സ്പോൺസർ മരിച്ചു, ശമ്പളമില്ലാത്ത 5 മാസം: അറിയാതെ വീണ ‘ഹുറൂബ്’ കുരുക്ക്; 10 വർഷത്തെ കണ്ണീർക്കടൽ കടന്ന് മലയാളി യുവതി നാടണഞ്ഞു

പത്തുവർഷത്തിലേറെ നീണ്ട അനിശ്ചിതത്വങ്ങൾക്കും നിയമസങ്കീർണ്ണതകൾക്കും വിരാമമിട്ട് ആലപ്പുഴ കായംകുളം സ്വദേശിനി ജമീല ബീഗം നാട്ടിലേക്കു മടങ്ങി. കേളി കലാസാംസ്കാരിക വേദിയുടെയും ഇന്ത്യൻ എംബസിയുടെയും ഇടപെടലാണ് മടക്കയാത്ര സാധ്യമാക്കിയത്. 2016-ൽ അസുഖബാധിതനായ ഭർത്താവിന്റെ ചികിത്സക്കും മകളുടെ പഠനച്ചെലവുകൾക്കുമായി ജമീല റിയാദിലെ അൽഖർജിൽ ഗാർഹിക തൊഴിലാളിയായി എത്തുകയായിരുന്നു. തുടക്കത്തിൽ കരാർപ്രകാരം ജോലി ലഭിച്ചെങ്കിലും ആറുമാസത്തിന് ശേഷം ശമ്പളം കൃത്യമായി ലഭിക്കാതായി. തുടർന്ന് മറ്റൊരിടത്തേക്ക് ജോലി മാറിയെങ്കിലും അഞ്ചുമാസത്തെ ശമ്പള കുടിശ്ശിക തുടരുകയായിരുന്നു. ഇതിനിടെയും ഇക്കാമ ആദ്യ സ്പോൺസറുടെ പേരിലായിരുന്നു. പുതിയ ജോലിസ്ഥലത്ത് ശമ്പളം കൃത്യമായി ലഭിച്ചതോടെ ഡയാലിസിസ് രോഗിയായ ഭർത്താവിന്റെ ചികിത്സയും മകളുടെ പഠനവും മൂന്നുവർഷത്തോളം തടസമില്ലാതെ മുന്നോട്ടുപോയി. എന്നാൽ ഭർത്താവിന്റെ ആകസ്മിക മരണം ജമീലയുടെ ജീവിതത്തെ വീണ്ടും പ്രതിസന്ധിയിലാക്കി.

നാട്ടിലേക്ക് മടങ്ങാൻ സ്പോൺസറെ സമീപിച്ചപ്പോഴാണ് അദ്ദേഹം ഇതിനകം മരിച്ചെന്ന വിവരം അറിയുന്നത്. സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ ഇന്ത്യൻ എംബസിയെ സമീപിച്ച് തർഹീലിൽ രേഖകൾ പരിശോധിച്ചപ്പോൾ, സ്പോൺസർ മരണപ്പെടുന്നതിന് മാസങ്ങൾക്ക് മുൻപേ എക്സിറ്റ് വീസ എടുത്തിരുന്നുവെന്നും അതിന്റെ കാലാവധി കഴിഞ്ഞതായും ജമീല ‘ഹുറൂബ്’ നിലയിലായതായും കണ്ടെത്തി. നിയമനടപടികൾ ആരംഭിച്ചെങ്കിലും സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചില്ല.
ഇതിനിടെ നാട്ടിൽ മാതാവിന്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന മകളുടെ വിവാഹം നിശ്ചയിക്കപ്പെട്ടതോടെ ജമീലയുടെ മടക്കയാത്ര താൽക്കാലികമായി മാറ്റിവെക്കേണ്ടി വന്നു. തുടർന്ന് വിവാഹം പൂർത്തിയായി.
കഴിഞ്ഞ വർഷം ജമീലയുടെ മാതാവും മരണപ്പെട്ടതോടെ നാട്ടിലേക്കുള്ള ശ്രമങ്ങൾ വീണ്ടും സജീവമായി. തുടർന്ന് കേളി ജീവകാരുണ്യ കമ്മിറ്റിയെ സമീപിക്കുകയും, വിഷയത്തിൽ ഇടപെടാൻ കമ്മിറ്റിയംഗം നാസർ പൊന്നാനിയെ ചുമതലപ്പെടുത്തുകയും ചെയ്തു. നാസർ പൊന്നാനി മുഖേന വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തി. കേളിയുടെയും ഇന്ത്യൻ എംബസിയുടെയും നിരന്തര ഇടപെടലിന്റെ ഫലമായി വലിയ പിഴത്തുക ഒഴിവാക്കി എക്സിറ്റ് വീസ അനുവദിച്ചു. ഇതോടെ പത്തുവർഷത്തെ ദുരിതജീവിതത്തിന് വിരാമമിട്ട് ജമീല ബീഗം കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ജീവനക്കാർക്ക് ‘ലോട്ടറി’; 30% ശമ്പളവർധനയും പുത്തൻ കാറുകളും പ്രഖ്യാപിച്ച് ഞെട്ടിച്ച് യുഎഇയിലെ ഈ മലയാളി കമ്പനി

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പ് തങ്ങളുടെ ജീവനക്കാർക്കായി ആവേശകരമായ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. പ്രമുഖ മലയാളി സംരംഭകൻ അംജദ് സിതാരയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ്, തങ്ങളുടെ മുഴുവൻ ജീവനക്കാർക്കും 30 ശതമാനം ശമ്പളവർധനയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനുപുറമെ, കമ്പനിയിലെ മുഴുവൻ മാനേജർമാർക്കും പ്രീമിയം എസ്‌യുവി കാറുകൾ സമ്മാനമായി നൽകുമെന്ന ചെയർമാന്റെ പ്രഖ്യാപനം പ്രവാസലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

കഴിഞ്ഞ സാമ്പത്തിക വർഷം കൈവരിച്ച 130 ശതമാനമെന്ന അമ്പരപ്പിക്കുന്ന വളർച്ചയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. നിർമാണം, റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളിലായി യുഎഇയിൽ മാത്രം 20,000-ലേറെ പേർ ജോലി ചെയ്യുന്ന ഈ കമ്പനി, തങ്ങളുടെ വളർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച ജീവനക്കാരെ ചേർത്തുപിടിക്കുകയാണ്. ഖത്തർ, സൗദി, ഇന്ത്യ എന്നിവിടങ്ങളിലും ശക്തമായ സാന്നിധ്യമുള്ള ബിസിസി ഗ്രൂപ്പ്, റിയൽ എസ്റ്റേറ്റ് മേഖലയിൽ ഏജന്റുമാർക്ക് നൂറ് ശതമാനം കമ്മീഷൻ നൽകുന്ന പുതിയ ബിസിനസ് മാതൃകയും അടുത്തിടെ അവതരിപ്പിച്ചിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

വിസ ഇടപാടുകൾക്ക് ‘ഏജന്റുമാരെ’ വിശ്വസിക്കല്ലേ; യുഎഇയിൽ കർശന മുന്നറിയിപ്പ്

ദുബായിലെ വിസ, റസിഡൻസി, യാത്രാ രേഖകൾ തുടങ്ങിയ സർക്കാർ സേവനങ്ങൾക്കായി ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകി. വ്യാജ ഇടനിലക്കാരെയും അനൗദ്യോഗിക വെബ്സൈറ്റുകളെയും ആശ്രയിക്കുന്നത് വഴി വ്യക്തിവിവരങ്ങൾ ചോരാനും സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകാനും സാധ്യതയുള്ളതിനാലാണ് ഈ മുൻകരുതൽ.

സർക്കാർ അംഗീകരിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയോ ഔദ്യോഗിക സേവന കേന്ദ്രങ്ങളിലൂടെയോ മാത്രം അപേക്ഷകൾ സമർപ്പിക്കുന്നത് നടപടിക്രമങ്ങൾ സുതാര്യവും സുരക്ഷിതവുമാക്കാൻ സഹായിക്കും. സുരക്ഷിതമല്ലാത്ത വഴികൾ തേടുന്നത് വഴി അനാവശ്യമായ നിയമക്കുരുക്കുകളിലും തെറ്റിദ്ധാരണകളിലും ചെന്നുചാടാൻ സാധ്യതയുണ്ടെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു. സമയബന്ധിതമായി വിശ്വസനീയമായ സേവനം ഉറപ്പാക്കാൻ അംഗീകൃത ഡിജിറ്റൽ ചാനലുകൾ തന്നെയാണ് ഏറ്റവും മികച്ച മാർഗ്ഗം.

പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ജിഡിആർഎഫ്എ ഇത്തരമൊരു ബോധവൽക്കരണം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ദുബായിലെ വിസ സംബന്ധമായ എന്ത് സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും 8005111 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് കൃത്യമായ വിവരങ്ങൾ തേടാവുന്നതാണ്. ശരിയായ സർക്കാർ മാർഗ്ഗങ്ങൾ പിന്തുടരുന്നത് വഴി പ്രവാസികൾക്ക് തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സുരക്ഷിതമായി സേവനങ്ങൾ ആസ്വദിക്കാനും സാധിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *