‘ഹലോ റോബോ!’ വിളിച്ചാൽ എത്തും; യുഎഇയിൽ ചീറിപ്പാഞ്ഞ് 120 ഡ്രൈവറില്ലാ ടാക്സികൾ

ഭാവിയിലെ ഗതാഗത സംവിധാനം ഇതിനകം യാഥാർഥ്യമാക്കി അബുദാബി. സ്വയം നിയന്ത്രിത, ഡ്രൈവറില്ലാ ഓട്ടോണമസ് ടാക്സികളിൽ നഗരം ചുറ്റി സഞ്ചരിക്കുകയാണ് ഇപ്പോൾ അബുദാബി നിവാസികളും സന്ദർശകരും. സാങ്കേതികവിദ്യയുടെയും ആധുനികതയുടെയും മുൻനിരയിൽ കുതിക്കുന്ന അബുദാബി നഗരത്തിൽ നിലവിൽ 120 റോബോ ടാക്സികളാണ് സർവീസ് നടത്തുന്നത്.

2040ഓടെ അബുദാബിയിലെ മൊത്തം യാത്രകളിൽ 25 ശതമാനം സ്മാർട്ട് വാഹനങ്ങളിലേക്കു മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഈ വാഹനങ്ങളിൽ ഡ്രൈവറോ സാങ്കേതിക വിദഗ്ധരോ ഉണ്ടായിരിക്കില്ല എന്നതാണ് പ്രത്യേകത.

യാത്ര എങ്ങനെ?

യാത്രക്കാർ ബുക്ക് ചെയ്ത സ്ഥലത്തെത്തുന്ന ടാക്സിയിൽ കയറുന്നതോടെ വാഹനം സ്വയം ലക്ഷ്യസ്ഥാനത്തേക്കു സഞ്ചരിക്കും. നൂതന ക്യാമറകളും സെൻസറുകളും ഉപയോഗിച്ച് റോഡിലെ മറ്റ് വാഹനങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് വേഗം നിയന്ത്രിക്കുകയും അപകടങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകുകയും ചെയ്യും. റോഡിൽ തടസ്സങ്ങൾ ഉണ്ടായാൽ സ്വയം തീരുമാനമെടുത്ത് വഴി മാറ്റി സഞ്ചരിക്കാനും ഈ വാഹനങ്ങൾക്ക് കഴിയും.

വാഹനം എത്തിയാൽ, പിൻസീറ്റിനടുത്തുള്ള ജനലിലെ ടച്ച് സ്‌ക്രീനിൽ യാത്രക്കാരന്റെ പേര് തെളിയും. ഫോൺ നമ്പറിലെ അവസാന നാല് അക്കങ്ങൾ ടൈപ്പ് ചെയ്യുകയോ ക്യുആർ കോഡ് സ്കാൻ ചെയ്യുകയോ ചെയ്താൽ ഡോർ തുറക്കും.

യാത്ര ആരംഭിക്കാൻ

ടാക്സിയിൽ കയറിയ ഉടൻ സീറ്റ് ബെൽറ്റ് ധരിക്കണം. തുടർന്ന് സ്‌ക്രീനിലെ ‘സ്റ്റാർട്ട് ട്രിപ്പ്’ ഓപ്ഷനിൽ ടച്ച് ചെയ്താൽ മതി. ഡ്രൈവറില്ലാത്തതിനാൽ സ്റ്റിയറിങ് താനേ കറങ്ങുന്നത് കണ്ടു ഭയപ്പെടേണ്ടതില്ല. റോഡിലെ സാഹചര്യങ്ങൾ അനുസരിച്ച് വാഹനം സ്വയം നിയന്ത്രിച്ച് മുന്നോട്ട് പോകും.

ലക്ഷ്യസ്ഥാനത്ത്

ലക്ഷ്യസ്ഥാനത്ത് എത്തിയാൽ വാഹനം സുരക്ഷിതമായി നിർത്തും. സ്‌ക്രീനിലൂടെയോ ശബ്ദ സന്ദേശത്തിലൂടെയോ യാത്ര പൂർത്തിയായ വിവരം അറിയിക്കും. തുടർന്ന് ഡോർ തുറന്നോ ‘എക്സിറ്റ്’ ബട്ടൺ അമർത്തിയോ ഇറങ്ങാം. യാത്രാ ദൂരം കണക്കാക്കി ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ആപ്പിൾ പേ, ഗൂഗിൾ പേ എന്നിവ വഴി തുക സ്വമേധയാ ഈടാക്കും.

രാവിലെ 10 മുതൽ വൈകിട്ട് 4 വരെ

മധ്യപൂർവദേശ-വടക്കൻ ആഫ്രിക്ക മേഖലയിൽ വാണിജ്യാടിസ്ഥാനത്തിൽ റോബോ ടാക്സി സേവനം ആരംഭിച്ച ആദ്യ നഗരമാണ് അബുദാബി. വി-റൈഡ്, ഊബർ കമ്പനികളാണ് സേവനം നടത്തുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് സർവീസ്. 2024 ഡിസംബറിലാണ് പരീക്ഷണയോട്ടം ആരംഭിച്ചത്. 2025 ജൂലൈയിൽ അൽ റീം ഐലൻഡ്, അൽ മരിയ ഐലൻഡ് എന്നിവിടങ്ങളിലേക്കും സേവനം വ്യാപിപ്പിച്ചു.

സേവനം ലഭിക്കുന്ന മേഖലകൾ

യാസ് ഐലൻഡ്, സാദിയാത്ത് ഐലൻഡ്, അൽ റീം ഐലൻഡ്, അൽ മരിയ ഐലൻഡ്, ഖലീഫ സിറ്റി, മസ്ദാർ സിറ്റി, റബ്ദാൻ തുടങ്ങിയ അബുദാബി നഗരത്തിന്റെ ഏകദേശം പകുതിയോളം പ്രദേശങ്ങളിൽ റോബോ ടാക്സി ലഭ്യമാണ്. Uber, TXAI ആപ്പുകൾ വഴി ബുക്ക് ചെയ്യാം.

സുരക്ഷ ഉറപ്പ്

അത്യാധുനിക സെൻസറുകളും ക്യാമറകളും ഉൾപ്പെടുത്തിയ റോബോ ടാക്സികൾ യാത്രക്കാർക്ക് ഉയർന്ന സുരക്ഷ ഉറപ്പുനൽകുന്നുവെന്ന് അധികൃതർ അറിയിച്ചു. ആദ്യ യാത്രയാണെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നും സുരക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി.

യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഡ്രൈവിംഗ് സീറ്റ് ഒഴിഞ്ഞുകിടക്കുന്നതിനാൽ അവിടെ ഇരിക്കാനോ സ്റ്റിയറിങ്ങിൽ തൊടാനോ പാടില്ല. ബുക്ക് ചെയ്തതിലധികം യാത്രക്കാർ കയറരുത്. വാഹനത്തോട് സംസാരിക്കേണ്ടതില്ല. യാത്രയ്ക്കിടയിൽ ലക്ഷ്യസ്ഥാനം മാറ്റണമെങ്കിൽ ആപ്പിലൂടെ അപ്ഡേറ്റ് ചെയ്യാം. പണമിടപാട് ആപ് വഴിയേ സാധ്യമാകൂ. ബുക്ക് ചെയ്ത ശേഷം യാത്ര റദ്ദാക്കിയാൽ ചെറിയ കാൻസലേഷൻ ഫീസ് ഈടാക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിൽ മെട്രോയിൽ കരുതിയിരുന്നോ! നിയമം തെറ്റിച്ചാൽ വൻ പിഴ; പരിശോധന കർശനമാക്കി ആർടിഎ

ദുബായ്: ദുബായ് മെട്രോയിലെ യാത്ര കൂടുതൽ സുരക്ഷിതവും അച്ചടക്കമുള്ളതുമാക്കാൻ നിയമലംഘകർക്കെതിരെ കടുത്ത നടപടികളുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് 100 ദിർഹം മുതൽ 2,000 ദിർഹം വരെ പിഴ ഈടാക്കാനാണ് തീരുമാനം. യാത്രാ മര്യാദകൾ പാലിക്കാത്തവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.

മെട്രോ ക്യാബിനുകളിൽ ഭക്ഷണം കഴിക്കുകയോ പാനീയങ്ങൾ കുടിക്കുകയോ ചെയ്യുന്നത് പിഴ ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ, സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ക്യാബിനുകളിൽ പുരുഷന്മാർ പ്രവേശിക്കുകയോ ഗോൾഡ് ക്ലാസ് ടിക്കറ്റില്ലാതെ ആ ക്യാബിനിൽ ഇരിക്കുകയോ ചെയ്യുന്നതും ശിക്ഷാർഹമാണ്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, ട്രെയിനിലും സ്റ്റേഷനിലും പുകവലിക്കുക, പൊതുമുതൽ നശിപ്പിക്കുക എന്നിവ ഗുരുതരമായ നിയമലംഘനങ്ങളുടെ പരിധിയിൽ വരും.

അടിയന്തര സാഹചര്യങ്ങളിലല്ലാതെ എമർജൻസി സംവിധാനങ്ങളിൽ അനാവശ്യമായി ഇടപെടുന്നവർക്ക് 2,000 ദിർഹം വരെയാണ് പിഴ ഒടുക്കേണ്ടി വരിക. കുറ്റങ്ങൾ ആവർത്തിക്കുന്ന സാഹചര്യമുണ്ടായാൽ കർശനമായ മറ്റ് നിയമനടപടികളും നേരിടേണ്ടി വരും. യാത്രക്കാരെ ബുദ്ധിമുട്ടിക്കാനല്ല, മറിച്ച് ലോകോത്തര നിലവാരമുള്ള ദുബായ് മെട്രോയുടെ സൗകര്യങ്ങൾ സംരക്ഷിക്കാനും യാത്രക്കാർക്ക് മികച്ച അനുഭവം ഉറപ്പാക്കാനുമാണ് ഈ നടപടികളെന്ന് ആർടിഎ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

പ്രവാസികൾക്ക് ആശ്വാസം: കേരളത്തിലേക്കുള്ള വിമാന സർവീസുകൾ കൂട്ടാൻ ഇന്ത്യ-യുഎഇ ധാരണ

യുഎഇയിൽ നിന്നും കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള നിർണായക ചർച്ചകൾ പൂർത്തിയായി. ഹൈദരാബാദിൽ നടന്ന ‘വിങ്സ് ഓഫ് ഇന്ത്യ 2026’ സമ്മേളനത്തിനിടെ കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡുവും യുഎഇ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയുമാണ് പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്ന ഈ കൂടിക്കാഴ്ച നടത്തിയത്.

നിലവിലുള്ള വിമാന സീറ്റ് ക്വോട്ട കരാർ പൂർണ്ണമായും വിനിയോഗിക്കപ്പെട്ട സാഹചര്യത്തിൽ, യാത്രക്കാരുടെ വർധനവ് കണക്കിലെടുത്ത് കരാർ പുതുക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇത് നിലവിൽ വരുന്നതോടെ കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ എത്തും. 2014-ന് ശേഷം കരാർ പുതുക്കാത്തത് സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് തടസ്സമായിരുന്നു. പുതിയ കരാർ പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ സീറ്റുകൾ ലഭ്യമാകുകയും വിമാന കമ്പനികൾ തമ്മിലുള്ള മത്സരം കാരണം ടിക്കറ്റ് നിരക്ക് കുറയാൻ സാധ്യത തെളിയുകയും ചെയ്യും.

കൊച്ചി ആസ്ഥാനമായുള്ള അൽ ഹിന്ദ് എയർ ഉൾപ്പെടെയുള്ള പുതിയ വിമാന കമ്പനികൾ ഈ വർഷം പ്രവർത്തനം തുടങ്ങുന്നതും പ്രവാസികൾക്ക് വലിയ ഗുണകരമാകും. ഉഭയകക്ഷി വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യോമയാന മേഖലയിൽ വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *