കഴിഞ്ഞ വർഷം റാസൽഖൈമയിൽ നടത്തിയ പ്രത്യേക പരിശോധനാ ക്യാമ്പയിനുകളിൽ 3.10 കോടി ദിർഹം വിപണി മൂല്യമുള്ള 6,66,255 വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. വിപണിയിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെയും ഭാഗമായി നടത്തിയ പരിശോധനകളിലൂടെയാണ് ഇവ കണ്ടെത്തിയതെന്ന് റാസൽഖൈമ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (RAK DED) കമേഴ്സ്യൽ പ്രൊട്ടക്ഷൻ വിഭാഗം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ആകെ 937 ഉപഭോക്തൃ പരാതികളാണ് വകുപ്പ് പരിഗണിച്ചത്. ഇതിൽ 95 ശതമാനം പരാതികളും പൂർണമായും പരിഹരിച്ചതായും അധികൃതർ അറിയിച്ചു. ലഭിച്ച പരാതികളിൽ 28 എണ്ണം രജിസ്റ്റർ ചെയ്ത ട്രേഡ് മാർക്കുകൾ അനധികൃതമായി ഉപയോഗിച്ച് വ്യാജ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചതുമായി ബന്ധപ്പെട്ടവയായിരുന്നു.
പരാതികൾ ലഭിച്ചതിന് പിന്നാലെ തന്നെ പരിശോധനാ സംഘങ്ങൾ ദ്രുതഗതിയിലുള്ള നടപടികൾ സ്വീകരിച്ചു. കടകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെ 71 കേന്ദ്രങ്ങളിൽ നിന്നാണ് വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. വിൽപ്പനയ്ക്ക് തയ്യാറാക്കിയിരുന്ന ഇത്തരം ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് അപകടം സൃഷ്ടിക്കുന്നതും സാമൂഹിക സുരക്ഷയ്ക്ക് ഭീഷണിയാകുന്നതുമായിരുന്നുവെന്ന് RAK DED വൃത്തങ്ങൾ അറിയിച്ചു. ട്രേഡ് മാർക്ക് നിയമങ്ങളും ബന്ധപ്പെട്ട ചട്ടങ്ങളും കർശനമായി പാലിക്കുന്നത് സ്ഥാപനങ്ങളും ഉടമകളും അനിവാര്യമായി ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇതു ഉറപ്പാക്കുന്നതിനായാണ് എമിറേറ്റിലുടനീളം പരിശോധനാ ക്യാമ്പയിനുകൾ തുടരുന്നതെന്നും സുരക്ഷിതവും സുതാര്യവും നിയന്ത്രിതവുമായ വ്യാപാരാന്തരീക്ഷം നിലനിർത്തുന്നതിൽ സാമ്പത്തിക വികസന വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി. വ്യാജ ഉൽപ്പന്നങ്ങൾ, സ്ഥാപനങ്ങളിലെ സംശയകരമായ സാഹചര്യങ്ങൾ, നിയമലംഘനങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെടുന്ന ഉപഭോക്താക്കൾ താമസം വരുത്താതെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിൽ മെട്രോയിൽ കരുതിയിരുന്നോ! നിയമം തെറ്റിച്ചാൽ വൻ പിഴ; പരിശോധന കർശനമാക്കി ആർടിഎ
ദുബായ്: ദുബായ് മെട്രോയിലെ യാത്ര കൂടുതൽ സുരക്ഷിതവും അച്ചടക്കമുള്ളതുമാക്കാൻ നിയമലംഘകർക്കെതിരെ കടുത്ത നടപടികളുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് 100 ദിർഹം മുതൽ 2,000 ദിർഹം വരെ പിഴ ഈടാക്കാനാണ് തീരുമാനം. യാത്രാ മര്യാദകൾ പാലിക്കാത്തവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
മെട്രോ ക്യാബിനുകളിൽ ഭക്ഷണം കഴിക്കുകയോ പാനീയങ്ങൾ കുടിക്കുകയോ ചെയ്യുന്നത് പിഴ ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ, സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ക്യാബിനുകളിൽ പുരുഷന്മാർ പ്രവേശിക്കുകയോ ഗോൾഡ് ക്ലാസ് ടിക്കറ്റില്ലാതെ ആ ക്യാബിനിൽ ഇരിക്കുകയോ ചെയ്യുന്നതും ശിക്ഷാർഹമാണ്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, ട്രെയിനിലും സ്റ്റേഷനിലും പുകവലിക്കുക, പൊതുമുതൽ നശിപ്പിക്കുക എന്നിവ ഗുരുതരമായ നിയമലംഘനങ്ങളുടെ പരിധിയിൽ വരും.
അടിയന്തര സാഹചര്യങ്ങളിലല്ലാതെ എമർജൻസി സംവിധാനങ്ങളിൽ അനാവശ്യമായി ഇടപെടുന്നവർക്ക് 2,000 ദിർഹം വരെയാണ് പിഴ ഒടുക്കേണ്ടി വരിക. കുറ്റങ്ങൾ ആവർത്തിക്കുന്ന സാഹചര്യമുണ്ടായാൽ കർശനമായ മറ്റ് നിയമനടപടികളും നേരിടേണ്ടി വരും. യാത്രക്കാരെ ബുദ്ധിമുട്ടിക്കാനല്ല, മറിച്ച് ലോകോത്തര നിലവാരമുള്ള ദുബായ് മെട്രോയുടെ സൗകര്യങ്ങൾ സംരക്ഷിക്കാനും യാത്രക്കാർക്ക് മികച്ച അനുഭവം ഉറപ്പാക്കാനുമാണ് ഈ നടപടികളെന്ന് ആർടിഎ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
പ്രവാസികൾക്ക് ആശ്വാസം: കേരളത്തിലേക്കുള്ള വിമാന സർവീസുകൾ കൂട്ടാൻ ഇന്ത്യ-യുഎഇ ധാരണ
യുഎഇയിൽ നിന്നും കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള നിർണായക ചർച്ചകൾ പൂർത്തിയായി. ഹൈദരാബാദിൽ നടന്ന ‘വിങ്സ് ഓഫ് ഇന്ത്യ 2026’ സമ്മേളനത്തിനിടെ കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡുവും യുഎഇ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയുമാണ് പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്ന ഈ കൂടിക്കാഴ്ച നടത്തിയത്.
നിലവിലുള്ള വിമാന സീറ്റ് ക്വോട്ട കരാർ പൂർണ്ണമായും വിനിയോഗിക്കപ്പെട്ട സാഹചര്യത്തിൽ, യാത്രക്കാരുടെ വർധനവ് കണക്കിലെടുത്ത് കരാർ പുതുക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇത് നിലവിൽ വരുന്നതോടെ കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ എത്തും. 2014-ന് ശേഷം കരാർ പുതുക്കാത്തത് സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് തടസ്സമായിരുന്നു. പുതിയ കരാർ പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ സീറ്റുകൾ ലഭ്യമാകുകയും വിമാന കമ്പനികൾ തമ്മിലുള്ള മത്സരം കാരണം ടിക്കറ്റ് നിരക്ക് കുറയാൻ സാധ്യത തെളിയുകയും ചെയ്യും.
കൊച്ചി ആസ്ഥാനമായുള്ള അൽ ഹിന്ദ് എയർ ഉൾപ്പെടെയുള്ള പുതിയ വിമാന കമ്പനികൾ ഈ വർഷം പ്രവർത്തനം തുടങ്ങുന്നതും പ്രവാസികൾക്ക് വലിയ ഗുണകരമാകും. ഉഭയകക്ഷി വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യോമയാന മേഖലയിൽ വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply