ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസികൾ റമദാൻ വ്രതാരംഭം നിർണയിക്കുന്ന മാസപ്പിറവി ദർശനത്തിനായി കാത്തിരിക്കെ, ഫെബ്രുവരി 17-ന് ആകാശത്ത് മറ്റൊരു അപൂർവ്വ പ്രതിഭാസമായ സൂര്യഗ്രഹണവും സംഭവിക്കുമെന്ന് സ്ഥിരീകരിച്ചു. എന്നാൽ ഈ സൂര്യഗ്രഹണം മാസപ്പിറവി ദർശനത്തെ ബാധിക്കില്ലെന്ന് ജ്യോതിശാസ്ത്ര വിദഗ്ധർ വ്യക്തമാക്കി. ഫെബ്രുവരി 17-ന് ചന്ദ്രൻ സൂര്യന് മുന്നിലൂടെ കടന്നുപോകുന്നെങ്കിലും സൂര്യനെ പൂർണമായി മറയ്ക്കില്ല. ഇതിന്റെ ഫലമായി സൂര്യനെ ചുറ്റി ഒരു പ്രകാശവലയം ദൃശ്യമാകുന്ന ‘റിംഗ് ഓഫ് ഫയർ’ എന്ന അപൂർവ്വ സൂര്യഗ്രഹണ പ്രതിഭാസമാണ് ഉണ്ടാകുക. എന്നാൽ ഈ ഗ്രഹണം യുഎഇയിൽ ദൃശ്യമാകില്ല. യുഎഇ സമയം വൈകുന്നേരം നാലുമണിയോടെയാണ് ഗ്രഹണം നടക്കുന്നത്. മാസപ്പിറവി പരിശോധന നടത്തുന്നത് സൂര്യാസ്തമയത്തിന് ശേഷമായതിനാൽ സൂര്യഗ്രഹണം ചന്ദ്രദർശനത്തെ ബാധിക്കില്ലെന്ന് ദുബായ് അസ്ട്രോണമി ഗ്രൂപ്പിലെ ഖദീജ അൽ ഹരീരി വ്യക്തമാക്കി. മാസപ്പിറവി ദർശിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് റമദാൻ ആരംഭിക്കുന്ന തീയതി നിശ്ചയിക്കുന്നത്. ഫെബ്രുവരി 17-ന് മാസപ്പിറവി കണ്ടാൽ റമദാൻ ഫെബ്രുവരി 18-ന് ആരംഭിക്കും. മാസപ്പിറവി ദൃശ്യമാകുന്നില്ലെങ്കിൽ ശഅബാൻ മാസം 30 ദിവസം പൂർത്തിയാക്കി റമദാൻ ഫെബ്രുവരി 19-ന് തുടങ്ങും.
മാസപ്പിറവി വ്യക്തമായി കാണപ്പെടാൻ ചന്ദ്രൻ സൂര്യാസ്തമയത്തിന് ശേഷം 12 മുതൽ 20 മിനിറ്റ് വരെ ചക്രവാളത്തിൽ നിലനിൽക്കേണ്ടതുണ്ടെന്നും വിദഗ്ധർ വ്യക്തമാക്കി. എന്നാൽ ഫെബ്രുവരി 17-ന് യുഎഇ ഉൾപ്പെടെയുള്ള പല പ്രദേശങ്ങളിലും ചന്ദ്രൻ സൂര്യനോടൊപ്പം തന്നെ അസ്തമിക്കാനാണ് സാധ്യതയെന്ന് അബുദാബി ഇന്റർനാഷണൽ അസ്ട്രോണമി സെന്റർ (IAC) ഡയറക്ടർ മുഹമ്മദ് ഷൗക്കത്ത് ഒഡെ അറിയിച്ചു.
ഈ സാഹചര്യത്തിൽ, യുഎഇ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ റമദാൻ ഫെബ്രുവരി 19-ന് ആരംഭിക്കാനാണ് കൂടുതൽ സാധ്യതയെന്ന് വിലയിരുത്തുന്നു. എന്നിരുന്നാലും, ബന്ധപ്പെട്ട ചന്ദ്രദർശന സമിതികളുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമേ റമദാൻ ആരംഭിക്കുന്ന തീയതി സ്ഥിരീകരിക്കുകയുള്ളൂ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിൽ മെട്രോയിൽ കരുതിയിരുന്നോ! നിയമം തെറ്റിച്ചാൽ വൻ പിഴ; പരിശോധന കർശനമാക്കി ആർടിഎ
ദുബായ്: ദുബായ് മെട്രോയിലെ യാത്ര കൂടുതൽ സുരക്ഷിതവും അച്ചടക്കമുള്ളതുമാക്കാൻ നിയമലംഘകർക്കെതിരെ കടുത്ത നടപടികളുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് 100 ദിർഹം മുതൽ 2,000 ദിർഹം വരെ പിഴ ഈടാക്കാനാണ് തീരുമാനം. യാത്രാ മര്യാദകൾ പാലിക്കാത്തവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
മെട്രോ ക്യാബിനുകളിൽ ഭക്ഷണം കഴിക്കുകയോ പാനീയങ്ങൾ കുടിക്കുകയോ ചെയ്യുന്നത് പിഴ ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ, സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ക്യാബിനുകളിൽ പുരുഷന്മാർ പ്രവേശിക്കുകയോ ഗോൾഡ് ക്ലാസ് ടിക്കറ്റില്ലാതെ ആ ക്യാബിനിൽ ഇരിക്കുകയോ ചെയ്യുന്നതും ശിക്ഷാർഹമാണ്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, ട്രെയിനിലും സ്റ്റേഷനിലും പുകവലിക്കുക, പൊതുമുതൽ നശിപ്പിക്കുക എന്നിവ ഗുരുതരമായ നിയമലംഘനങ്ങളുടെ പരിധിയിൽ വരും.
അടിയന്തര സാഹചര്യങ്ങളിലല്ലാതെ എമർജൻസി സംവിധാനങ്ങളിൽ അനാവശ്യമായി ഇടപെടുന്നവർക്ക് 2,000 ദിർഹം വരെയാണ് പിഴ ഒടുക്കേണ്ടി വരിക. കുറ്റങ്ങൾ ആവർത്തിക്കുന്ന സാഹചര്യമുണ്ടായാൽ കർശനമായ മറ്റ് നിയമനടപടികളും നേരിടേണ്ടി വരും. യാത്രക്കാരെ ബുദ്ധിമുട്ടിക്കാനല്ല, മറിച്ച് ലോകോത്തര നിലവാരമുള്ള ദുബായ് മെട്രോയുടെ സൗകര്യങ്ങൾ സംരക്ഷിക്കാനും യാത്രക്കാർക്ക് മികച്ച അനുഭവം ഉറപ്പാക്കാനുമാണ് ഈ നടപടികളെന്ന് ആർടിഎ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
പ്രവാസികൾക്ക് ആശ്വാസം: കേരളത്തിലേക്കുള്ള വിമാന സർവീസുകൾ കൂട്ടാൻ ഇന്ത്യ-യുഎഇ ധാരണ
യുഎഇയിൽ നിന്നും കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള നിർണായക ചർച്ചകൾ പൂർത്തിയായി. ഹൈദരാബാദിൽ നടന്ന ‘വിങ്സ് ഓഫ് ഇന്ത്യ 2026’ സമ്മേളനത്തിനിടെ കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡുവും യുഎഇ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയുമാണ് പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്ന ഈ കൂടിക്കാഴ്ച നടത്തിയത്.
നിലവിലുള്ള വിമാന സീറ്റ് ക്വോട്ട കരാർ പൂർണ്ണമായും വിനിയോഗിക്കപ്പെട്ട സാഹചര്യത്തിൽ, യാത്രക്കാരുടെ വർധനവ് കണക്കിലെടുത്ത് കരാർ പുതുക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇത് നിലവിൽ വരുന്നതോടെ കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ എത്തും. 2014-ന് ശേഷം കരാർ പുതുക്കാത്തത് സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് തടസ്സമായിരുന്നു. പുതിയ കരാർ പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ സീറ്റുകൾ ലഭ്യമാകുകയും വിമാന കമ്പനികൾ തമ്മിലുള്ള മത്സരം കാരണം ടിക്കറ്റ് നിരക്ക് കുറയാൻ സാധ്യത തെളിയുകയും ചെയ്യും.
കൊച്ചി ആസ്ഥാനമായുള്ള അൽ ഹിന്ദ് എയർ ഉൾപ്പെടെയുള്ള പുതിയ വിമാന കമ്പനികൾ ഈ വർഷം പ്രവർത്തനം തുടങ്ങുന്നതും പ്രവാസികൾക്ക് വലിയ ഗുണകരമാകും. ഉഭയകക്ഷി വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യോമയാന മേഖലയിൽ വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply