ഗൾഫ് പര്യടനത്തിന് മുഖ്യമന്ത്രിക്ക് അനുമതിയില്ല

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. വിദേശകാര്യ മന്ത്രാലയമാണ് നടപടി കൈക്കൊണ്ടത്. അനുമതി നിഷേധിച്ച വിവരം സംസ്ഥാന സർക്കാരിന് അറിയിപ്പായി ലഭിച്ചു. എന്നാൽ, തീരുമാനത്തിന് പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ല.
മുഖ്യമന്ത്രി നവംബർ 7 മുതൽ കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന് അനുമതി തേടിയിരുന്നു. മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിക്കൊപ്പം പോകാൻ പദ്ധതിയിട്ടിരുന്നു. നവംബർ 16ന് ബഹ്‌റൈനിൽ നിന്ന് പര്യടനം ആരംഭിക്കാനായിരുന്നു തീരുമാനം. അന്നേദിവസം രാത്രി ബഹ്‌റൈൻ കേരളീയ സമാജത്തിൽ പൊതുപരിപാടി നടത്താനായിരുന്നു ക്രമീകരണം.

പ്രവാസികൾക്കായി ഇടതു സർക്കാർ നടപ്പാക്കിയ പദ്ധതികളും പുതിയ പ്രവർത്തനങ്ങളും അവതരിപ്പിക്കുക, നോർക, മലയാളം മിഷൻ പരിപാടികളിൽ പങ്കെടുക്കുക എന്നിവയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ബഹ്‌റൈനിൽ നിന്ന് സൗദിയിലേക്ക് യാത്ര തുടരാനായിരുന്നു തീരുമാനം. നവംബർ 17ന് ദമാമിലും, 18ന് ജിദ്ദയിലും, 19ന് റിയാദിലുമുള്ള പൊതുപരിപാടികളിൽ പങ്കെടുക്കാനായിരുന്നു പദ്ധതി.
അതിനു ശേഷം 24, 25 തീയതികളിൽ ഒമാനിലെ മസ്‌കത്തും സലാലയിലുമുള്ള യോഗങ്ങളിലും, നവംബർ 30ന് ഖത്തർ സന്ദർശനത്തിലും പങ്കെടുക്കാനായിരുന്നു ഒരുക്കം. നവംബർ 7ന് കുവൈത്തിലും 9ന് അബുദാബിയിലുമാണ് പരിപാടികൾ നിശ്ചയിച്ചിരുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷൻ; പ്രവാസി മലയാളികളുടെ ശാക്തീകരണത്തിനായി കോടികളുടെ പദ്ധതി ; അറിയാം വിശദമായി

തിരുവനന്തപുരം: പ്രവാസി ശാക്തീകരണവും സംരംഭകത്വ പ്രോത്സാഹനവും ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ച ‘പ്രവാസി മിഷൻ’ കുടുംബശ്രീ മാതൃകയിൽ യാഥാർഥ്യത്തിലേക്ക്. ലോക കേരളസഭ ഡയറക്ടറേറ്റ് നൽകിയ പദ്ധതിയുടെ ശുപാർശയും ഘടനയും സർക്കാർ അംഗീകരിച്ചു. പദ്ധതിക്കായി നേരത്തേ 2 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. പ്രാദേശികാടിസ്ഥാനത്തിൽ പ്രവാസികളുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ മിഷൻ രൂപീകരിക്കുന്നത്.

മുഖ്യമന്ത്രി അധ്യക്ഷനായ ഉപദേശക സമിതിക്ക് കീഴിലാകും മിഷൻ പ്രവർത്തിക്കുക. നോർക്ക വകുപ്പിനാണ് നേതൃത്വച്ചുമതല. സംസ്ഥാന, ജില്ലാ തലങ്ങളിൽ മിഷന് ഓഫിസുകൾ ഉണ്ടാകും. സംസ്ഥാന ഓഫിസിൽ ഒരു ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും സംരംഭകത്വം, തൊഴിൽ നൈപുണ്യം, സാമൂഹിക പ്രവർത്തനം എന്നിവ ഏകോപിപ്പിക്കാൻ മൂന്ന് പേരുമുണ്ടാകും. ഓരോ ജില്ലാ മിഷനും രണ്ട് വീതം ഉദ്യോഗസ്ഥർ നേതൃത്വം നൽകും. ഡെപ്യൂട്ടേഷനിലൂടെയാകും ഉദ്യോഗസ്ഥരെ നിയമിക്കുക. മിഷൻ പ്രവർത്തനങ്ങളിൽ സഹായിക്കാൻ ഓണറേറിയം നൽകി പ്രവാസികളെ വൊളന്റിയർമാരായി നിയോഗിക്കാനും പദ്ധതിയുണ്ട്.

വിദേശത്തു കുടിയേറിയവർ, മടങ്ങിയെത്തിയവർ, മറ്റു സംസ്ഥാനങ്ങളിൽ കുടിയേറിപ്പാർക്കുന്നവർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കെല്ലാം പദ്ധതിയുടെ പ്രയോജനം ലഭിക്കും. ആദ്യഘട്ടത്തിൽ മടങ്ങിയെത്തിയ പ്രവാസികളെയാണ് ഉൾപ്പെടുത്തുക. ഇവർക്ക് സംരംഭം തുടങ്ങാൻ സഹായം നൽകും.

പല വകുപ്പുകളിലായി ചിതറിക്കിടക്കുന്ന പ്രവാസി സ്കീമുകൾ ഏകീകരിച്ച് പ്രവാസി മിഷൻ വഴി ലഭ്യമാക്കും. സംരംഭങ്ങൾക്കുള്ള വ്യവസായ വകുപ്പിന്റെ ഇൻസെന്റീവും സബ്സിഡിയും മിഷൻ മുഖേന നൽകും. വീട് നിർമാണം ഉൾപ്പെടെയുള്ള പുനരധിവാസ പദ്ധതികളും മിഷന്റെ ഭാഗമായി നടപ്പാക്കും. സർക്കാർ സ്കീമുകൾക്ക് പുറമെ, പ്രവാസികളിൽ നിന്നും പണം കണ്ടെത്തി പദ്ധതിക്ക് വിനിയോഗിക്കും.

ഉദ്യോഗസ്ഥരെയും വൊളന്റിയർമാരെയും നിയമിക്കുന്നതിനു ധനകാര്യ വകുപ്പിന്റെ അനുമതി തേടുകയാണ് അടുത്ത ഘട്ടം. മിഷനിൽ അംഗമാകുന്ന പ്രവാസികളുടെ എണ്ണം വിലയിരുത്തിയ ശേഷം, അടുത്ത ഘട്ടത്തിൽ ഇത് തദ്ദേശ തലത്തിലേക്ക് വ്യാപിപ്പിക്കും. ലോക കേരളസഭ ശുപാർശ ചെയ്ത ‘പ്രവാസി ഇൻഷുറൻസ്’ പദ്ധതി സർക്കാർ നേരത്തെ നടപ്പാക്കിയിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

ബ്രിട്ടീഷ് പ്രോ കോൺസുൽ ജനറലായിരുന്ന പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു; വിടപറഞ്ഞത്​ പ്രവാസത്തിൻറെ കാരണവൻ

ദുബൈ: യുഎഇ രാഷ്ട്രപിറവിക്ക് മുമ്പ് ട്രൂഷ്യൽ സ്റ്റേറ്റുകളുടെ പ്രോ കോൺസുൽ ജനറലായി സേവനമനുഷ്ഠിച്ച കണ്ണൂർ സ്വദേശിയും മുതിർന്ന പ്രവാസിയുമായ പി.പി. അബ്ദുല്ല കുഞ്ഞി (94) അന്തരിച്ചു. അജ്മാനിലെ മകളുടെ വീട്ടിൽ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.അഞ്ച് പതിറ്റാണ്ടിലേറെ കാലം ബ്രിട്ടീഷ് സർക്കാരിന് കീഴിൽ നയതന്ത്ര രംഗത്ത് പ്രവർത്തിച്ച അബ്ദുല്ല കുഞ്ഞി, പ്രവാസത്തിന്റെ ആദ്യകാലങ്ങളിൽ അനേകം സാധാരണക്കാർക്ക് സഹായവും അത്താണിയുമായിരുന്നു. ഇത്തരമൊരു ഉന്നത പദവിയിലെത്തിയ അപൂർവ ഇന്ത്യക്കാരനായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്.

1950-കളിൽ സിംഗപ്പൂരിലാണ് അദ്ദേഹത്തിന്റെ നയതന്ത്ര ജീവിതം ആരംഭിച്ചത്. തുടർന്ന്, യുഎഇ ഔപചാരികമായി നിലവിൽ വരുന്നതിന് മുൻപ് ട്രൂഷ്യൽ സ്റ്റേറ്റുകളുടെ പ്രോ കോൺസുൽ ജനറലെന്ന നിലയിൽ സേവനമനുഷ്ഠിച്ചു. യുഎഇയുടെ രൂപവത്കരണവും വളർച്ചയും നേരിട്ടറിഞ്ഞ വ്യക്തിത്വമായിരുന്നു അദ്ദേഹം.

1970-കളുടെ അവസാനത്തിൽ ദുബൈയിൽ ബ്രിട്ടീഷ് എംബസി സന്ദർശിച്ചപ്പോൾ അന്തരിച്ച എലിസബത്ത് രാജ്ഞിയെ കണ്ടുമുട്ടിയത് പിതാവിന്റെ പ്രിയപ്പെട്ട ഓർമകളിലൊന്നായിരുന്നുവെന്ന് മൂത്ത മകൻ യാസർ കുഞ്ഞി അനുസ്മരിച്ചു. 1980-കളിൽ ദുബൈയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ അന്നത്തെ വെയിൽസ് രാജകുമാരനായ ചാൾസ് മൂന്നാമൻ രാജാവിനെ അഭിവാദ്യം ചെയ്യാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. സൗജന്യ നിയമോപദേശവും മാർഗനിർദേശവും നൽകി നിരവധി പ്രവാസികളെ സഹായിച്ചതിന് അദ്ദേഹം എക്കാലവും ഓർമിക്കപ്പെടുമെന്ന് ദുബൈ ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂൾ സ്ഥാപകൻ ഹാജി എൻ. ജമാലുദ്ദീന്റെ മകൻ ഡോ. റിയാസ് അനുസ്മരിച്ചു.

ദുബൈ ഖിസൈസ് ഖബർസ്ഥാനിൽ ബുധനാഴ്ച മഗ്‌രിബ് നമസ്‌കാരത്തിനുശേഷം ഖബറടക്കം നടത്തി. യുഎഇയിൽ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാരായ യാസർ, റഈസ്, അഫ്സൽ, ഷബീർ, ആയിഷ എന്നിവർ മക്കളാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *