ലൈഫ് ഇൻഷുറൻസ് പ്രായമായവർക്കോ കുടുംബ ബാധ്യതകൾ കൂടുതലുള്ളവർക്കോ മാത്രമാണെന്ന ധാരണ വ്യാപകമാണെങ്കിലും, സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമായി നോക്കുമ്പോൾ ഇൻഷുറൻസ് എടുക്കാൻ ഏറ്റവും അനുയോജ്യമായ കാലഘട്ടം ഇരുപതുകളാണെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. ജോലിയിൽ പ്രവേശിക്കുന്ന ആദ്യ ഘട്ടത്തിൽ തന്നെ ഒരു ഇൻഷുറൻസ് പോളിസി സ്വന്തമാക്കുന്നത് ഭാവിയിൽ വലിയ സാമ്പത്തിക നേട്ടങ്ങൾ നൽകുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
കുറഞ്ഞ പ്രീമിയം വലിയ ലാഭം
ഇൻഷുറൻസ് പ്രീമിയം നിശ്ചയിക്കുന്നതിൽ പ്രായം പ്രധാന ഘടകമാണ്. പ്രായം കൂടുന്തോറും പ്രീമിയം നിരക്കും ഉയരും. ഉദാഹരണത്തിന്, 21-ാം വയസ്സിൽ ഒരു കോടി രൂപയുടെ ടേം ഇൻഷുറൻസ് എടുക്കുമ്പോൾ മാസത്തിൽ ഏകദേശം 531 രൂപ മതിയാകാം. എന്നാൽ 41-ാം വയസ്സിൽ ഇതേ പോളിസി എടുക്കുമ്പോൾ പ്രീമിയം 1,956 രൂപയോളം ഉയരാൻ സാധ്യതയുണ്ട്. പോളിസി ആരംഭിക്കുന്ന സമയത്ത് നിശ്ചയിക്കുന്ന പ്രീമിയം കാലാവധിയിലുടനീളം സ്ഥിരമായിരിക്കും എന്നത് തന്നെ വലിയ സാമ്പത്തിക ഗുണമായി കണക്കാക്കപ്പെടുന്നു.
ആരോഗ്യപരമായ മുൻതൂക്കം
ചെറുപ്പക്കാരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കുറവായതിനാൽ ഇൻഷുറൻസ് ലഭ്യമാക്കൽ എളുപ്പമാണ്. പ്രായം കൂടുന്തോറും ജീവിതശൈലി രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വർധിക്കുന്നു. ഇത് പ്രീമിയം വർധനയ്ക്കോ ചിലപ്പോൾ അപേക്ഷ നിരസിക്കപ്പെടുന്നതിനോ കാരണമാകാം.
എത്ര കവറേജ് ആവശ്യമാണ്?
വാർഷിക വരുമാനത്തിന്റെ 10 മുതൽ 15 ഇരട്ടി വരെയാണ് ഇൻഷുറൻസ് കവറേജ് ഉണ്ടായിരിക്കേണ്ടതെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. ഉദാഹരണത്തിന്, വാർഷിക വരുമാനം 5 ലക്ഷം രൂപയാണെങ്കിൽ കുറഞ്ഞത് 50 ലക്ഷം മുതൽ 75 ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം.
ടേം ഇൻഷുറൻസ് കൂടുതൽ പ്രയോജനകരം
കുറഞ്ഞ പ്രീമിയത്തിൽ വലിയ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ടേം ഇൻഷുറൻസ് പ്ലാനുകളാണ് ഏറ്റവും അനുയോജ്യം. നിലവിൽ ആശ്രിതർ ഇല്ലെങ്കിലും ഭാവിയിലെ വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം, വീട് വായ്പ തുടങ്ങിയ ബാധ്യതകൾ മുന്നിൽക്കണ്ട് ഇൻഷുറൻസ് എടുക്കുന്നത് ദൂരദർശിത്വമായ തീരുമാനമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. കരിയറിന്റെ തുടക്കത്തിൽ തന്നെ ലൈഫ് ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നത് കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനൊപ്പം ദീർഘകാലത്ത് പ്രീമിയം ഇനത്തിൽ വൻ ലാഭവും ഉറപ്പാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Leave a Reply