
Medical Emergency Diversion; ആകാശമധ്യേ യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ കോടിക്കണക്കിന് രൂപയുടെ നഷ്ടം വകവെക്കാതെ വിമാനം വഴിതിരിച്ചുവിട്ട് ലുഫ്താൻസ എയർലൈൻസ്. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്നും അമേരിക്കയിലെ ഷിക്കോഗോയിലേക്ക് പറന്ന എൽ.എച്ച് 430 ബോയിങ് 747-8 ജംബോജെറ്റ് വിമാനമാണ് മാനുഷിക പരിഗണനയുടെ ഉത്തമ ഉദാഹരണമായി മാറിയത്.വ്യാഴാഴ്ച രാവിലെ 11:24-ന് 358 യാത്രക്കാരുമായി പുറപ്പെട്ട വിമാനം അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒരു യാത്രക്കാരന് പെട്ടെന്ന് ഗുരുതരമായ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ പൈലറ്റ് ഒട്ടും വൈകാതെ ‘എയർ എമർജൻസി’ പ്രഖ്യാപിച്ചു. രോഗിക്ക് ഉടനടി വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ വിമാനം സ്കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോ വിമാനത്താവളത്തിലേക്ക് അടിയന്തരമായി തിരിച്ചുവിട്ടു.ഉച്ചയ്ക്ക് 2:25-ഓടെ ഗ്ലാസ്‌ഗോയിൽ ലാൻഡ് ചെയ്ത വിമാനത്തിൽ നിന്നും രോഗിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ തുടർന്നുണ്ടായ നടപടിക്രമങ്ങൾ വൈകിയതോടെ വിമാന ജീവനക്കാരുടെ ഡ്യൂട്ടി സമയം കഴിഞ്ഞു. ഷിക്കോഗോയിലേക്കുള്ള ദീർഘദൂര യാത്ര തുടരുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിൽ ലുഫ്താൻസ യാത്ര പൂർണ്ണമായും റദ്ദാക്കാൻ തീരുമാനിച്ചു. തുടർന്ന് വിമാനം തിരികെ ജർമ്മനിയിലേക്ക് തന്നെ മടങ്ങി. ഷിക്കോഗോയിൽ എത്തേണ്ടിയിരുന്ന 358 യാത്രക്കാർക്കായി മറ്റ് വിമാനങ്ങളിൽ ബദൽ സൗകര്യങ്ങൾ എയർലൈൻ ഒരുക്കി. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടായെങ്കിലും, ഒരാളുടെ ജീവൻ രക്ഷിക്കാൻ എയർലൈൻ കാട്ടിയ ജാഗ്രതയ്ക്കും കരുതലിനും സോഷ്യൽ മീഡിയയിൽ വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്. ‘യാത്രക്കാരന്റെ ജീവനാണ് ലാഭത്തേക്കാൾ വലുത്’ എന്ന് തെളിയിച്ച ലുഫ്താൻസയുടെ ഈ തീരുമാനം ഇപ്പോൾ ആകാശത്തോളം ചർച്ചയാകുകയാണ്.