ദുബായിലെ വൈദ്യുതി-ജല വിതരണ സ്ഥാപനമായ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) തങ്ങളുടെ സേവനങ്ങൾ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ചാറ്റ് ജിപിടി (ChatGPT) വഴിയും ലഭ്യമാക്കുന്നു. ഇതോടെ ചാറ്റ് ജിപിടിയുമായി നേരിട്ട് സംയോജിക്കുന്ന ലോകത്തിലെ ആദ്യത്തെ സർക്കാർ സ്ഥാപനവും ആദ്യത്തെ യൂട്ടിലിറ്റി സേവനദാതാവുമാണ് ദിവയായി മാറുന്നത്. പുതിയ സംവിധാനത്തിലൂടെ ഉപഭോക്താക്കൾക്ക് ബില്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനും അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിക്കാനും കഴിയും. കൂടാതെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള സമീപത്തെ ‘ഇവി ഗ്രീൻ ചാർജർ’ കേന്ദ്രങ്ങൾ കണ്ടെത്താനും അവിടേക്കുള്ള വഴികാട്ടൽ ലഭിക്കാനും സാധിക്കും. ദിവയുടെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളുടെ ലൊക്കേഷൻ, പ്രവർത്തന സമയം, ബന്ധപ്പെടാനുള്ള മാർഗങ്ങൾ തുടങ്ങിയ വിവരങ്ങളും ചാറ്റ് ജിപിടി വഴി ലഭ്യമാകും. അക്കൗണ്ടുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും സഹായങ്ങൾക്കും ഇതിലൂടെ മറുപടി തേടാനാകും.
ലോകത്തിലെ ആദ്യത്തെ ‘എഐ-നേറ്റീവ്’ യൂട്ടിലിറ്റി സ്ഥാപനമായി മാറുക എന്നതാണ് ദിവയുടെ ലക്ഷ്യമെന്ന് എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ വ്യക്തമാക്കി. പരമ്പരാഗത ഡിജിറ്റൽ സേവനരീതികളിൽ നിന്ന് മാറി, ആഗോള എഐ പ്ലാറ്റ്‌ഫോമുകളുമായി സംയോജിപ്പിക്കുന്നതിലൂടെ കൂടുതൽ ലളിതവും വേഗത്തിലുള്ളതുമായ ഉപഭോക്തൃ സേവനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷയും സ്വകാര്യതയും മുൻനിർത്തി കൂടുതൽ സേവനങ്ങൾ ഘട്ടംഘട്ടമായി ഉൾപ്പെടുത്തുമെന്നും ദിവ അറിയിച്ചു. അതേസമയം, യുഎഇയിൽ എഐ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം അതിവേഗം വർധിച്ചുവരികയാണ്. ഓപ്പൺഎഐ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തെ ചാറ്റ് ജിപിടി ഉപയോക്താക്കളുടെ എണ്ണം മൂന്നിരട്ടിയായി വർധിച്ചു. 18–24 വയസ്സിനിടയിലുള്ള യുവാക്കളിൽ 60 ശതമാനവും 25–34 വയസ്സിനിടയിലുള്ളവരിൽ പകുതിയോളം പേരും ആഴ്ചതോറും ചാറ്റ് ജിപിടി ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിൽ മെട്രോയിൽ കരുതിയിരുന്നോ! നിയമം തെറ്റിച്ചാൽ വൻ പിഴ; പരിശോധന കർശനമാക്കി ആർടിഎ
ദുബായ്: ദുബായ് മെട്രോയിലെ യാത്ര കൂടുതൽ സുരക്ഷിതവും അച്ചടക്കമുള്ളതുമാക്കാൻ നിയമലംഘകർക്കെതിരെ കടുത്ത നടപടികളുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് 100 ദിർഹം മുതൽ 2,000 ദിർഹം വരെ പിഴ ഈടാക്കാനാണ് തീരുമാനം. യാത്രാ മര്യാദകൾ പാലിക്കാത്തവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
മെട്രോ ക്യാബിനുകളിൽ ഭക്ഷണം കഴിക്കുകയോ പാനീയങ്ങൾ കുടിക്കുകയോ ചെയ്യുന്നത് പിഴ ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ, സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ക്യാബിനുകളിൽ പുരുഷന്മാർ പ്രവേശിക്കുകയോ ഗോൾഡ് ക്ലാസ് ടിക്കറ്റില്ലാതെ ആ ക്യാബിനിൽ ഇരിക്കുകയോ ചെയ്യുന്നതും ശിക്ഷാർഹമാണ്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, ട്രെയിനിലും സ്റ്റേഷനിലും പുകവലിക്കുക, പൊതുമുതൽ നശിപ്പിക്കുക എന്നിവ ഗുരുതരമായ നിയമലംഘനങ്ങളുടെ പരിധിയിൽ വരും.
അടിയന്തര സാഹചര്യങ്ങളിലല്ലാതെ എമർജൻസി സംവിധാനങ്ങളിൽ അനാവശ്യമായി ഇടപെടുന്നവർക്ക് 2,000 ദിർഹം വരെയാണ് പിഴ ഒടുക്കേണ്ടി വരിക. കുറ്റങ്ങൾ ആവർത്തിക്കുന്ന സാഹചര്യമുണ്ടായാൽ കർശനമായ മറ്റ് നിയമനടപടികളും നേരിടേണ്ടി വരും. യാത്രക്കാരെ ബുദ്ധിമുട്ടിക്കാനല്ല, മറിച്ച് ലോകോത്തര നിലവാരമുള്ള ദുബായ് മെട്രോയുടെ സൗകര്യങ്ങൾ സംരക്ഷിക്കാനും യാത്രക്കാർക്ക് മികച്ച അനുഭവം ഉറപ്പാക്കാനുമാണ് ഈ നടപടികളെന്ന് ആർടിഎ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
പ്രവാസികൾക്ക് ആശ്വാസം: കേരളത്തിലേക്കുള്ള വിമാന സർവീസുകൾ കൂട്ടാൻ ഇന്ത്യ-യുഎഇ ധാരണ
യുഎഇയിൽ നിന്നും കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള നിർണായക ചർച്ചകൾ പൂർത്തിയായി. ഹൈദരാബാദിൽ നടന്ന ‘വിങ്സ് ഓഫ് ഇന്ത്യ 2026’ സമ്മേളനത്തിനിടെ കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡുവും യുഎഇ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയുമാണ് പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്ന ഈ കൂടിക്കാഴ്ച നടത്തിയത്.
നിലവിലുള്ള വിമാന സീറ്റ് ക്വോട്ട കരാർ പൂർണ്ണമായും വിനിയോഗിക്കപ്പെട്ട സാഹചര്യത്തിൽ, യാത്രക്കാരുടെ വർധനവ് കണക്കിലെടുത്ത് കരാർ പുതുക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇത് നിലവിൽ വരുന്നതോടെ കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ എത്തും. 2014-ന് ശേഷം കരാർ പുതുക്കാത്തത് സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് തടസ്സമായിരുന്നു. പുതിയ കരാർ പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ സീറ്റുകൾ ലഭ്യമാകുകയും വിമാന കമ്പനികൾ തമ്മിലുള്ള മത്സരം കാരണം ടിക്കറ്റ് നിരക്ക് കുറയാൻ സാധ്യത തെളിയുകയും ചെയ്യും.
കൊച്ചി ആസ്ഥാനമായുള്ള അൽ ഹിന്ദ് എയർ ഉൾപ്പെടെയുള്ള പുതിയ വിമാന കമ്പനികൾ ഈ വർഷം പ്രവർത്തനം തുടങ്ങുന്നതും പ്രവാസികൾക്ക് വലിയ ഗുണകരമാകും. ഉഭയകക്ഷി വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യോമയാന മേഖലയിൽ വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply