ യുഎസ് കൂടുതൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചതായും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസിന്റെ എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനങ്ങൾ ഇതിനകം മേഖലയിൽ എത്തിയതായും യു.എസ്. സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സൈനിക വിമാനത്താവളത്തിൽ യുദ്ധവിമാനം ഇറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഇറാനിലെ ആഭ്യന്തര കലാപവുമായി ബന്ധപ്പെട്ട മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ ഇതുവരെ ഇറാൻ പുറത്തുവിട്ടിട്ടില്ല. പ്രതിഷേധങ്ങൾ ആരംഭിച്ചതിനുശേഷം ഏകദേശം 2,000 പേർ കൊല്ലപ്പെട്ടതായി പേര് വെളിപ്പെടുത്താത്ത ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ യഥാർത്ഥ മരണസംഖ്യ 12,000 മുതൽ 20,000 വരെ ആയിരിക്കാമെന്ന വിലയിരുത്തലുകളും രാജ്യാന്തര മാധ്യമങ്ങൾ മുന്നോട്ടുവയ്ക്കുന്നു. അതേസമയം, വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ചെലവേറിയ യുദ്ധത്തിൽ അമേരിക്കക്ക് താൽപര്യമില്ലെന്ന സൂചനകളും ശക്തമാണ്. അതിനാൽ നേരിട്ടുള്ള യുദ്ധത്തിന് പകരം വെനസ്വേലയിലെ മാതൃകയിൽ ഭരണമാറ്റം ലക്ഷ്യമിട്ട നീക്കങ്ങളിലേക്ക് ട്രംപ് ഭരണകൂടം കടക്കുമെന്നാണു വിലയിരുത്തൽ. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ മാറ്റി റെസ പഹ്‌ലവിയെ അധികാരത്തിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികളും പരിഗണനയിലുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ട്രക്ക് കവർന്ന് ഇന്ധനക്കടത്ത്; ദുബായിൽ പ്രതിക്ക് ജയിലും പിഴയും
ട്രക്ക് മോഷ്ടിച്ച് ഡീസൽ കടത്തിയ കേസിൽ പ്രതികൾക്ക് തടവും പിഴയും വിധിച്ച് ദുബായ് കോടതി. ട്രക്ക് മോഷ്ടിച്ച് ഡീസൽ കടത്തിയ ഒന്നാം പ്രതിക്ക് 1,650 ദിർഹം പിഴയും, മോഷ്ടിച്ച ഇന്ധനം വാങ്ങിയ രണ്ടാമത്തെ പ്രതിക്ക് 450 ദിർഹം പിഴയും കോടതി വിധിച്ചു. സംഭവം നടന്നത് ഒരു സ്വകാര്യ കമ്പനിയുടെ പാർക്കിംഗ് ഏരിയയിലാണ്. ട്രക്ക് ഡ്രൈവർ വാഹനം പാർക്ക് ചെയ്ത ശേഷം കുറച്ച് സമയം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ട്രക്ക് കാണാതായത്. സ്ഥലത്ത് ടയറുകളുടെ നേരിയ പാടുകൾ മാത്രമാണ് അവശേഷിച്ചിരുന്നതെന്ന് ഡ്രൈവർ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നിലെ ആസൂത്രിത നീക്കം പുറത്തുവന്നത്. പ്രതി മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി ട്രക്ക് മോഷ്ടിച്ച് ഡീസൽ ചോർത്തിയ ശേഷം, ഇന്ധനം വാങ്ങാൻ ഒരാളെ ബന്ധപ്പെടുകയായിരുന്നു. 450 ദിർഹത്തിന് ഇന്ധനം വാങ്ങാൻ രണ്ടാമത്തെ പ്രതി സമ്മതിക്കുകയും ഇടപാട് പൂർത്തിയാക്കിയ ശേഷം ഇരുവരും സ്ഥലത്ത് നിന്നും കടന്നുകളയുകയും ചെയ്തു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. കേസിൽ കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് ദുബായ് കോടതി ശിക്ഷ വിധിച്ചത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt