ജോലി സ്ഥലത്ത് വേണ്ട; ചിട്ടിക്ക് ‘വിലക്കിട്ടു’: പ്രവാസികളുടെ ‘സമ്പാദ്യത്തിന്’ തിരിച്ചടി; പണം സ്വരൂപിച്ചാൽ കടുത്ത നടപടി!

സർക്കാർ-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജീവനക്കാർ തമ്മിൽ നടത്തിവരുന്ന അനൗപചാരിക ചിട്ടി, നിക്ഷേപ പദ്ധതികൾക്ക് വിലക്കേർപ്പെടുത്തി അധികൃതർ. ഇത്തരം ഗ്രൂപ്പുകളിലൂടെ പണം സ്വരൂപിക്കുന്ന പ്രവണത തൊഴിലിടങ്ങളിലെ സമാധാന അന്തരീക്ഷത്തെയും പ്രവർത്തനക്ഷമതയെയും ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കിയിരിക്കുന്നത്. ജോലി സമയങ്ങളിൽ ചിട്ടി, കുറി, നിക്ഷേപ ശേഖരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് അച്ചടക്കലംഘനമായി കണക്കാക്കുമെന്നും മുന്നറിയിപ്പുണ്ട്. നിയമപരമായ അനുമതിയോ ലൈസൻസോ ഇല്ലാതെ ഫണ്ട് ശേഖരിക്കുന്നവർക്ക് കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി.

തർക്കങ്ങൾ വർധിച്ചതോടെ നടപടി

പ്രവാസികൾക്കിടയിൽ പ്രതിമാസ സംഭാവനകളുടെ അടിസ്ഥാനത്തിൽ ചിട്ടി നടത്തുന്നത് സാധാരണമാണ്. 500 മുതൽ 10,000 ദിർഹം വരെയുള്ള തുകകൾ വരുമാനത്തിന് അനുസരിച്ച് ശേഖരിച്ചു നറുക്കെടുപ്പ് രീതിയിൽ വിതരണം ചെയ്യുന്നതാണ് പതിവ്. എന്നാൽ, പണം ലഭിച്ച ചിലർ രാജ്യം വിടുകയും തിരിച്ചടവ് മുടക്കുകയും ചെയ്ത സംഭവങ്ങൾ പല സ്ഥാപനങ്ങളിലും പ്രതിസന്ധിയുണ്ടാക്കി. ഇത്തരത്തിലുള്ള സാമ്പത്തിക തർക്കങ്ങൾ പലപ്പോഴും സഹപ്രവർത്തകരിടയിൽ വാക്കുതർക്കങ്ങളായി മാറുകയും, ചില കേസുകളിൽ കോടതിവരെ പോകുകയും ചെയ്തിട്ടുണ്ട്. 12 മുതൽ 24 മാസം വരെ നീളുന്ന പദ്ധതികളിൽ പണമിടപാട് തടസ്സപ്പെട്ടാൽ ഉത്തരവാദിത്തം നടത്തിപ്പുകാർക്ക് മേൽ ചുമത്തപ്പെടുന്നതും പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളിലേക്കും വ്യാപനം

വലിയ തോതിൽ ജീവനക്കാരുള്ള ആശുപത്രികളും ചില സ്കൂളുകളും ഇത്തരം സമ്പാദ്യ പദ്ധതികളുടെ കേന്ദ്രങ്ങളായി മാറിയതായി റിപ്പോർട്ടുണ്ട്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ആരംഭിച്ച ചിട്ടിയിൽ പുറത്തുനിന്നുള്ള ആളുകളെയും ഉൾപ്പെടുത്തിയതോടെ തിരിച്ചടവ് മുടങ്ങിയ സംഭവത്തിൽ മാനേജ്മെന്റ് ഇടപെട്ട് കാരണം കാണിക്കൽ നോട്ടീസ് നൽകേണ്ട സാഹചര്യമുണ്ടായി.

നിയമപരമായ നിലപാട്

ലൈസൻസില്ലാതെ പൊതുജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കൽ രാജ്യത്ത് നിയമവിരുദ്ധമാണ്. സാമ്പത്തിക നേട്ടം വാഗ്ദാനം ചെയ്ത് പണം ശേഖരിക്കുകയും പിന്നീട് വാഗ്ദാനം പാലിക്കാതിരിക്കുകയും ചെയ്യുന്നത് സിവിൽ, ക്രിമിനൽ നിയമ നടപടികൾക്ക് വഴിവയ്ക്കും. ഫെഡറൽ നിയമപ്രകാരം സാമ്പത്തിക തട്ടിപ്പ്, അനധികൃത ഫണ്ട് ശേഖരണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസുകൾ രജിസ്റ്റർ ചെയ്യാം. നിയമവിരുദ്ധമായി ശേഖരിച്ച തുകകൾ കണ്ടുകെട്ടുന്നതിന് പുറമെ തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷകൾക്ക് വിധേയരാകേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. തൊഴിൽസ്ഥലങ്ങളിൽ സാമ്പത്തിക ഇടപാടുകൾ വ്യക്തിഗത തലത്തിൽ നടത്താതെ അംഗീകൃത ബാങ്കിംഗ് സംവിധാനങ്ങൾ മാത്രം ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

പച്ചയ്ക്ക് വിട… ഇനി വാട്‌സ്ആപ്പ് നിങ്ങളുടെ സ്റ്റൈലിൽ! ഐക്കൺ നിറവും തീമും ഇഷ്ടം പോലെ മാറ്റാം

വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ആപ്പ് ഐക്കണിന്റെ നിറവും തീമുകളും കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യം നൽകാൻ മെറ്റ ഒരുങ്ങുന്നതായി റിപ്പോർട്ട്. ആൻഡ്രോയിഡ് പതിപ്പിൽ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ ഫീച്ചറുകൾ ബീറ്റാ ടെസ്റ്റിംഗിൽ കണ്ടെത്തിയതായി ഫീച്ചർ ട്രാക്കറായ ‘വാബീറ്റ ഇൻഫോ’ വ്യക്തമാക്കി. വാട്സ്ആപ്പ് ബീറ്റാ ഫോർ ആൻഡ്രോയ്ഡ് വേർഷൻ 2.26.6.1-ലാണ് പുതിയ സവിശേഷതകൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ഡെവലപ്പർമാർക്കും തിരഞ്ഞെടുത്ത ബീറ്റാ ടെസ്റ്റർമാർക്കും മാത്രമാണ് ഈ പതിപ്പ് ലഭ്യമാക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് ഇത് ലഭ്യമാകുന്നത് ഭാവിയിലെ അപ്ഡേറ്റുകളിലൂടെയായിരിക്കും. വർഷങ്ങളായി വാട്സ്ആപ്പിന്റെ അടയാളമായി നിലകൊണ്ടിരുന്ന പച്ച നിറത്തിലുള്ള പരമ്പരാഗത ബ്രാൻഡിംഗിൽ നിന്ന് മാറി, ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തിഗത ദൃശ്യാനുഭവം നൽകുകയാണ് പുതിയ അപ്ഡേറ്റിന്റെ ലക്ഷ്യം. ഉപയോക്താക്കളുടെ ഇഷ്ടാനുസരണം ആപ്പിന്റെ രൂപഭാവം മാറ്റാൻ സാധിക്കുന്ന വിധത്തിൽ നിരവധി ദൃശ്യ ഘടകങ്ങൾ ഉൾപ്പെടുത്താനാണ് പദ്ധതി.

14 പുതിയ ഐക്കണുകൾ

പുതിയ അപ്ഡേറ്റിൽ 14 വ്യത്യസ്ത ആപ്പ് ഐക്കണുകൾ അവതരിപ്പിക്കാനാണ് സാധ്യത. ഇതിൽ ഏഴ് ഐക്കണുകൾ നീല, തവിട്ട്, പച്ച, മോണോക്രോം, ഓറഞ്ച്, പിങ്ക്, പർപ്പിൾ തുടങ്ങിയ ഏകവർണ്ണ ഡിസൈനുകളായിരിക്കും. ശേഷിക്കുന്ന ഐക്കണുകൾ കൂടുതൽ സ്റ്റൈലിഷ് രൂപത്തിലാണ് എത്തുക. ‘അറോറ’, ‘ഫ്ലഫി’, ‘ഗാലക്സി’, ‘ക്ലേ’, ‘സ്പാർക്കിൾ’, ‘നിയോൺ’ എന്നീ പേരുകളോടെയുള്ള ഡിസൈനുകൾ ഉപയോക്താക്കൾക്ക് പുതുമയാർന്ന ലുക്ക് നൽകും. ഈ ഐക്കണുകൾ ഉപയോഗിച്ച് ഹോം സ്ക്രീനിലും ആപ്പ് ഡ്രോയറിലും വാട്സ്ആപ്പിന്റെ രൂപഭാവം മാറ്റാനാകും. തേർഡ് പാർട്ടി ആപ്പുകൾ ആശ്രയിക്കാതെ തന്നെ ഇഷ്ടാനുസൃത കസ്റ്റമൈസേഷൻ സാധ്യമാക്കുക എന്നതാണ് ലക്ഷ്യം.

19 വരെ നിറങ്ങൾ തിരഞ്ഞെടുക്കാം

ഐക്കണുകൾക്ക് പുറമെ ആപ്പിന്റെ പ്രധാന ബ്രാൻഡിംഗ് നിറവും മാറ്റാനുള്ള സൗകര്യം ലഭ്യമാകാനിടയുണ്ട്. 19 വരെ നിറങ്ങൾ തിരഞ്ഞെടുക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്. റോയൽ ബ്ലൂ, വയലറ്റ്, കോറൽ, ടീൽ, തവിട്ട്, ബീജ്, മഞ്ഞ, പിങ്ക്, ചുവപ്പ്, ഓറഞ്ച്, ഡാർക്ക് ഒലീവ് ഗ്രീൻ തുടങ്ങിയ നിറങ്ങൾ ഡിഫോൾട്ട് പച്ചയ്ക്കൊപ്പം ലഭ്യമാകാം. പഴയ പതിപ്പുകളുടെ ക്ലാസിക് ഡിസൈൻ തിരിച്ചെത്താനും സാധ്യതയുണ്ട്.

തിരഞ്ഞെടുക്കുന്ന നിറങ്ങൾ ടാബുകൾ, ഫിൽറ്ററുകൾ, ഫ്ലോട്ടിംഗ് ആക്ഷൻ ബട്ടണുകൾ എന്നിവയിൽ പ്രതിഫലിക്കുമെന്നാണ് സൂചന. ഇതുവഴി ആപ്പിന്റെ മുഴുവൻ ഭാഗത്തും ഏകോപിതമായ തീം അനുഭവം ലഭ്യമാകും. പുതിയ ഫീച്ചറുകളുടെ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഉപയോക്താക്കളുടെ വ്യക്തിഗത അനുഭവം മെച്ചപ്പെടുത്താനുള്ള വാട്സ്ആപ്പിന്റെ പുതിയ നീക്കമായാണ് ഈ അപ്ഡേറ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *