അപകടത്തിൽ പരുക്കേറ്റ ജീവനക്കാരന് ഇൻഷുറൻസ് ഇല്ല: കമ്പനിക്ക് 50 ലക്ഷത്തിന്റെ ‘ഷോക്ക് ട്രീറ്റ്‌മെന്റ്’; നൽകി കോടതി വിധി

ജോലിസ്ഥലത്ത് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജീവനക്കാരന് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാത്ത തൊഴിലുടമയ്ക്കെതിരെ ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ നിർണായക വിധി. ചികിത്സാച്ചെലവായി വന്ന 2,16,096.76 ദിർഹം (ഏകദേശം 50 ലക്ഷം രൂപ) കമ്പനി നൽകണമെന്നു കോടതി ഉത്തരവിട്ടു. ഉയരത്തിൽ നിന്ന് വീണ് ഒന്നിലധികം ഒടിവുകളേറ്റ ജീവനക്കാരനെ കഴിഞ്ഞ വർഷം മാർച്ച് 22-നാണ് സ്വകാര്യ ആശുപത്രിയിലെ അടിയന്തര വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഏപ്രിൽ 8 വരെ നീണ്ട ചികിത്സയും ശസ്ത്രക്രിയകളും ഉൾപ്പെടെ വലിയ ചെലവാണ് ഉണ്ടായത്. ചികിത്സാച്ചെലവ് താൻ വഹിക്കാമെന്ന സമ്മതപത്രം ജീവനക്കാരൻ ആശുപത്രിയിൽ നൽകിയിരുന്നുവെങ്കിലും, തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഇല്ലെന്ന് വ്യക്തമായി.

യുഎഇയിൽ ജോലി ചെയ്യുന്ന ഓരോ ജീവനക്കാരനും ആരോഗ്യ ഇൻഷുറൻസ് നൽകുന്നത് തൊഴിലുടമയുടെ നിയമബാധ്യതയാണ്. 2013-ലെ ദുബായ് ആരോഗ്യ ഇൻഷുറൻസ് നിയമം (നിയമം നമ്പർ 11) പ്രകാരം, ഇൻഷുറൻസ് ഇല്ലാത്ത സാഹചര്യത്തിൽ അടിയന്തര ചികിത്സാച്ചെലവ് തൊഴിലുടമ തന്നെ വഹിക്കണം.
ആശുപത്രി ബിൽ അടയ്ക്കുന്നതിൽ ജീവനക്കാരനും തൊഴിലുടമയും സംയുക്തമായി ഉത്തരവാദികളാണെങ്കിലും, ഇൻഷുറൻസ് ഉറപ്പാക്കാനുള്ള പ്രധാന ബാധ്യത കമ്പനിക്കാണെന്ന് കോടതി വ്യക്തമാക്കി. നിയമലംഘനം നടത്തിയതിനാലാണ് മുഴുവൻ ചികിത്സാച്ചെലവും കമ്പനി നൽകണമെന്ന് കോടതി നിർദേശിച്ചത്.

ഷോപ്പിംഗല്ല വില്ലൻ, ഓഫീസും സ്കൂളും! യുഎഇയിലെ ഗതാഗതക്കുരുക്കിന് പിന്നിലെ കാരണം വെളിപ്പെടുത്തി വിദഗ്ധർ

ദുബായ് നഗരത്തിലെ റോഡുകളെ നിശ്ചലമാക്കുന്ന ഗതാഗതക്കുരുക്കിന്റെ യഥാർത്ഥ കാരണം വിനോദയാത്രകളോ ഷോപ്പിംഗോ അല്ലെന്ന് ഗതാഗത വിദഗ്ദ്ധനായ ഡോ. മുസ്തഫ അൽദ വ്യക്തമാക്കുന്നു. നഗരത്തിലെ ആകെ ഗതാഗതത്തിന്റെ 90 ശതമാനവും ജോലിസംബന്ധമായ ആവശ്യങ്ങൾക്കും സ്കൂൾ യാത്രകൾക്കും വേണ്ടിയുള്ളതാണ്. വ്യക്തിപരമായ ആവശ്യങ്ങൾക്കായി റോഡിലിറങ്ങുന്നവരുടെ എണ്ണം താരതമ്യേന വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഭൂരിഭാഗം ജീവനക്കാരും തങ്ങളുടെ ജോലിസ്ഥലത്തിന് അടുത്തല്ല താമസിക്കുന്നത് എന്നതും ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുന്നു. പല കമ്പനികളും താമസസൗകര്യം നൽകാത്തതിനാൽ ദൂരസ്ഥലങ്ങളിൽ നിന്ന് സ്വന്തം വാഹനങ്ങളിൽ ഓഫീസിലെത്താൻ ആളുകൾ നിർബന്ധിതരാകുകയാണ്. നഗരത്തിന്റെ വിസ്തൃതി വർദ്ധിച്ചതോടെ നടന്നു യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടായതും ആളുകളെ പൂർണ്ണമായും കാറുകളെ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നു.

സ്കൂൾ സമയങ്ങളിലെ തിരക്കിനെക്കുറിച്ച് ഡോ. അൽദ നൽകുന്ന ഉദാഹരണം ശ്രദ്ധേയമാണ്. ആയിരം വിദ്യാർത്ഥികളുള്ള ഒരു സ്കൂളിന് അവരെ കൃത്യസമയത്ത് എത്തിക്കാൻ വെറും 20 ബസുകൾ മതിയാകും. എന്നാൽ രക്ഷിതാക്കൾ ഓരോരുത്തരും സ്വന്തം കാറിൽ കുട്ടികളെ എത്തിക്കാൻ ശ്രമിക്കുമ്പോൾ ഒരേസമയം ആയിരം കാറുകളാണ് റോഡിലേക്ക് വരുന്നത്. റോഡുകൾക്ക് താങ്ങാവുന്ന വാഹനങ്ങളുടെ എണ്ണത്തിന് പരിധിയുണ്ടെന്നും അത് മറികടക്കുമ്പോഴാണ് ഗതാഗതം മന്ദഗതിയിലാകുന്നതെന്നും അദ്ദേഹം പറയുന്നു.

പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ നടത്തുന്ന ട്രാഫിക് പഠനങ്ങളിലെ പാളിച്ചകൾ പരിഹരിക്കുക എന്നതും ബിസിനസ് യാത്രകൾ ശാസ്ത്രീയമായി ക്രമീകരിക്കുക എന്നതുമാണ് ഇതിനുള്ള പ്രധാന പരിഹാരമാർഗ്ഗങ്ങൾ. കൃത്യമായ പ്ലാനിംഗിലൂടെ ഭാവിയിൽ ദുബായിലെ ഗതാഗതം കൂടുതൽ സുഗമമാക്കാൻ സാധിക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ജീവനക്കാർക്ക് ‘ലോട്ടറി’; 30% ശമ്പളവർധനയും പുത്തൻ കാറുകളും പ്രഖ്യാപിച്ച് ഞെട്ടിച്ച് യുഎഇയിലെ ഈ മലയാളി കമ്പനി

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പ് തങ്ങളുടെ ജീവനക്കാർക്കായി ആവേശകരമായ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. പ്രമുഖ മലയാളി സംരംഭകൻ അംജദ് സിതാരയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ്, തങ്ങളുടെ മുഴുവൻ ജീവനക്കാർക്കും 30 ശതമാനം ശമ്പളവർധനയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനുപുറമെ, കമ്പനിയിലെ മുഴുവൻ മാനേജർമാർക്കും പ്രീമിയം എസ്‌യുവി കാറുകൾ സമ്മാനമായി നൽകുമെന്ന ചെയർമാന്റെ പ്രഖ്യാപനം പ്രവാസലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

കഴിഞ്ഞ സാമ്പത്തിക വർഷം കൈവരിച്ച 130 ശതമാനമെന്ന അമ്പരപ്പിക്കുന്ന വളർച്ചയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. നിർമാണം, റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളിലായി യുഎഇയിൽ മാത്രം 20,000-ലേറെ പേർ ജോലി ചെയ്യുന്ന ഈ കമ്പനി, തങ്ങളുടെ വളർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച ജീവനക്കാരെ ചേർത്തുപിടിക്കുകയാണ്. ഖത്തർ, സൗദി, ഇന്ത്യ എന്നിവിടങ്ങളിലും ശക്തമായ സാന്നിധ്യമുള്ള ബിസിസി ഗ്രൂപ്പ്, റിയൽ എസ്റ്റേറ്റ് മേഖലയിൽ ഏജന്റുമാർക്ക് നൂറ് ശതമാനം കമ്മീഷൻ നൽകുന്ന പുതിയ ബിസിനസ് മാതൃകയും അടുത്തിടെ അവതരിപ്പിച്ചിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *