മാതാപിതാക്കൾക്ക് ജാഗ്രത! ബേബി ഫുഡിൽ വിഷാംശം കണ്ടെത്തി; ഈ പ്രശസ്ത ബ്രാൻഡിന്റെ കൂടുതൽ ഉൽപ്പന്നങ്ങൾ പിൻവലിച്ചു

ഭക്ഷണത്തിൽ കാണപ്പെടുന്ന ‘സെറൂലൈഡ്’ എന്ന വിഷാംശത്തിന്റെ അനുവദനീയമായ അളവിൽ ഫ്രാൻസ് പുതുക്കിയ മാനദണ്ഡങ്ങൾ കൊണ്ടുവന്നതോടെ, നെസ്‌ലെ തങ്ങളുടെ ‘ഗീഗോസ്’ (Guigoz) ഇൻഫന്റ് ഫോർമുലയുടെ കൂടുതൽ ബാച്ചുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. സ്വിസ് ആസ്ഥാനമായ നെസ്‌ലെക്കൊപ്പം ഡാനോൺ, ലാക്റ്റാലിസ് തുടങ്ങിയ പ്രമുഖ ഭക്ഷ്യകമ്പനികളെയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. സെറൂലൈഡ് എന്ന ടോക്സിൻ ഓക്കാനം, ഛർദ്ദി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ചൈനയിലെ ഒരു ഫാക്ടറിയിൽ നിന്നുള്ള ചില ചേരുവകളിലാണ് ഈ വിഷാംശം കണ്ടെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. നേരത്തെ പിൻവലിച്ച ബാച്ചുകൾക്ക് പുറമേ, ഗീഗോസ് ബ്രാൻഡിന്റെ കൂടുതൽ ബാച്ചുകൾ നെസ്‌ലെ സ്വമേധയാ പിൻവലിച്ചതായും കമ്പനി അറിയിച്ചു.

യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ (EFSA) നിർദേശത്തെ തുടർന്ന് ഫ്രാൻസ് സെറൂലൈഡിന്റെ അനുവദനീയമായ അളവ് കുറച്ചതാണ് ഈ നടപടിക്ക് കാരണമായത്. ഫ്രാൻസിൽ രണ്ട് ശിശുക്കളുടെ മരണത്തിന് ഈ ഉൽപ്പന്നവുമായി ബന്ധമുണ്ടോയെന്ന് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ അത്തരമൊരു നേരിട്ടുള്ള ബന്ധത്തിന് തെളിവുകളില്ലെന്ന് നെസ്‌ലെയും ഫ്രഞ്ച് ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്പിലെയും മറ്റ് നിരവധി രാജ്യങ്ങളിലെയും വിപണികളിൽ നിന്ന് ഈ ഉൽപ്പന്നങ്ങൾ ഇതിനകം പിൻവലിച്ചിട്ടുണ്ട്. നിലവിൽ ഗീഗോസ് ഇൻഫന്റ് ഫോർമുല ഉപയോഗിക്കുന്ന ഉപഭോക്താക്കൾ ബാച്ച് നമ്പറുകൾ പരിശോധിച്ച് ഉൽപ്പന്നം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിൽ മെട്രോയിൽ കരുതിയിരുന്നോ! നിയമം തെറ്റിച്ചാൽ വൻ പിഴ; പരിശോധന കർശനമാക്കി ആർടിഎ

ദുബായ്: ദുബായ് മെട്രോയിലെ യാത്ര കൂടുതൽ സുരക്ഷിതവും അച്ചടക്കമുള്ളതുമാക്കാൻ നിയമലംഘകർക്കെതിരെ കടുത്ത നടപടികളുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് 100 ദിർഹം മുതൽ 2,000 ദിർഹം വരെ പിഴ ഈടാക്കാനാണ് തീരുമാനം. യാത്രാ മര്യാദകൾ പാലിക്കാത്തവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.

മെട്രോ ക്യാബിനുകളിൽ ഭക്ഷണം കഴിക്കുകയോ പാനീയങ്ങൾ കുടിക്കുകയോ ചെയ്യുന്നത് പിഴ ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ, സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ക്യാബിനുകളിൽ പുരുഷന്മാർ പ്രവേശിക്കുകയോ ഗോൾഡ് ക്ലാസ് ടിക്കറ്റില്ലാതെ ആ ക്യാബിനിൽ ഇരിക്കുകയോ ചെയ്യുന്നതും ശിക്ഷാർഹമാണ്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, ട്രെയിനിലും സ്റ്റേഷനിലും പുകവലിക്കുക, പൊതുമുതൽ നശിപ്പിക്കുക എന്നിവ ഗുരുതരമായ നിയമലംഘനങ്ങളുടെ പരിധിയിൽ വരും.

അടിയന്തര സാഹചര്യങ്ങളിലല്ലാതെ എമർജൻസി സംവിധാനങ്ങളിൽ അനാവശ്യമായി ഇടപെടുന്നവർക്ക് 2,000 ദിർഹം വരെയാണ് പിഴ ഒടുക്കേണ്ടി വരിക. കുറ്റങ്ങൾ ആവർത്തിക്കുന്ന സാഹചര്യമുണ്ടായാൽ കർശനമായ മറ്റ് നിയമനടപടികളും നേരിടേണ്ടി വരും. യാത്രക്കാരെ ബുദ്ധിമുട്ടിക്കാനല്ല, മറിച്ച് ലോകോത്തര നിലവാരമുള്ള ദുബായ് മെട്രോയുടെ സൗകര്യങ്ങൾ സംരക്ഷിക്കാനും യാത്രക്കാർക്ക് മികച്ച അനുഭവം ഉറപ്പാക്കാനുമാണ് ഈ നടപടികളെന്ന് ആർടിഎ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

പ്രവാസികൾക്ക് ആശ്വാസം: കേരളത്തിലേക്കുള്ള വിമാന സർവീസുകൾ കൂട്ടാൻ ഇന്ത്യ-യുഎഇ ധാരണ

യുഎഇയിൽ നിന്നും കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള നിർണായക ചർച്ചകൾ പൂർത്തിയായി. ഹൈദരാബാദിൽ നടന്ന ‘വിങ്സ് ഓഫ് ഇന്ത്യ 2026’ സമ്മേളനത്തിനിടെ കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡുവും യുഎഇ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയുമാണ് പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്ന ഈ കൂടിക്കാഴ്ച നടത്തിയത്.

നിലവിലുള്ള വിമാന സീറ്റ് ക്വോട്ട കരാർ പൂർണ്ണമായും വിനിയോഗിക്കപ്പെട്ട സാഹചര്യത്തിൽ, യാത്രക്കാരുടെ വർധനവ് കണക്കിലെടുത്ത് കരാർ പുതുക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇത് നിലവിൽ വരുന്നതോടെ കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ എത്തും. 2014-ന് ശേഷം കരാർ പുതുക്കാത്തത് സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് തടസ്സമായിരുന്നു. പുതിയ കരാർ പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ സീറ്റുകൾ ലഭ്യമാകുകയും വിമാന കമ്പനികൾ തമ്മിലുള്ള മത്സരം കാരണം ടിക്കറ്റ് നിരക്ക് കുറയാൻ സാധ്യത തെളിയുകയും ചെയ്യും.

കൊച്ചി ആസ്ഥാനമായുള്ള അൽ ഹിന്ദ് എയർ ഉൾപ്പെടെയുള്ള പുതിയ വിമാന കമ്പനികൾ ഈ വർഷം പ്രവർത്തനം തുടങ്ങുന്നതും പ്രവാസികൾക്ക് വലിയ ഗുണകരമാകും. ഉഭയകക്ഷി വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യോമയാന മേഖലയിൽ വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *