അബുദാബി: യുഎഇയിൽ ഇൻഫ്ലുവൻസ പടരുന്ന സാഹചര്യത്തിൽ, ഡോക്ടറുടെ നിർദ്ദേശമില്ലാതെ സ്വയം ചികിത്സ നടത്തുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ രംഗത്തെത്തി. സാധാരണ പനി, ചുമ, തൊണ്ടവേദന എന്നിവയ്ക്ക് ഡോക്ടറെ കാണാതെ സ്വന്തം ഇഷ്ടപ്രകാരം ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് ആഗോളതലത്തിൽ തന്നെ വലിയ ആരോഗ്യ ഭീഷണിയായ ‘സൂപ്പർബഗ്ഗുകളുടെ’ വളർച്ചയ്ക്ക് കാരണമാകുന്നുവെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം മരുന്ന് ഉപയോഗം രോഗാണുക്കളിൽ മരുന്നിനെ പ്രതിരോധിക്കാനുള്ള ശേഷി (Antimicrobial Resistance) വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
യുഎഇയിലെ പ്രവാസി സമൂഹങ്ങൾക്കിടയിലാണ് ഈ പ്രവണത കൂടുതലായി കണ്ടുവരുന്നത്. പലരും സ്വന്തം നാട്ടിൽ നിന്ന് കൊണ്ടുവരുന്ന മരുന്നുകളോ അല്ലെങ്കിൽ മുൻപ് ചികിത്സയ്ക്ക് ശേഷം ബാക്കിവന്ന മരുന്നുകളോ ആണ് ഇത്തരത്തിൽ ഉപയോഗിക്കുന്നത്. വൈറസ് മൂലമുണ്ടാകുന്ന സാധാരണ പനിക്കും ജലദോഷത്തിനും ആന്റിബയോട്ടിക്കുകൾ യാതൊരു ഗുണവും ചെയ്യില്ലെന്ന് മാത്രമല്ല, അനാവശ്യമായി ഇവ ഉപയോഗിക്കുന്നത് ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ തകർക്കാനും ഭാവിയിൽ ഗുരുതരമായ അണുബാധകൾ ഉണ്ടാകുമ്പോൾ മരുന്നുകൾ ഫലിക്കാത്ത അവസ്ഥയിലേക്ക് നയിക്കാനും സാധ്യതയുണ്ട്.
ഈ ഭീഷണിയെ നേരിടാൻ യുഎഇ ആരോഗ്യ മന്ത്രാലയം ‘ഫൈറ്റ് സൂപ്പർബഗ്സ്’ എന്ന പേരിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾ നടത്തിവരികയാണ്. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കണമെന്നും പരിശോധനകൾക്ക് ശേഷം മാത്രം മരുന്നുകൾ കഴിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. ആന്റിബയോട്ടിക്കുകൾ കഴിക്കാൻ ഡോക്ടർ നിർദ്ദേശിച്ചാൽ അതിന്റെ കോഴ്സ് പൂർണ്ണമായും പൂർത്തിയാക്കണമെന്നും പാതിവഴിയിൽ നിർത്തുന്നത് അപകടകരമാണെന്നും വിദഗ്ധർ ഓർമ്മിപ്പിച്ചു. പൊതുജനാരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഇത്തരം തെറ്റായ ചികിത്സാ രീതികളിൽ നിന്ന് എല്ലാവരും പിന്മാറണമെന്ന് ആരോഗ്യ വിഭാഗം അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിൽ മെട്രോയിൽ കരുതിയിരുന്നോ! നിയമം തെറ്റിച്ചാൽ വൻ പിഴ; പരിശോധന കർശനമാക്കി ആർടിഎ
ദുബായ്: ദുബായ് മെട്രോയിലെ യാത്ര കൂടുതൽ സുരക്ഷിതവും അച്ചടക്കമുള്ളതുമാക്കാൻ നിയമലംഘകർക്കെതിരെ കടുത്ത നടപടികളുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് 100 ദിർഹം മുതൽ 2,000 ദിർഹം വരെ പിഴ ഈടാക്കാനാണ് തീരുമാനം. യാത്രാ മര്യാദകൾ പാലിക്കാത്തവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
മെട്രോ ക്യാബിനുകളിൽ ഭക്ഷണം കഴിക്കുകയോ പാനീയങ്ങൾ കുടിക്കുകയോ ചെയ്യുന്നത് പിഴ ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ, സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ക്യാബിനുകളിൽ പുരുഷന്മാർ പ്രവേശിക്കുകയോ ഗോൾഡ് ക്ലാസ് ടിക്കറ്റില്ലാതെ ആ ക്യാബിനിൽ ഇരിക്കുകയോ ചെയ്യുന്നതും ശിക്ഷാർഹമാണ്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, ട്രെയിനിലും സ്റ്റേഷനിലും പുകവലിക്കുക, പൊതുമുതൽ നശിപ്പിക്കുക എന്നിവ ഗുരുതരമായ നിയമലംഘനങ്ങളുടെ പരിധിയിൽ വരും.
അടിയന്തര സാഹചര്യങ്ങളിലല്ലാതെ എമർജൻസി സംവിധാനങ്ങളിൽ അനാവശ്യമായി ഇടപെടുന്നവർക്ക് 2,000 ദിർഹം വരെയാണ് പിഴ ഒടുക്കേണ്ടി വരിക. കുറ്റങ്ങൾ ആവർത്തിക്കുന്ന സാഹചര്യമുണ്ടായാൽ കർശനമായ മറ്റ് നിയമനടപടികളും നേരിടേണ്ടി വരും. യാത്രക്കാരെ ബുദ്ധിമുട്ടിക്കാനല്ല, മറിച്ച് ലോകോത്തര നിലവാരമുള്ള ദുബായ് മെട്രോയുടെ സൗകര്യങ്ങൾ സംരക്ഷിക്കാനും യാത്രക്കാർക്ക് മികച്ച അനുഭവം ഉറപ്പാക്കാനുമാണ് ഈ നടപടികളെന്ന് ആർടിഎ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
പ്രവാസികൾക്ക് ആശ്വാസം: കേരളത്തിലേക്കുള്ള വിമാന സർവീസുകൾ കൂട്ടാൻ ഇന്ത്യ-യുഎഇ ധാരണ
യുഎഇയിൽ നിന്നും കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള നിർണായക ചർച്ചകൾ പൂർത്തിയായി. ഹൈദരാബാദിൽ നടന്ന ‘വിങ്സ് ഓഫ് ഇന്ത്യ 2026’ സമ്മേളനത്തിനിടെ കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡുവും യുഎഇ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയുമാണ് പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്ന ഈ കൂടിക്കാഴ്ച നടത്തിയത്.
നിലവിലുള്ള വിമാന സീറ്റ് ക്വോട്ട കരാർ പൂർണ്ണമായും വിനിയോഗിക്കപ്പെട്ട സാഹചര്യത്തിൽ, യാത്രക്കാരുടെ വർധനവ് കണക്കിലെടുത്ത് കരാർ പുതുക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇത് നിലവിൽ വരുന്നതോടെ കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ എത്തും. 2014-ന് ശേഷം കരാർ പുതുക്കാത്തത് സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് തടസ്സമായിരുന്നു. പുതിയ കരാർ പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ സീറ്റുകൾ ലഭ്യമാകുകയും വിമാന കമ്പനികൾ തമ്മിലുള്ള മത്സരം കാരണം ടിക്കറ്റ് നിരക്ക് കുറയാൻ സാധ്യത തെളിയുകയും ചെയ്യും.
കൊച്ചി ആസ്ഥാനമായുള്ള അൽ ഹിന്ദ് എയർ ഉൾപ്പെടെയുള്ള പുതിയ വിമാന കമ്പനികൾ ഈ വർഷം പ്രവർത്തനം തുടങ്ങുന്നതും പ്രവാസികൾക്ക് വലിയ ഗുണകരമാകും. ഉഭയകക്ഷി വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യോമയാന മേഖലയിൽ വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply