അവയവദാനത്തിന് കാത്ത് പതിനായിരങ്ങൾ; യുഎഇയിൽ വൃക്കരോഗികളുടെ എണ്ണം കുതിച്ചുയരുന്നു, മലയാളികളും പ്രതിസന്ധിയിൽ!

അബുദാബി: യുഎഇയിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് പ്രവാസികൾക്കിടയിലടക്കം വലിയ ആശങ്കയാകുന്നു. മലയാളികൾ ഉൾപ്പെടെ അയ്യായിരത്തിലേറെ പേരാണ് നിലവിൽ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കായി മാത്രം കാത്തിരിക്കുന്നത്. കരൾ, ശ്വാസകോശം, ഹൃദയം തുടങ്ങിയ വിവിധ അവയവങ്ങൾക്കായി റജിസ്റ്റർ ചെയ്തവരെ കൂടി കണക്കിലെടുത്താൽ ഈ സംഖ്യ ഏഴായിരത്തിലധികം വരും. അബുദാബിയിലെ ക്ലീവ്‌ലൻഡ് ക്ലിനിക്കിൽ മാത്രം 282 പേരാണ് നിലവിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. മറ്റ് എമിറേറ്റുകളിലെ സർക്കാർ-സ്വകാര്യ ആശുപത്രികളിലും സ്ഥിതി സമാനമാണ്.

അശാസ്ത്രീയമായ ഭക്ഷണരീതിയും വ്യായാമമില്ലാത്ത ജീവിതശൈലിയുമാണ് വൃക്കരോഗികളുടെ എണ്ണം വർദ്ധിക്കാൻ പ്രധാന കാരണമായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. പ്രമേഹവും രക്തസമ്മർദ്ദവും കൃത്യമായി നിയന്ത്രിക്കാത്തതും സ്ഥിതി ഗുരുതരമാക്കുന്നു. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ആരോഗ്യകാര്യത്തിൽ പുലർത്തുന്ന അശ്രദ്ധ വലിയ വിപത്തിലേക്കാണ് എത്തിക്കുന്നതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

2017 മുതൽ യുഎഇയിൽ അവയവമാറ്റ ശസ്ത്രക്രിയകൾ വിജയകരമായി നടന്നു വരുന്നുണ്ട്. ഇതുവരെ 1,195 ശസ്ത്രക്രിയകളാണ് നടന്നത്, ഇതിൽ പകുതിയിലധികവും വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകളായിരുന്നു. കഴിഞ്ഞ വർഷം മാത്രം 397 ശസ്ത്രക്രിയകൾ നടന്നു. ഇതിൽ സിംഹഭാഗവും അബുദാബി ക്ലീവ്‌ലാൻഡ് ക്ലിനിക്കിലെ ട്രാൻസ്പ്ലാന്റ് സെന്റർ വഴിയാണ് നടന്നത്.

അതേസമയം, ശസ്ത്രക്രിയ ആവശ്യമായവരുടെ എണ്ണത്തിന് ആനുപാതികമായി അവയവദാതാക്കളെ ലഭിക്കാത്തത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. രക്ത ഗ്രൂപ്പ് സാമ്യമുള്ള ദാതാക്കളുടെ അഭാവം മൂലം പല രോഗികളും മൂന്ന് മുതൽ അഞ്ച് വർഷം വരെ കാത്തിരിക്കേണ്ടി വരുന്നു. എന്നാൽ യുഎഇയുടെ ദേശീയ അവയവദാന പദ്ധതിയായ ‘ഹയാത്ത്’ ഈ രംഗത്ത് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ഇതുവരെ 38,065 പേർ ഹയാത്ത് പ്രോഗ്രാം വഴി അവയവദാനത്തിന് സന്നദ്ധത അറിയിച്ച് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബോധവൽക്കരണത്തിലൂടെ കൂടുതൽ പേർ മുന്നോട്ടുവന്നാൽ ഒട്ടേറെ ജീവനുകൾ രക്ഷിക്കാനാകുമെന്ന പ്രത്യാശയിലാണ് ആരോഗ്യരംഗത്തുള്ളവർ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

മാതൃകയായി മടക്കം; യുഎഇയിൽ ആറു പേർക്ക് പുതുജീവൻ നൽകി പ്രവാസി മലയാളി

അബുദാബിയിൽ ഇ-സ്കൂട്ടറിടിച്ച് മസ്തിഷ്ക മരണം സംഭവിച്ച മലയാളി പ്രവാസി എം. ബാബുരാജൻ മരണാനന്തരവും ആറുപേരിലൂടെ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. പുതുവർഷത്തിന് തൊട്ടുമുൻപ് ആറ് കുടുംബങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചം നൽകിക്കൊണ്ടാണ് ബാബുരാജന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അദ്ദേഹത്തിന്റെ കുടുംബം തീരുമാനമെടുത്തത്. സ്വർണ്ണപ്പണിക്കാരനായ ബാബുരാജൻ ഈ മാസം 16-ന് അബുദാബി വേൾഡ് ട്രേഡ് സെന്ററിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് അന്തരിച്ചത്.

അബുദാബി വേൾഡ് ട്രേഡ് സെന്ററിനടുത്തുള്ള ട്രാഫിക് സിഗ്നലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഇലക്ട്രിക് സ്കൂട്ടർ ബാബുരാജനെ ഇടിച്ചത്. ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. പ്രിയപ്പെട്ടവന്റെ വിയോഗവാർത്ത കേട്ട ആഘാതത്തിനിടയിലും മറ്റുള്ളവർക്ക് ജീവൻ പകർന്നു നൽകുക എന്ന പുണ്യപ്രവൃത്തിയിലേക്ക് അദ്ദേഹത്തിന്റെ കുടുംബം ധീരമായ ചുവടുവെച്ചു.

യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ അവയവദാന സംരംഭമായ ‘ഹയാത്ത് പ്രോഗ്രാമുമായി’ ഏകോപിപ്പിച്ചാണ് ഹൃദയം, വൃക്കകൾ, പാൻക്രിയാസ്, കരൾ, ശ്വാസകോശം എന്നിവ ദാനം ചെയ്തത്. തങ്ങൾക്ക് പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ടെങ്കിലും മറ്റുള്ളവരിലൂടെ അദ്ദേഹം ജീവിക്കട്ടെ എന്ന കുടുംബത്തിന്റെ ആഗ്രഹം മനുഷ്യത്വത്തിന്റെ വലിയൊരു മാതൃകയാണ് സമൂഹത്തിന് മുന്നിൽ വെക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളിൽ ഹയാത്ത് ടീം കുടുംബത്തെ സഹായിക്കുന്നുണ്ട്. കുമാരിയാണ് ബാബുരാജന്റെ ഭാര്യ. പ്രീതി, കൃഷ്ണ പ്രിയ എന്നിവർ മക്കളാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

കനത്ത മഴ; യുഎഇയിൽ പല റോഡുകളിലും വെള്ളക്കെട്ട്, ജാഗ്രതാ നി‍ർദ്ദേശം

യുഎഇയുടെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തു. കനത്ത മഴയെ തുടർന്ന് നിരവധി റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വടക്കൻ, കിഴക്കൻ എമിറേറ്റുകളിൽ മഴ ശക്തമായതോടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോയും ആംബർ അലർട്ടുകളും പ്രഖ്യാപിച്ചിരുന്നു. ദുബൈ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് പ്രധാനമായും മഴ ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിനിന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. പർവത മേഖലകളിൽ നിന്നുള്ള മഴവെള്ളം കുത്തിയൊഴുകി റോഡുകളിലേക്ക് എത്തിയതോടെ റാസൽഖൈമയിലും ഫുജൈറയിലും ഗതാഗതം ഏറെക്കുറെ താറുമാറായി. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്.

ഫുജൈറയിലെ മസാഫി, ആസ്മ, മുർബാദ് മേഖലകളിൽ മിതമായതും ചിലയിടങ്ങളിൽ അതിശക്തമായതുമായ മഴ രേഖപ്പെടുത്തി. ദുബൈയിലെ അൽ ലിസൈലി പ്രദേശത്തും ശക്തമായ മഴ അനുഭവപ്പെട്ടു. റാസൽഖൈമയിലെ മസാഫി മേഖലയിലും മഴ റിപ്പോർട്ട് ചെയ്തു. ഖോർഫക്കാൻ റോഡിലും മുർബാദ്–മസാഫി പാതയിലും കനത്ത മഴയ്‌ക്കൊപ്പം ചെറിയ തോതിൽ ആലിപ്പഴ വർഷവും ഉണ്ടായതായി അധികൃതർ അറിയിച്ചു. മഴയെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് വാഹനയാത്രക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. യാത്രയ്ക്കിടെ വേഗത കുറയ്ക്കാനും മുൻപിലുള്ള വാഹനങ്ങളുമായി ആവശ്യമായ സുരക്ഷാ അകലം പാലിക്കാനും നിർദേശിച്ചിരുന്നു. റോഡ് സുരക്ഷ ഉറപ്പാക്കാൻ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *