കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2026-ലെ റമദാൻ മാസത്തിൽ നോമ്പ് സമയം ഗണ്യമായി കുറയുമെന്ന് ജ്യോതിശാസ്ത്ര കണക്കുകൾ സൂചിപ്പിക്കുന്നു. ചന്ദ്രമാസ കലണ്ടർ അടിസ്ഥാനമാക്കിയുള്ളതിനാൽ റമദാൻ ഓരോ വർഷവും 10 മുതൽ 12 ദിവസം വരെ നേരത്തെയാണ് ആരംഭിക്കുന്നത്. ഇതോടെ നോമ്പ് അനുഷ്ഠാനത്തിന്റെ ദൈർഘ്യത്തിലും മാറ്റങ്ങൾ സംഭവിക്കും. ജ്യോതിശാസ്ത്ര വിലയിരുത്തലുകൾ പ്രകാരം ഫെബ്രുവരി 19-ന് റമദാൻ ആരംഭിക്കാനാണ് സാധ്യത. എന്നാൽ ഫെബ്രുവരി 18-ന് മാസപ്പിറവി ദർശിക്കപ്പെട്ടാൽ ഒരു ദിവസം മുൻപേ റമദാൻ തുടങ്ങാനും സാധ്യതയുണ്ട്. റമദാൻ ആരംഭ തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം യുഎഇ മാസപ്പിറവി നിരീക്ഷണ സമിതിയാണ് നടത്തുക. പുലർച്ചെയുള്ള ഫജർ ബാങ്ക് മുതൽ അസ്തമയത്തിലെ മഗ്‌രിബ് ബാങ്ക് വരെയാണ് നോമ്പ് സമയം. 2026-ലെ ആദ്യ ദിനങ്ങളിൽ നോമ്പ് സമയം ഏകദേശം 12 മണിക്കൂർ 46 മിനിറ്റായിരിക്കും. ഇത് കഴിഞ്ഞ വർഷത്തെ ആദ്യ ദിനത്തിലെ 13 മണിക്കൂർ 16 മിനിറ്റിനെ അപേക്ഷിച്ച് ഏകദേശം 30 മിനിറ്റ് കുറവാണ്.
ആദ്യ ആഴ്ചയിൽ നോമ്പ് സമയം 13 മണിക്കൂറിൽ താഴെയായിരിക്കും. ഒന്നാം ദിനം ഫജർ സമയം രാവിലെ 5.33-നും മഗ്‌രിബ് വൈകിട്ട് 6.19-നും ആയിരിക്കും. രണ്ടാം ആഴ്ചയിൽ നോമ്പ് സമയം 13 മണിക്കൂർ കടക്കും. 12-ാം ദിനം ഫജർ 5.24-നും മഗ്‌രിബ് 6.25-നും ആയിരിക്കും. മാസത്തിന്റെ പകുതി പിന്നിടുന്ന മൂന്നാം ആഴ്ചയിൽ, 15-ാം ദിനത്തിൽ നോമ്പ് സമയം ഏകദേശം 13 മണിക്കൂർ 5 മിനിറ്റായി വർധിക്കും. അവസാന ആഴ്ചയിലാണ് ഏറ്റവും ദൈർഘ്യമേറിയ നോമ്പ് വരുന്നത്. മാസാവസാനത്ത് നോമ്പ് സമയം ഏകദേശം 13 മണിക്കൂർ 27 മിനിറ്റായിരിക്കും. എങ്കിലും ഇത് കഴിഞ്ഞ വർഷത്തെ ഏകദേശം 14 മണിക്കൂർ ദൈർഘ്യത്തേക്കാൾ കുറവാണ്. അവസാന ദിനം ഫജർ 5.06-നും മഗ്‌രിബ് 6.33-നും ആയിരിക്കും. ഇഫ്താറിന് ഈത്തപ്പഴവും വെള്ളവും ഉപയോഗിച്ച് നോമ്പ് തുറക്കുന്നതാണ് പരമ്പരാഗത രീതി. ഫജർ ബാങ്കിന് ഏകദേശം 10 മിനിറ്റ് മുൻപ് ഭക്ഷണം അവസാനിപ്പിക്കുന്ന ‘ഇംസാക്’ രീതിയും നിരവധി പേർ പിന്തുടരുന്നുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിൽ മെട്രോയിൽ കരുതിയിരുന്നോ! നിയമം തെറ്റിച്ചാൽ വൻ പിഴ; പരിശോധന കർശനമാക്കി ആർടിഎ
ദുബായ്: ദുബായ് മെട്രോയിലെ യാത്ര കൂടുതൽ സുരക്ഷിതവും അച്ചടക്കമുള്ളതുമാക്കാൻ നിയമലംഘകർക്കെതിരെ കടുത്ത നടപടികളുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് 100 ദിർഹം മുതൽ 2,000 ദിർഹം വരെ പിഴ ഈടാക്കാനാണ് തീരുമാനം. യാത്രാ മര്യാദകൾ പാലിക്കാത്തവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
മെട്രോ ക്യാബിനുകളിൽ ഭക്ഷണം കഴിക്കുകയോ പാനീയങ്ങൾ കുടിക്കുകയോ ചെയ്യുന്നത് പിഴ ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ, സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ക്യാബിനുകളിൽ പുരുഷന്മാർ പ്രവേശിക്കുകയോ ഗോൾഡ് ക്ലാസ് ടിക്കറ്റില്ലാതെ ആ ക്യാബിനിൽ ഇരിക്കുകയോ ചെയ്യുന്നതും ശിക്ഷാർഹമാണ്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, ട്രെയിനിലും സ്റ്റേഷനിലും പുകവലിക്കുക, പൊതുമുതൽ നശിപ്പിക്കുക എന്നിവ ഗുരുതരമായ നിയമലംഘനങ്ങളുടെ പരിധിയിൽ വരും.
അടിയന്തര സാഹചര്യങ്ങളിലല്ലാതെ എമർജൻസി സംവിധാനങ്ങളിൽ അനാവശ്യമായി ഇടപെടുന്നവർക്ക് 2,000 ദിർഹം വരെയാണ് പിഴ ഒടുക്കേണ്ടി വരിക. കുറ്റങ്ങൾ ആവർത്തിക്കുന്ന സാഹചര്യമുണ്ടായാൽ കർശനമായ മറ്റ് നിയമനടപടികളും നേരിടേണ്ടി വരും. യാത്രക്കാരെ ബുദ്ധിമുട്ടിക്കാനല്ല, മറിച്ച് ലോകോത്തര നിലവാരമുള്ള ദുബായ് മെട്രോയുടെ സൗകര്യങ്ങൾ സംരക്ഷിക്കാനും യാത്രക്കാർക്ക് മികച്ച അനുഭവം ഉറപ്പാക്കാനുമാണ് ഈ നടപടികളെന്ന് ആർടിഎ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
പ്രവാസികൾക്ക് ആശ്വാസം: കേരളത്തിലേക്കുള്ള വിമാന സർവീസുകൾ കൂട്ടാൻ ഇന്ത്യ-യുഎഇ ധാരണ
യുഎഇയിൽ നിന്നും കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള നിർണായക ചർച്ചകൾ പൂർത്തിയായി. ഹൈദരാബാദിൽ നടന്ന ‘വിങ്സ് ഓഫ് ഇന്ത്യ 2026’ സമ്മേളനത്തിനിടെ കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡുവും യുഎഇ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയുമാണ് പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്ന ഈ കൂടിക്കാഴ്ച നടത്തിയത്.
നിലവിലുള്ള വിമാന സീറ്റ് ക്വോട്ട കരാർ പൂർണ്ണമായും വിനിയോഗിക്കപ്പെട്ട സാഹചര്യത്തിൽ, യാത്രക്കാരുടെ വർധനവ് കണക്കിലെടുത്ത് കരാർ പുതുക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇത് നിലവിൽ വരുന്നതോടെ കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ എത്തും. 2014-ന് ശേഷം കരാർ പുതുക്കാത്തത് സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് തടസ്സമായിരുന്നു. പുതിയ കരാർ പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ സീറ്റുകൾ ലഭ്യമാകുകയും വിമാന കമ്പനികൾ തമ്മിലുള്ള മത്സരം കാരണം ടിക്കറ്റ് നിരക്ക് കുറയാൻ സാധ്യത തെളിയുകയും ചെയ്യും.
കൊച്ചി ആസ്ഥാനമായുള്ള അൽ ഹിന്ദ് എയർ ഉൾപ്പെടെയുള്ള പുതിയ വിമാന കമ്പനികൾ ഈ വർഷം പ്രവർത്തനം തുടങ്ങുന്നതും പ്രവാസികൾക്ക് വലിയ ഗുണകരമാകും. ഉഭയകക്ഷി വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യോമയാന മേഖലയിൽ വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply